ഗോഹട്ടി: അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ തുടർച്ചയായ രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗുവാഹത്തിയിലെ ഖാനാപാരയിലുള്ള വെറ്ററിനറി കോളേജ് ഗ്രൗണ്ടിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യ സത്യവാചകം ചൊല്ലിക്കൊടുത്തു. അസമിൽ തുടർച്ചയായി രണ്ട് തവണ മുഖ്യമന്ത്രിയാകുന്ന ആദ്യത്തെ കോൺഗ്രസിതര നേതാവ് എന്ന ചരിത്ര നേട്ടവും ഇതോടെ ഹിമന്ത ബിശ്വ ശർമ സ്വന്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മറ്റ് മുതിർന്ന എൻഡിഎ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.
മുഖ്യമന്ത്രിക്കൊപ്പം മറ്റ് നാല് നേതാക്കൾ കൂടി ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. ബിജെപിയിൽ നിന്നും സഖ്യകക്ഷികളിൽ നിന്നുമുള്ള പ്രമുഖർ ഇതിൽ ഉൾപ്പെടുന്നു.
മുൻ കേന്ദ്രമന്ത്രിയും രണ്ട് തവണ ഡിബ്രുഗഡ് എം.പിയുമായിരുന്ന രാമേശ്വർ തെലി, കഴിഞ്ഞ സർക്കാരിൽ ധനമന്ത്രിയായിരുന്ന അജന്ത നിയോഗ്, അസം ഗണ പരിഷത്ത് അധ്യക്ഷനും മുൻ മന്ത്രിയുമായ അതുൽ ബോറ, ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് പ്രതിനിധിയായ ചരൺ ബോറോ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു.
മുതിർന്ന ബി.ജെ.പി നേതാവ് രഞ്ജിത് കുമാർ ദാസിനെ സ്പീക്കർ സ്ഥാനത്തേക്ക് പാർട്ടി നിർദ്ദേശിച്ചിട്ടുണ്ട്. 126 അംഗ നിയമസഭയിൽ ബിജെപി നയിക്കുന്ന എൻഡിഎ സഖ്യം 102 സീറ്റുകൾ നേടിയാണ് അധികാരം നിലനിർത്തിയത്. ബിജെപി മാത്രം 82 സീറ്റുകൾ നേടി കരുത്ത് തെളിയിച്ചു. കോൺഗ്രസ് സഖ്യത്തിന് 21 സീറ്റുകൾ മാത്രമാണ് ലഭിച്ചത്.
Tags : Himanta Biswa Sarma Assam Chief Minister Latest News