കോൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് എംപിയുടെ കാർ ബിജെപി പ്രവർത്തകർ തകർത്തതായി പരാതി.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാനഘട്ടത്തിൽ, പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ റാലിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ഹൂഗ്ലി ജില്ലയിലെ ഗോഘട്ടിൽ വച്ച് ബിജെപി ഗുണ്ടകൾ തന്റെ കാർ തകർത്തുവെന്ന് തൃണമൂൽ എംപി മിതാലിബാഗ് ആരോപിച്ചു.
എന്നാൽ ആരോപണം തള്ളിയ ബിജെപി, എംപി നാടകം കളിക്കുകയാണെന്നും തൃണമൂൽ പ്രവർത്തകരാണ് ബിജെപി പ്രവർത്തകരെ ആക്രമിച്ചതെന്നും പ്രതികരിച്ചു.
ബിജെപി സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് ഓഫീസിന് സമീപത്തുകൂടി തന്റെ വാഹനം കടന്നുപോകുമ്പോൾ ആക്രമികൾ തന്റെ വാഹനത്തിന് നേരെ കല്ലെറിഞ്ഞ് ചില്ലു തകർത്തെന്ന് മിതാലിബാഗ് ഫേസ്ബുക്ക് ലൈവിൽ കരഞ്ഞുകൊണ്ട് പറഞ്ഞു.
താൻ വാഹനത്തിന്റെ മുൻ സീറ്റിൽ താൻ ഇരിക്കുകയായിരുന്നുവെന്നും പിൻസീറ്റിൽ ചില പാർട്ടി പ്രവർത്തകർ ഉണ്ടായിരുന്നുവെന്നും മിതാലിബാഗ് പറഞ്ഞു. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട മിതാലി ബാഗ്, ടിഎംസി പ്രവർത്തകർക്കും ഒരു വനിതാ എംപിക്കും നേരെ ബിജെപി ഒരു പ്രകോപനവുമില്ലാതെ ആക്രമണം അഴിച്ചുവിടുകയാണെന്നും ആരോപിച്ചു.
"സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് ബിജെപി വലിയ വാചാലരാണ്, പക്ഷേ ഒരു ദളിത് സ്ത്രീയായ വനിതാ എംപിയോട് അവർ എങ്ങനെ പെരുമാറുന്നുവെന്ന് നോക്കൂ. ടിഎംസി പ്രവർത്തകർ ജനങ്ങളെ ഭയപ്പെടുത്തുന്നുവെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ മനോജ് അഗർവാൾ പറഞ്ഞു. പക്ഷെ മിസ്റ്റർ അഗർവാൾ, ദയവായി വസ്തുതകൾ പരിശോധിക്കുക.'- മിതാലിബാഗ് പറഞ്ഞു.
"ടിഎംസി ഇത് വെറുതെ വിടില്ല, ബിജെപി ഗുണ്ടകൾ ഒരു വനിതാ നേതാവിനെ ആക്രമിച്ചത് ബംഗാളിലെ ജനങ്ങൾ വോട്ടിലൂടെ മറുപടി നൽകും'. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കുനാൽ ഘോഷ് പറഞ്ഞു.
സംഭവത്തിന്റെ സിസിടിവി റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും എംപി നടത്തിയ ഫേസ്ബുക്ക് ലൈവും ഞങ്ങൾ പരിശോധിക്കുന്നുണ്ടെന്നും ഇലക്ഷൻ കമ്മീഷൻ പ്രതികരിച്ചു. കേന്ദ്ര സേന സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്നും ഇലക്ഷൻ കമ്മീഷൻ വ്യക്തമാക്കി.
Tags : Trinamool MP Attack Car BJP Worker Poll Body