മുംബൈ: നാസിക്കിലെ ടിസിഎസ് യൂണിറ്റിലെ ജീവനക്കാർക്കെതിരെയുള്ള പീഡനക്കേസിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. കേസിലെ മുഖ്യപ്രതിയായ നിദാ ഖാൻ, ഒരു അതിജീവിതയെ നിർബന്ധിത മതംമാറ്റത്തിന് ഇരയാക്കാൻ ശ്രമിച്ചതായും മലേഷ്യയിലേക്ക് കടത്താൻ ഗൂഢാലോചന നടത്തിയതായും അന്വേഷണസംഘം കണ്ടെത്തി.
അതിജീവിതയുടെ പേര് 'ഹനിയ' എന്ന് മാറ്റാനും ഇസ്ലാം മതം സ്വീകരിക്കാനും നിദാ ഖാൻ സമ്മർദം ചെലുത്തിയതായി പോലീസ് പറയുന്നു. ഇതിനായി അതിജീവിതയ്ക്ക് ബുർഖയും മതഗ്രന്ഥങ്ങളും നൽകുകയും ഫോണിൽ ഇസ്ലാമിക് ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. ഈ സാധനങ്ങൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ജോലി വാഗ്ദാനം നൽകി അതിജീവിതയെ മലേഷ്യയിലേക്ക് കടത്താനും അവിടെ ഇമ്രാൻ എന്നൊരാൾക്ക് കീഴിൽ ജോലി ചെയ്യിപ്പിക്കാനും പദ്ധതിയിട്ടിരുന്നു. ഇതിനായി അതിജീവിതയുടെ വിദ്യാഭ്യാസ രേഖകൾ നിദാ ഖാൻ കൈക്കലാക്കിയതായും റിപ്പോർട്ടുകളുണ്ട്.
നിദാ ഖാന്റെ സഹോദരൻ ഡാനിഷ് ഷെയ്ഖ്, വിവാഹ വാഗ്ദാനം നൽകി അതിജീവിതയെ ലൈംഗികമായി പീഡിപ്പിച്ചതായും പരാതിയുണ്ട്. ഡാനിഷ് നേരത്തെ വിവാഹിതനാണെന്ന വിവരം പുറത്തായതോടെയാണ് യുവതിയെ മലേഷ്യയിലേക്ക് കടത്താൻ നീക്കം നടന്നത്.
കേസിൽ ഇതുവരെ ഏഴ് പേർ അറസ്റ്റിലായിട്ടുണ്ട്. ഗർഭിണിയാണെന്ന വ്യാജേന മുൻകൂർ ജാമ്യത്തിന് ശ്രമിച്ച നിദാ ഖാൻ നിലവിൽ ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു. നിദാ ഖാൻ കമ്പനിയിലെ എച്ച്ആർ മാനേജരോ റിക്രൂട്ട്മെന്റ് ഉദ്യോഗസ്ഥയോ അല്ലെന്ന് ടിസിഎസ് ഔദ്യോഗികമായി അറിയിച്ചു. സംഭവത്തിന് പിന്നാലെ പ്രതികളെ കമ്പനി സസ്പെൻഡ് ചെയ്തിട്ടുണ്ട്.
അതിജീവിത പട്ടികജാതി വിഭാഗത്തിൽപ്പെട്ട വ്യക്തിയായതിനാൽ പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. ഏഴ് സ്ത്രീകളും ഒരു പുരുഷനും ഉൾപ്പെടെ എട്ട് പേരാണ് ഇതുവരെ പ്രതികൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്. കൂടുതൽ അതിജീവിതകൾ ഉണ്ടോയെന്നും പ്രതികൾക്ക് മതംമാറ്റത്തിനായി എവിടെ നിന്നെങ്കിലും ഫണ്ട് ലഭിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
Tags : TCS torture case Nashik Conspiracy religious Conversion Latest News