ന്യൂഡൽഹി: രാജ്യത്തെ മസ്ജിദുകളിൽ സ്ത്രീകൾക്കു പ്രവേശനം നിർബന്ധമാക്കുന്ന തരത്തിലുള്ള വിധി പുറപ്പെടുവിക്കരുതെന്ന് അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോർഡ് സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. മോസ്കുകളിൽ സ്ത്രീകൾക്ക് പ്രവേശനം നൽകണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് അതതു മസ്ജിദ് കമ്മിറ്റികളാണെന്നും ബോർഡ് വ്യക്തമാക്കി. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്ന സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന് നൽകിയ രേഖാമൂലമുള്ള വാദത്തിലാണ് ബോർഡ് ഇക്കാര്യം വ്യക്തമാക്കിയത്.
മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കിയാൽ അത് ഭരണഘടനയുടെ 26-ാം അനുച്ഛേദം നൽകുന്ന മതപരമായ സ്വയംഭരണാധികാരത്തെ ലംഘിക്കുന്നതിന് തുല്യമായിരിക്കുമെന്ന് ബോർഡ് വാദിക്കുന്നു. മതപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരം അതതു മസ്ജിദ് കമ്മിറ്റികൾക്കും മതനേതൃത്വത്തിനുമാണ്.
കോടതികൾ ഇതിൽ ഇടപെടുന്നത് ഉചിതമല്ലെന്നും ബോർഡ് ചൂണ്ടിക്കാട്ടി. ശബരിമല വിധിക്കുശേഷം മറ്റ് മതങ്ങളിലെ സമാനമായ ആചാരങ്ങളെക്കുറിച്ചും സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും ഉയർന്നുവന്ന ചർച്ചകളുടെ പശ്ചാത്തലത്തിലാണ് മുസ്ലിം വ്യക്തി നിയമ ബോർഡ് തങ്ങളുടെ നിലപാട് കോടതിയെ അറിയിച്ചത്.
Tags : Supreme Court Latest News