ന്യൂഡൽഹി: വ്യാപാര സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവച്ചു. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര മന്ത്രി പിയൂഷ് ഗോയലും ന്യൂസിലൻഡ് മന്ത്രി ടോഡ് മക്ലേയുമാണ് കരാറിൽ ഒപ്പിട്ടത്. ഇരു രാജ്യങ്ങളിലെയും തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം എന്നീ മേഖലകളിൽ വൻ മുന്നേറ്റത്തിന് ഈ കരാർ വഴിയൊരുക്കും.
ഇന്ത്യൻ പ്രഫഷണലുകൾക്കായി വർഷം തോറും 5,000 താത്കാലിക തൊഴിൽ വിസകൾ ന്യൂസിലൻഡ് അനുവദിക്കും. ഐടി, എൻജിനിയറിംഗ്, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ വിദഗ്ധർക്കു പുറമെ യോഗ ഇൻസ്ട്രക്ടർമാർ, പാചകക്കാർ, സംഗീത അധ്യാപകർ എന്നിവർക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
ന്യൂസിലൻഡിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് ആഴ്ചയിൽ 20 മണിക്കൂർ ജോലി ചെയ്യാനുള്ള അനുവാദവും പഠനശേഷം മൂന്നു മുതൽ നാലു വർഷം വരെ അവിടെ ജോലി ചെയ്യാനുള്ള സൗകര്യവും ലഭിക്കും. കൂടാതെ യുവാക്കൾക്കായി വർഷം തോറും 1,000 'വർക്കിംഗ് ഹോളിഡേ' വിസകളും അനുവദിക്കും. ഇന്ത്യയിൽനിന്നുള്ള ഉത്പന്നങ്ങൾക്ക് ന്യൂസിലൻഡിൽ 100% നികുതി ഇളവ് ലഭിക്കും. തുണിത്തരങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ, പ്ലാസ്റ്റിക്, എൻജിനിയറിംഗ് സാധനങ്ങൾ എന്നിവയുടെ കയറ്റുമതിക്ക് ഇതു വലിയ കരുത്താകും.
അടുത്ത 15 വർഷത്തിനുള്ളിൽ ന്യൂസിലൻഡിൽനിന്ന് ഇന്ത്യയിലേക്ക് ഏകദേശം 20 ബില്യൺ ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം ഈ കരാറിലൂടെ പ്രതീക്ഷിക്കുന്നു. ഇന്ത്യയിലെ പ്രാദേശിക ക്ഷീരകർഷകരുടെ താത്പര്യം സംരക്ഷിക്കുന്നതിനായി പാൽ, തൈര്, ചീസ് തുടങ്ങിയ ഡയറി ഉത്പന്നങ്ങളെ കരാറിന്റെ പരിധിയിൽനിന്ന് ഇന്ത്യ ഒഴിവാക്കിയിട്ടുണ്ട്. അതുപോലെ ചില കാർഷിക ഉത്പന്നങ്ങൾക്കും (ഉള്ളി, കടല തുടങ്ങിയവ) നികുതി ഇളവ് നൽകിയിട്ടില്ല.