ഇലോൺ മസ്ക്
മുംബൈ: ഉപഗ്രഹാധിഷ്ഠിത ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്താനുമതി വൈകുന്നതിൽ കേന്ദ്രസർക്കാരിനും വ്യവസായി മുകേഷ് അംബാനിക്കും എതിരേ ആരോപണം ശക്തമാക്കി ടെസ്ല മേധാവിയും ശതകോടീശ്വരനുമായ ഇലോൺ മസ്ക് വീണ്ടും രംഗത്ത്.
റിലയൻസിന്റെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്കുവേണ്ടി പ്രവർത്തിച്ചെന്നാണ് മസ്കിന്റെ ഏറ്റവും പുതിയ ആരോപണം. സമൂഹമാധ്യമമായ എക്സിലൂടെയാണ് പുതിയ ആരോപണത്തിന് മസ്ക് തിരികൊളുത്തിയത്.
റിലയൻസ് ധനസഹായത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനം സമൂഹമാധ്യമങ്ങളിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ എങ്ങനെ ശക്തിപ്പെടുത്തുന്നുവെന്ന് സംബന്ധിച്ചു 2022ൽ അന്തർദേശീയ മാധ്യമമായ അൽ ജസീറ പുറത്തുവിട്ട റിപ്പോർട്ടും ഇലക്ടറൽ ബോണ്ടുവഴി റിലയൻലസുമായി ബന്ധപ്പെട്ട ‘ക്വിക്ക് സപ്ലൈ’എന്ന കമ്പനി ബിജെപിക്ക് 385കോടി രൂപയും ശിവസേനയ്ക്ക് 25കോടി രൂപയും സംഭാവന നൽകിയതായി 2024ൽ ദേശീയമാധ്യമമായ ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ട വാർത്തയുമാണ് അംബാനിക്കെതിരായ ഏറ്റവും പുതിയ പോസ്റ്റിൽ മസ്ക് ഉൾപ്പെടുത്തിയിരിക്കുന്നത്.
സമൂഹമാധ്യമങ്ങളിൽ ബിജെപി പ്രചാരണങ്ങൾക്ക് റിലയൻസ് ഫണ്ട് ചെയ്യുന്നുവെന്ന ആക്ഷേപങ്ങൾ മസ്കിന്റെ ആരോപണത്തോടെ വീണ്ടും ശക്തമായിരിക്കുകയാണ്.
അംബാനിക്കെതിരേ രൂക്ഷവിമർശനം
റിലയൻസ് മേധാവി മുകേഷ് അംബാനിക്കെതിരേ കഴിഞ്ഞ കുറച്ചുദിവസങ്ങളായി രൂക്ഷമായ വിമർശനങ്ങളാണ് മസ്ക് ഉന്നയിക്കുന്നത്. നേരത്തേ അംബാനിയെ പ്രധാനമന്ത്രിയെന്ന് അഭിസംബോധന ചെയ്ത മസ്ക് നിങ്ങളാണ് ഇന്ത്യയുടെ യഥാർഥ ബോസെന്ന സത്യം താൻ മനസിലാക്കിയില്ലെന്ന് പരിഹസിച്ചിരുന്നു.
ഇന്ത്യയിലെ ജനങ്ങളുടെമേൽ കുത്തകാവകാശം നിലനിർത്താനാണ് അംബാനി താത്പര്യപ്പെടുന്നതെന്നും ഇതിനിടയിൽ സ്റ്റാർലിങ്കിനു മത്സരിക്കാൻ അനുമതി നൽകുമോയെന്നും സമൂഹമാധ്യമത്തിലൂടെ മസ്ക് ചോദിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ബിജെപിയെയും റിലയൻസിനെയും ചേർത്തുകൊണ്ടുള്ള പുതിയ ആരോപണം.
മറുപടിയുമായി കേന്ദ്രസർക്കാർ
ഇലോൺ മസ്കിന് മറുപടിയുമായി കേന്ദ്രസർക്കാർ രംഗത്തെത്തി. രാജ്യത്തെ ഉപഗ്രഹാധിഷ്ഠിത ഇന്റർനെറ്റ് സേവനങ്ങൾക്കായുള്ള ചട്ടക്കൂട് നീതിയുക്തവും വിവേചനരഹിതവുമാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.
