ജയ്പൂർ: ഇറാൻ-അമേരിക്ക സംഘർഷം പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ചതോടെ ഇന്ത്യയിലെ ആഡംബര ടൂറിസം മേഖലയിൽ വൻ ഇടിവ്. രാജസ്ഥാനിലെ വിഖ്യാതമായ 'പാലസ് ഓൺ വീൽസ്' ട്രെയിനിലെ ടിക്കറ്റ് ബുക്കിംഗിൽ വൻ കുറവ് രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ. 14 ലക്ഷം രൂപ വരെ ടിക്കറ്റ് നിരക്കുള്ള ഈ ആഡംബര ട്രെയിനിൽ ഇപ്പോൾ പകുതിയോളം സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്.
പാലസ് ഓൺ വീൽസിലെ യാത്രക്കാരിൽ ഭൂരിഭാഗവും വിദേശികളാണ്. യുദ്ധഭീതിയെത്തുടർന്ന് അന്താരാഷ്ട്ര വിമാന സർവീസുകളിൽ ഉണ്ടായ അനിശ്ചിതത്വവും സുരക്ഷാ ആശങ്കകളും കാരണം പലരും യാത്രകൾ റദ്ദാക്കുകയോ മാറ്റിവെക്കുകയോ ചെയ്തു. പശ്ചിമേഷ്യൻ ആകാശം ഒഴിവാക്കി വിമാനങ്ങൾ സർവീസ് നടത്തുന്നത് യാത്രാ ദൈർഘ്യം വർധിപ്പിക്കുകയും വിമാന ടിക്കറ്റ് നിരക്ക് ഉയർത്തുകയും ചെയ്തിട്ടുണ്ട്. ഇത് സഞ്ചാരികളെ ഇന്ത്യയിലേക്കുള്ള യാത്രകളിൽ നിന്ന് പിന്തിരിപ്പിക്കുന്നു.
രാജസ്ഥാൻ ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ നടത്തുന്ന ഈ ട്രെയിൻ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആഡംബര ട്രെയിനുകളിൽ ഒന്നാണ്. രാജകീയ സൗകര്യങ്ങളും മികച്ച ഭക്ഷണവും ലഭ്യമാക്കുന്ന ഈ ട്രെയിനിലെ യാത്രയ്ക്ക് സീസൺ അനുസരിച്ച് അഞ്ച് ലക്ഷം മുതൽ 14 ലക്ഷം രൂപ വരെയാണ് നിരക്ക്. വിദേശനാണ്യം നേടിത്തരുന്ന പ്രധാന ടൂറിസം സംരംഭമാണിത്.
സാധാരണയായി ഏപ്രിൽ മാസങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെടാറുള്ള രാജസ്ഥാനിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഇപ്പോൾ വിജനമാവുകയാണ്. വിദേശ സഞ്ചാരികൾ എത്താതിരിക്കുന്നത് ഹോട്ടൽ ഉടമകളെയും ടൂർ ഓപ്പറേറ്റർമാരെയും ഒരുപോലെ ബാധിച്ചിട്ടുണ്ട്. യുദ്ധം നീണ്ടുപോയാൽ വരും മാസങ്ങളിലും ടൂറിസം മേഖലയ്ക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
Tags : West Asia War Luxury Tourist Train 'Palace on Wheels' Latest News