ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെച്ചു. ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനൊപ്പം ഒരേ കാറില്‍ ലോക്ഭവനിലെത്തിയാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്. ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്ലോട്ട് സംസ്ഥാനത്തില്ലാത്തതിനാല്‍ ഗവര്‍ണറുടെ സ്പെഷ്യൽ സെക്രട്ടറി പ്രഭു ശങ്കറിനാണ് സിദ്ധരാമയ്യ രാജിക്കത്ത് നല്‍കിയത്. ഗവര്‍ണര്‍ തിരിച്ചെത്തിയ ശേഷം രാജി ഔദ്യോഗികമായി സ്വീകരിക്കും.
മുഖ്യമന്ത്രി പദം പങ്കിടണമെന്ന പാര്‍ട്ടിയിലെ ആഭ്യന്തര ധാരണ പ്രകാരമാണ് ഹൈക്കമാന്‍ഡ് നിര്‍ദേശത്തെത്തുടർന്ന് സിദ്ധരാമയ്യ സ്ഥാനം ഒഴിഞ്ഞത്. ഇതോടെ സംസ്ഥാനത്ത് പുതിയ മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാര്‍ ചുമതലയേല്‍ക്കാന്‍ വഴിയൊരുങ്ങി.
രാജി സമർപ്പിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ സിദ്ധരാമയ്യ വികാരാധീനനായി. "കര്‍ണാടകയിലെ ജനങ്ങളെ സേവിക്കാന്‍ എനിക്ക് രണ്ട് തവണ അവസരം ലഭിച്ചു. സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കും നന്ദി പറയുന്നു. അടുത്ത മുഖ്യമന്ത്രിക്കായി വഴിയൊരുക്കുകയാണ്. ഭരണഘടനയാണ് എന്റെ മതം. ഒരിക്കലും അധികാരത്തിന്റെയോ പണത്തിന്റെയോ പിറകെ പോയിട്ടില്ല" - അദ്ദേഹം പറഞ്ഞു.
രാജിക്ക് പിന്നാലെ സിദ്ധരാമയ്യ ഡല്‍ഹിയിലേക്ക് തിരിക്കുമെന്നും അവിടെവെച്ച് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്നുമാണ് വിവരം. അദ്ദേഹത്തിന് രാജ്യസഭാ സീറ്റും ദേശീയ തലത്തില്‍ വലിയ പദവിയും പാര്‍ട്ടി വാഗ്ദാനം ചെയ്തതായി സൂചനകളുണ്ട്. പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനായി വെള്ളിയാഴ്ച കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം ചേരും. ഈ യോഗത്തിൽ ഡി.കെ ശിവകുമാറിനെ നിയമസഭാകക്ഷിയുടെ പുതിയ നേതാവായി ഔദ്യോഗികമായി തെരഞ്ഞെടുക്കും.
Tags : Siddaramaiah Chief Minister Karnataka Latest News