ഖത്തര്‍ സർവകലാശാലയില്‍ നിന്നും ഗോള്‍ഡ് മെഡല്‍ നേടി മലയാളിയായ ഹന അബുല്ലൈസ്
Wednesday, May 14, 2025 11:57 AM IST
ദോഹ: ഖത്തര്‍ സർവകലാശാലയില്‍ നിന്നും ഉയർന്ന മാർക്കോടെ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കി മലയാളിയായ വിദ്യാര്‍ഥിനി ഹന അബുല്ലൈസ് ശ്രദ്ധേയമായി.
ഖത്തര്‍ ഇന്റര്‍നാഷണല്‍ ഇസ്ലാമിക് ബാങ്കില്‍ ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശി അബുല്ലൈസിന്റെയും മുനയുടെയും മകളും മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി മുഹമ്മദ് ഷമീന്റെ ഭാര്യയുമാണ് ഹന.
ഖത്തര്‍ അമീര്‍ ഭാര്യ ഷെയ്ഖ ജവഹര്‍ ബിന്ത് ഹമദ് ബിന്‍ സുഹെയിം അല്‍താനിയില്‍ നിന്നും ഗോള്‍ഡ്മെഡല്‍ ഏറ്റുവാങ്ങിയ ഹന എല്ലാ വിഷയങ്ങളിലും ഉന്നത മാര്‍ക്ക് കരസ്ഥമാക്കിയാണ് സർവകലാശാലയുടെ അവാര്‍ഡിന് അര്‍ഹയായത്.

ബിഎസ്സി അപ്ലെയ്ഡ് മാത്തമാറ്റിക്സിൽ ആയിരുന്നു ബിരുദം, തുടര്‍പഠനത്തിനായി ഖത്തറിലെ ഹമദ് ബിന്‍ ഖലീഫ സര്‍വകലാശാലയില്‍(എച്ച്ബികെയു) ഇസ്ലാമിക് ഫിനാനസിൽ പിജിക്ക് പ്രവേശനം നേടിയിട്ടുണ്ട് ഹന.
അകാദമിക് മികവിനോടൊപ്പം സർവകലാശാല യിലെ മറ്റു പാഠ്യേതര വിഷയങ്ങളിലും ഹന കഴിവു തെളിയിച്ചിട്ടുണ്ട്. കലാ കായിക സാമൂഹിക രംഗങ്ങളില്‍ ഇടപെടാറുള്ള ഹന ഖത്തറില്‍ ജിഐക്യുവിന്റെ (ഗേൾസ് ഇന്ത്യ ഖത്തർ) മുന്‍ പ്രസിഡന്റുകൂടിയാണ്.

കുടുംബവും അധ്യാപകരും ചേര്‍ന്നുള്ള പിന്തുണയും പ്രചോദനവുമാണ് അവളെ ഈ വലിയ നേട്ടത്തിലേക്ക് നയിച്ചതെന്ന് ഹന പറഞ്ഞു. ഖത്തറിലെ മലയാളികളുടെ ഉന്നതിയിലേക്കുള്ള ഒരു പുതിയ മാതൃകയായി ഈ വര്‍ഷത്തെ വിദ്യാര്‍ഥികളില്‍ ഹന മാറുകയാണ്.