അമൃത്സർ: പഞ്ചാബിൽ യൂട്യൂബറുടെ വീടിന് നേരെയുണ്ടായ ഗ്രനേഡ് ആക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനിൽ നിന്നുള്ള ഗുണ്ടാത്തലവൻ ഷെഹ്സാദ് ഭട്ടി ഉൾപ്പെടെ രണ്ട് പേർക്കെതിരെ കേസ്. എൻഐഎയുടേതാണ് നടപടി.
ജലന്ധറിൽ നിന്നുള്ള യൂട്യൂബർ റോജർ സന്ധുവിന്റെ വീടിന് നേരെയാണ് ഗ്രനേഡ് ആക്രമണമുണ്ടായത്. പഞ്ചാബ് പോലീസിൽ നിന്നും കഴിഞ്ഞ ഡിസംബറിൽ കേസ് ഏറ്റെടുത്ത എൻഐഎ, പ്രത്യേക കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ഷെഹ്സാദിനെ പിടികിട്ടാപ്പുള്ളിയായി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അറിയിച്ചു.
ദീപന്ദർ പ്രതാപ് സിംഗ് (ദീപൻ റാണ) ആണ് കേസിലെ രണ്ടാം പ്രതി. കഴിഞ്ഞ വർഷം മാർച്ചിൽ കേസ് രജിസ്റ്റർ ചെയ്ത പഞ്ചാബ് പോലീസ്, ഒമ്പത് പേർക്കെതിരെ നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു.
2025 മാർച്ച് 16ന് പുലർച്ചയാണ് റോജർ സന്ധുവിന്റെ ജലന്ധർ ജില്ലയിലെ റായ്പൂർ റസൂൽപൂർ ഗ്രാമത്തിലുള്ള വീടിന് നേരെ ഗ്രനേഡ് ആക്രമണം നടന്നത്. ഇന്ത്യയിലേക്ക് ആയുധക്കടത്ത്, അനധികൃതമായി ആളെ കടത്തൽ, കൊലപാതകങ്ങൾ എന്നിവ വിദേശത്തിരുന്ന് ഷെഹ്സാദ് ആസൂത്രണം ചെയ്തതായി എൻഐഎ അന്വേഷണത്തിൽ കണ്ടെത്തി.
Tags : Pak Gangster Grenade Attack Punjab YouTuber