മലയാളി യുവതി ദുബായിയില്‍ കൊല്ലപ്പെട്ടു; പ്രതി പിടിയിൽ
Wednesday, May 14, 2025 1:30 PM IST
ദുബായി: തിരുവനന്തപുരം വിതുര ബൊണാകാട് സ്വദേശിനി ആനി മോള് ഗില്‍ഡ(26) ദുബായിയില്‍ കൊല്ലപ്പെട്ടു. യുവതിയെ സുഹൃത്ത് തിരുവനന്തപുരം സ്വദേശി അബിൻ ലാൽ കുത്തി കൊലപെടുത്തുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം.
നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഇയാളെ ദുബായി വിമാനത്താവളത്തിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. വിമാനത്താവളത്തിലെ എഐ കാമറയുടെ സഹായത്തോടെയാണ് യുവാവ് പിടിയിലായത്.
കറാമയില്‍ ഈ മാസം നാലിനായിരുന്നു സംഭവം. ആനി മോൾ സുഹൃത്തുക്കൾക്കൊപ്പം താമസിക്കുന്ന ഫ്ലാറ്റിൽ അബിൻ ലാൽ സ്ഥിരമായി എത്താറുണ്ടായിരുന്നു. സംഭവദിവസം ഇരുവരും തമ്മിൽ വഴക്കുണ്ടായതായും ആനിയുടെ നിലവിളി കേട്ട് തങ്ങൾ എത്തിയപ്പോഴേക്കും അബിൻ ഇറങ്ങിയോടുകയായിരുന്നു എന്നും സുഹൃത്തുക്കൾ പറഞ്ഞു.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായി സാമൂഹിക പ്രവര്‍ത്തകനും യാബ് ലീഗല്‍ സര്‍വീസ് സിഇഒയുമായ സലാം പാപ്പിനിശേരി, ഇന്‍കാസ് യൂത്ത് വിംഗ് ഭാരവാഹികള്‍ ദുബായി ഘടകം എന്നിവര്‍ അറിയിച്ചു.