x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്ത്യയുടെ സഹിഷ്ണുത ദൗർബല്യമായി തെറ്റിധരിക്കേണ്ട; ശത്രുക്കൾക്ക് മുന്നറിയിപ്പുമായി അജിത് ഡോവൽ

വെബ് ഡെസ്ക്
Published: August 14, 2026 06:46 PM IST | Updated: August 14, 2026 06:46 PM IST

അജിത് ഡോവൽ

ന്യൂഡൽഹി: ശത്രുക്കൾക്ക് മേൽ ഇന്ത്യ കടുത്ത പ്രത്യാക്രമണം അഴിച്ചുവിടുമെന്നും പ്രത്യാഘാതങ്ങൾ ഭയന്ന് ഇന്ത്യ പിന്മാറില്ലെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) അജിത് ഡോവൽ. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ നടത്തിയ "ഓപ്പറേഷൻ സിന്ദൂർ' ഇന്ത്യയുടെ മാറിക്കൊണ്ടിരിക്കുന്ന പ്രതിരോധ തന്ത്രത്തിന്‍റെ ഉത്തമ ഉദാഹരണമാണെന്നും ഡോവൽ ചൂണ്ടിക്കാട്ടി.

ലോകത്തിനുള്ള സന്ദേശം വളരെ വ്യക്തമാണ്, ഇന്ത്യയുടെ ഉദാരമനസ്കതയെയോ സഹിഷ്ണുതയെയോ ഞങ്ങളുടെ ദൗർബല്യമായി ആരും തെറ്റിധരിക്കേണ്ടതില്ല. ഇന്ത്യയ്ക്ക് റിസ്ക് എടുക്കാനും കനത്ത പ്രഹരമേൽപ്പിക്കാനും സാധിക്കും. പ്രത്യാഘാതങ്ങൾ എന്തായാലും അതിനെ നേരിടാൻ രാജ്യം തയാറാണെന്നും അജിത് ഡോവൽ വ്യക്തമാക്കി.

കാഷ്മീരിലെ പഹൽഗാമിൽ നിരായുധരായ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി മേയ് ഏഴിനാണ് "ഓപ്പറേഷൻ സിന്ദൂർ' ആരംഭിച്ചത്. പാക്കിസ്ഥാനിലെയും പാക് അധീന കാഷ്മീരിലെയും ജയ്ഷെ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ എന്നീ ഭീകര സംഘടനകളുടെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് കൃത്യമായ വ്യോമാക്രമണമാണ് ഇന്ത്യ നടത്തിയത്.

സൈനിക നീക്കത്തിനിടെ പാക്കിസ്ഥാന്‍റെ സൈനിക, സിവിലിയൻ സ്ഥാപനങ്ങളെ ഇന്ത്യ ലക്ഷ്യം വച്ചിരുന്നില്ല എന്നത് ഇന്ത്യയുടെ നിയന്ത്രണത്തെയാണ് കാണിക്കുന്നത്. അല്ലാതെ ഒരു മടിയായല്ല ഇതിനെ കാണേണ്ടതെന്ന് ഡോവൽ വിശദീകരിച്ചു.

ഓപ്പറേഷൻ സിന്ദൂർ പാക്കിസ്ഥാന്‍റെ ആണവ ഭീഷണിയെ അക്ഷരാർഥത്തിൽ തകർത്തുവെന്നും അദ്ദേഹം പറഞ്ഞു. ആണവ പരിധിക്കുള്ളിൽ നിന്നുകൊണ്ട് തന്നെ ഇന്ത്യയ്ക്ക് ഒട്ടേറെ സൈനിക നീക്കങ്ങൾ നടത്താൻ സാധിക്കുമെന്ന് ഇത് തെളിയിച്ചു. പാക്കിസ്ഥാന്‍റെ ഏത് ഭാഗത്തുമുള്ള ലക്ഷ്യങ്ങളെ തകർക്കാൻ ഇന്ത്യയ്ക്ക് ശേഷിയുണ്ടെന്ന് ഈ സൈനിക നീക്കം ലോകത്തിന് കാണിച്ചുകൊടുത്തുവെന്നും ഡോവൽ കൂട്ടിച്ചേർത്തു.

Tags : Tolerance Mistaken AjitDoval Warns Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up