ന്യൂഡൽഹി: രാജ്യത്തെ പത്ത് സംസ്ഥാനങ്ങളിലായി ഒഴിവ് വന്ന 37 രാജ്യസഭാ സീറ്റുകളിൽ 26 സീറ്റുകളിലേക്ക് സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബാക്കിയുള്ള സീറ്റുകളിലേക്ക് വൈകുന്നേരം നാല് മണി വരെയാണ് വോട്ടെടുപ്പ്. അഞ്ച് മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും.
എൻസിപി നേതാവ് ശരദ് പവാറടക്കം 26 പേരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ബിജെപിയുടെ ഏഴ് എംപിമാരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
മഹാരാഷ്ട്രിയില്‍ ഏഴും, തമിഴ്നാട്ടില്‍ ആറും, ബിഹാർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്ന് അഞ്ച് വീതവും, ഒഡീഷയിൽ നാലും, അസമിൽ മൂന്നും, തെലങ്കാന, ഛത്തീസ്ഗഡ്, ഹരിയാന എന്നിവിടങ്ങളിൽ നിന്ന് രണ്ട് വീതം, ഹിമാചൽ പ്രദേശിൽ നിന്ന് ഒന്ന് എന്നിങ്ങനെയാണ് 37 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ്. ഒഡീഷയിലെ നാല് സീറ്റുകളിലേക്ക് അഞ്ച് സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി തങ്ങളുടെ എംഎൽഎമാരെ ഹോട്ടലിലേക്ക് മാറ്റിയിരുന്നു. കോൺഗ്രസ് എംഎൽഎമാരെ പണം നൽകി വശത്താക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന് ഒഡീഷ മുൻ മുഖ്യമന്ത്രി നവീൻ പട്നായിക് ആരോപിച്ചു.
ബിജെഡി എംഎൽഎമാരിൽ ചിലർ വോട്ട് മാറി ചെയ്തതായും സൂചനയുണ്ട്.ബീഹാറിൽ വോട്ടെടുപ്പ് പുരോഗമിക്കവെ ഇന്ത്യ സഖ്യത്തിലെ മൂന്ന് എംഎൽഎമാരെ കാണാനില്ലെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ബിഹാറിൽ ജെഡിയു നേതാവ് നിതീഷ് കുമാറും, രാംനാഥ് താക്കൂറും വിജയം ഉറപ്പാക്കി. ബിജെപിയുടെ നിതിൻ നബിൻ, ശിവം കുമാർ എന്നിവരും വിജയം ഉറപ്പാക്കി. ഹരിയാനയിലെ രണ്ട് സീറ്റുകളിലേക്ക് മൂന്ന് സ്ഥാനാർത്ഥികളാണ് മത്സര രംഗത്ത്.
Tags : Rajya Sabha