ലൈസൻസുകൾ നൽകിയിട്ടുണ്ടെങ്കിലും സുരക്ഷാമാനദണ്ഡങ്ങൾ പൂർണമായി പാലിക്കുന്നതു സംബന്ധിച്ചുള്ള പരിശോധനകൾ നടക്കുകയാണ്. ഉപയോക്താക്കളുടെ ഡാറ്റാസുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ പരിശോധകളെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
മസ്കിന്റെ സ്പേസ് എക്സിനുപുറമെ ഭാരതി എന്റർപ്രൈസിന്റെ പിന്തുണയുള്ള യൂടേഴ്സാറ്റ് വൺവെബ്, റിലയൻസ് ജിയോ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് എന്നീ കമ്പനികൾക്കും ലൈസൻസുകൾ നൽകിയിട്ടുണ്ട്.
എല്ലാ കമ്പനികളും നിലവിൽ ഒരേ റഗുലേറ്ററി ഘട്ടത്തിലാണുള്ളതെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. നേരത്തേ രാജ്യത്തെ ഒരുമേഖലയിലും കുത്തകകളെ അനുവദിക്കില്ലെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കിയിരുന്നു.
മസ്കിന് പിന്തുണയുമായി രാഹുൽ
മസ്കിനെ പിന്തുണച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞദിവസം രംഗത്തെത്തിയതു ശ്രദ്ധേയമായി. മസ്കിന്റെ എക്സിലെ കുറിപ്പ് പങ്കുവച്ചുകൊണ്ട് എക്സിലൂടെതന്നെയായിരുന്നു രാഹുലിന്റെ പ്രതികരണം. ഇലോൺ ഇന്ത്യയിലേക്കു സ്വാഗതം. മറ്റേയാളെ കണ്ടെത്തുന്നതുവരെ കാത്തിരിക്കൂവെന്നായിരുന്നു രാഹുലിന്റെ കുറിപ്പ്.
ഇതിനു മറുപടിയായി നന്ദി രാഹുൽ, ഇത് കൂടുതൽ ആശങ്കപ്പെടുത്തുന്ന കാര്യമാണെന്നായിരുന്നു മസ്ക് എക്സിൽ കുറിച്ചത്.
മസ്കിന്റെ ആരോപണങ്ങൾ
ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്താനുമതി നിഷേധിക്കുന്നതിനു പിന്നിൽ രാജ്യത്തിനുള്ളിൽ പ്രവർത്തിക്കുന്ന ചില ടെലികോം ഭീമന്മാരാണെന്നാണ് മസ്കിന്റെ പ്രധാനആരോപണം.
ഡിഷ് ടിവി സേവനത്തിനു സമാനമായി കെട്ടിടങ്ങൾക്കു മുകളിൽ സ്ഥാപിക്കുന്ന ചെറിയ ആൻിനകൾ വഴിയാണ് സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് ലഭ്യമാക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷമായി ലൈസൻസിന് ശ്രമിക്കുകയാണ്. ഇന്ത്യയിലെ എല്ലാ നിയമങ്ങളും പാലിക്കാൻ തങ്ങൾ തയാറാണെന്നറിയിച്ചിട്ടും എന്തുകൊണ്ടാണ് ലൈസൻസ് നൽകാത്തതെന്നാണ് മസ്ക് ചോദിക്കുന്നത്.
ഇന്ത്യയിൽ സേവനങ്ങൾ ആരംഭിക്കുന്നതിനായി സ്റ്റാർലിങ്കിന് ജിഎംപിസിഎൽ ലൈസൻസ് ഉൾപ്പടെയുള്ള പ്രധാന അനുമതികൾ ഇതിനോടകം ലഭിച്ചിട്ടുണ്ടെങ്കിലും അന്തിമസുരക്ഷാ ക്ലിയറൻസ് വൈകുകയാണ്.
റിലയൻസ് ജിയോയും ഉപഗ്രഹാധിഷ്ഠിത ഇന്റർനെറ്റ് സേവനരംഗത്തേക്കു കടക്കാനിരിക്കേയാണ് മസ്കിന്റെ രംഗപ്രവേശം. ഇതോടെയാണു കേന്ദ്രസർക്കാരിനും അംബാനിക്കുമെതിരേ മസ്ക് രംഗത്തെത്തിയത്.
Tags : Deepika DeepikaNewspaper BreakingNews Elon Musk keeps targeting Ambani