ന്യൂഡൽഹി: കേരള മുഖ്യമന്ത്രിക്കായുള്ള കാത്തിരിപ്പ് നീളുന്നു. ഇന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിലും മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനായില്ല.
അതേസമയം മുഖ്യമന്ത്രിയെ ഉടൻ ഹൈക്കമാൻഡ് പ്രഖ്യാപിക്കുമെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി മാധ്യമങ്ങളോട് പറഞ്ഞു. മൂന്ന് മണിക്കൂർ നീണ്ടുനിന്ന ചർച്ചകൾക്കുശേഷമാണ് ദീപാദാസ് മുൻഷി മാധ്യമങ്ങളെ കണ്ടത്.
ദീർഘമായ ചർച്ചകൾ നടന്നു. മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ചേർന്ന് മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും അവർ പറഞ്ഞു. എന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്ന് മാധ്യമങ്ങൾ ചോദിച്ചപ്പോൾ മേയ് 23 വരെ സമയം ഉണ്ടെന്നും ദീപാദാസ് മുൻഷി പറഞ്ഞു.
കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് തുടങ്ങിയവരും ദീപാദാസ് മുൻഷിക്കൊപ്പം മാധ്യമങ്ങളെ കണ്ടു. കേരളത്തിൽ ചേരിതിരിഞ്ഞുള്ള പ്രകടനങ്ങൾ പാടില്ലെന്നും നേതാക്കൻമാരുടെ പേരിൽ ഫ്ലക്സുകൾ വയ്ക്കരുതെന്നും നേതാക്കൾ പറഞ്ഞു. നിലവിൽ വച്ചിരിക്കുന്ന ഫ്ലക്സുകൾ ഇന്ന് രാത്രിതന്നെ മാറ്റണമെന്നും നേതാക്കൻമാർ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്കായി കെ.സി. വേണുഗോപാലും വി.ഡി. സതീശനും രമേശ് ചെന്നിത്തലയും നിലപാട് കടുപ്പിച്ചതോടെയാണ് തീരുമാനം വൈകുന്നത്.
Tags : Chief Ministers deepa das munshi