ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രത്തിൽ ശ്രീലങ്കൻ തീരത്തിനടുത്ത് ഇറാന്റെ യുദ്ധക്കപ്പലിനെ അമേരിക്കൻ അന്തർവാഹിനി ആക്രമിച്ചു മുക്കിയ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തിനെതിരേ കോൺഗ്രസ്.
ഇന്ത്യയുടെ തന്ത്രപരവും ദേശീയവുമായ താത്പര്യങ്ങളെ മോദിസർക്കാർ നിരുത്തരവാദപരമായി അവഗണിക്കുകയാണെന്ന് കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചൂണ്ടിക്കാട്ടി.
ഇന്ത്യൻ സമുദ്ര പ്രദേശത്ത് ഇന്ത്യയുടെ അതിഥിയായ ഇറേനിയൻ യുദ്ധക്കപ്പൽ നിരായുധരായി മടങ്ങുന്പോഴുണ്ടായ ആക്രമണത്തെ അപലപിച്ചോ ആശങ്ക രേഖപ്പെടുത്തിയോ പ്രധാനമന്ത്രി പ്രസ്താവനകൾ നൽകിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
നമ്മുടെ തന്ത്രപരമായ സ്വയംഭരണാധികാരത്തെ അടിയറവ് വച്ച, വിട്ടുവീഴ്ച ചെയ്ത ഒരു പ്രധാനമന്ത്രിയാണ് നമുക്കുള്ളതെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു.
ഇന്ത്യൻ സമുദ്രത്തിൽ ഇറേനിയൻ കപ്പൽ മുങ്ങിയതിലൂടെ സംഘർഷം നമ്മുടെ പിൻവശത്തേക്കെത്തി. എന്നിട്ടും പ്രധാനമന്ത്രി ഒന്നും പറഞ്ഞിട്ടില്ല. ഇത്തരമൊരു സാഹചര്യത്തിൽ നമുക്ക് ഭരണചക്രത്തിൽ ഉറച്ച കൈകളാണു വേണ്ടതെന്നും രാഹുൽ എക്സിൽ കുറിച്ചു.
Tags : War Ship sinking incident Iran War ship silence Congress Rahul Gandhi mallikarjun kharge