പാസ്പോർട്ട് ടു ദ വേൾഡ്; ഇന്ത്യൻ ഫെസ്റ്റ് ബുധനാഴ്ച മുതൽ
Wednesday, May 14, 2025 10:55 AM IST
ജിദ്ദ: സൗദി ജനറൽ എന്റർടെയ്മെന്റ് അതോറിറ്റി(ജിഇഎ) രാജ്യത്തെ പ്രവാസികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന ‘പാസ്പോർട്ട് ടു ദ വേൾഡ്’ മെഗാ ഇവന്റിന്റെ ഭാഗമായി ഇന്ത്യൻ ഫെസ്റ്റ് ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ നടക്കും.
ജിദ്ദ ശറഫിയ്യക്കടുത്ത് അൽവുറൂദ് ഡിസ്ട്രിക്ടിലെ വിശാലമായ മൈതാനത്താണ് മെഗാ ഉത്സവം അരങ്ങേറുന്നത്. ഹിന്ദി നടിയും മോഡലുമായ കിശ്വർ മെർച്ചന്ദ്, കന്നഡ നടിയും മോഡലുമായ ആകൻക്ഷ ശർമ, ഹിന്ദി പിന്നണി ഗായകൻ കുമാർ സാനുവിന്റെ മകൻ ജാൻ കുമാർ സാനു, ഗായകനും ഇന്ത്യൻ ഐഡൊൾ ഫെയിമുമായ മുഹമ്മദ് ഡാനിഷ്,
മലയാള നടനും ഡാൻസറും റാപ്പറുമായ നീരജ് മാധവ്, ഹിന്ദി ഗാനരചയിതാവും ഗായികയുമായ പ്രിയൻഷി ശ്രീവാസ്തവ, ഹിന്ദി ഗായകരായ ജുബിൻ നൗട്ടിയാൽ, സുകൃതി കാകർ, വിഭൂതി ശർമ, പ്രകൃതി, ഡിജെ പെർഫോർമർ കർമ, മലയാളി ഗായകരായ കൗശിക് വിനോദ്, ഷിയ മജീദ്, ശ്വേത അശോക്, മലയാള, ഹിന്ദി ഗാനങ്ങളിലൂടെ ശ്രദ്ധേയനായ സൗദി ഗായകൻ അഹമ്മദ് സുൽത്താൻ എന്നിവർ വിവിധ ദിവസങ്ങളിലായി വേദിയിൽ പ്രത്യക്ഷപ്പെടും.
ഇന്ത്യൻ സംസ്കാരത്തിന്റെ വിവിധ മോഡലുകൾ ഫെസ്റ്റിൽ ഒരുക്കുന്നുണ്ട്. ബോളിവുഡ് ഡാൻസ്, ഭാൻഗ്ര നൃത്തം, ഒപ്പന, കോൽക്കളി തുടങ്ങിയ കലാരൂപങ്ങൾ ഉൾക്കൊള്ളിച്ചുള്ള വർണശബളമായ ഘോഷയാത്ര നാല് ദിനങ്ങളിലും നടക്കും.
പരമ്പരാഗത കലാരൂപങ്ങളുടെ അവതരണത്തോടൊപ്പം നാല് ദിനങ്ങളിലും ഇന്ത്യയിൽനിന്നെത്തുന്ന അറിയപ്പെടുന്ന ഗായകർ മെഗാ സ്റ്റേജിൽ സംഗീത പെരുമഴ പെയ്യിക്കും. സിനിമ നടീനടന്മാരും പരിപാടിക്കായി എത്തുന്നുണ്ട്.
ഇന്ത്യൻ ഉത്പന്നങ്ങളുടെ ചന്തകൾ, സംവേദനാത്മക പ്രദർശനങ്ങൾ, ഇന്ത്യൻ ഫുഡ് കോർണറുകൾ എന്നിവയുമുണ്ടാകും. ‘വിഷൻ 2030’ന്റെ ഭാഗമായി സൗദിയിലെ പ്രവാസി സമൂഹങ്ങൾക്കായി ജിഇഎ നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട പരിപാടികളിൽ ഒന്നാണ് ‘പാസ്പോർട്ട് ടു ദ വേൾഡ്’.
ഓരോ രാജ്യത്തിന്റെയും പ്രത്യേക സംസ്കാരങ്ങൾ സ്വദേശികൾക്ക് പരിചയപ്പെടുത്തുക എന്നത് കൂടിയാണ് ഈ പരിപാടിയുടെ ലക്ഷ്യം. അതത് രാജ്യങ്ങളുടെ നാടോടി കലാരൂപങ്ങൾ, പരമ്പരാഗത വസ്ത്രങ്ങൾ, അനുബന്ധ ഉപകരണങ്ങൾ, വൈവിധ്യമാർന്ന ഭക്ഷണങ്ങൾ, വാസ്തുവിദ്യ, കരകൗശല വസ്തുക്കൾ തുടങ്ങിയവ ഉത്സവ നഗരിയിൽ ഒരുക്കുന്നുണ്ട്.
ബുധൻ, ശനി ദിവസങ്ങളിൽ വൈകുന്നേരം ആറ് മുതൽ രാത്രി 12 വരെയും വ്യാഴം വൈകുന്നേരം ആറ് മുതൽ പുലർച്ചെ ഒന്ന് വരെയും വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മുതൽ പുലർച്ചെ ഒന്ന് വരെയുമാണ് പരിപാടികൾ.
കുട്ടികൾക്ക് മാത്രമായി വിവിധ പരിപാടികളുമുണ്ട്. പ്രവേശനം പൂർണമായും സൗജന്യമാണെങ്കിലും സൗജന്യ പാസിന് webook.com എന്ന ആപ്പിൽ രജിസ്റ്റർ ചെയ്യണം. ഏപ്രിൽ 30 മുതൽ ആരംഭിച്ച മെഗാ ഇവന്റിൽ ആദ്യ നാല് ദിനങ്ങൾ ഫിലിപ്പീൻസ് ഫെസ്റ്റായിരുന്നു.
രണ്ടാമത്തെ ആഴ്ച ബംഗ്ലാദേശികളുടേതുമായിരുന്നു. പതിനായിരങ്ങളാണ് പരിപാടികാണാൻ ജിദ്ദയിലെ പഴയ വിമാനത്താവളത്തിലെ വിശാലമായ മൈതാനെത്തുന്നത്. മേയ് 21 മുതൽ 24 വരെ സുഡാനി ഫെസ്റ്റോടെ പരിപാടി സമാപിക്കും.