AWAKE Ireland 2026 പരിപാടിക്കിടയിൽ നിന്നുമുള്ള ചിത്രം
ഡബ്ലിൻ: സീറോ മലബാർ യൂത്ത് മൂവ്മെന്റ് അയർലൻഡിന്റെ (SMYM Ireland) ആഭിമുഖ്യത്തിൽ ഒക്ടോബർ 24 മുതൽ 26 വരെ ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റിയിലെ സെന്റ് പാട്രിക്സ് ക്യാമ്പസിൽ സംഘടിപ്പിച്ച ദേശീയ യുവജനസംഗമമായ AWAKE Ireland 2026 ശ്രദ്ധേയമായി. അയർലൻഡിലെ നാല് റീജിയണുകളിൽ നിന്നായി 16 മുതൽ 30 വയസുവരെയുള്ള 417 യുവജനങ്ങൾ ത്രിദിന സമ്മേളനത്തിൽ പങ്കെടുത്തു.
യൂറോപ്പിലെ സീറോ മലബാർ വിശ്വാസികളുടെ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത്, ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതാധ്യക്ഷൻ ബിഷപ്പ് മാർ ജോയ് ആലപ്പാട്ട്, ഡബ്ലിൻ അതിരൂപതയുടെ സഹായമെത്രാൻ ബിഷപ്പ് ഡൊണാൾഡ് റോച്ചെ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു. ബിഷപ്പ് ഡൊണാൾഡ് റോച്ചെ സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
SMYM യൂറോപ്പ് യൂത്ത് അപ്പസ്തോലേറ്റ് ഡയറക്ടർ ഫാ. ബിനോജ് മൂലവരിക്കൽ സമ്മേളനത്തിന്റെ പരിപാടികൾക്ക് നേതൃത്വം നൽകി. അയർലൻഡിലെ സീറോ മലബാർ സഭയുടെ നാഷണൽ കോർഡിനേറ്റർ ഫാ. ജോസഫ് ഒലിയക്കാട്ടിൽ, SMYM നാഷണൽ ഡയറക്ടർ ഫാ. ബൈജു കണ്ണമ്പിള്ളി, മതബോധന വിഭാഗം നാഷണൽ ഡയറക്ടർ ഫാ. സെബാൻ സെബാസ്റ്റ്യൻ എന്നിവർ ആത്മീയ മാർഗനിർദേശങ്ങൾ നൽകി.
പ്രഭാഷണങ്ങൾ, ശിൽപശാലകൾ, സംവാദങ്ങൾ എന്നിവയിലൂടെ ക്രിസ്തുവുമായുള്ള വ്യക്തിബന്ധം ശക്തിപ്പെടുത്തുന്നതിനും പൗരസ്ത്യ സുറിയാനി സഭയുടെ പാരമ്പര്യവും വിശ്വാസജീവിതവും അടുത്തറിയുന്നതിനും യുവജനങ്ങൾക്ക് അവസരമൊരുക്കി. വിശുദ്ധ കുർബാന, ദിവ്യകാരുണ്യ ആരാധന, സ്തുതിപ്പും ആരാധനയും എന്നിവ സമ്മേളനത്തിന്റെ ആത്മീയ ചൈതന്യം വർധിപ്പിച്ചു.
ഘാന സ്വദേശിയും ചിക്കാഗോയിൽ വിശ്വാസപരിശീലന വിഭാഗം ഡയറക്ടറുമായ ഡോ. മാർക്ക് നിമോ, യുവജന അപ്പസ്തോലേറ്റ് രംഗത്ത് പ്രവർത്തിക്കുന്ന ഫാ. മെൽവിൻ പോൾ മംഗലത്ത്, അയർലൻഡിലെ യുവ ഇടവക വികാരിയും ദൈവവിളി പ്രോത്സാഹന വിഭാഗം ഡയറക്ടറുമായ ഫാ. കോനർ മഗ്രാത്ത് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകളും പ്രഭാഷണങ്ങളും നടത്തി. വിശ്വാസജീവിതം, യുവജനശുശ്രൂഷ, ഡിജിറ്റൽ സുവിശേഷവത്കരണം, സഭയിലെ യുവജനങ്ങളുടെ ഉത്തരവാദിത്വങ്ങൾ എന്നിവ ചർച്ചയായി.
ഡബ്ലിനിലെ സീറോ മലബാർ കുടുംബങ്ങൾ വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ യുവജനങ്ങളെ സ്വന്തം വീടുകളിൽ സ്വീകരിച്ച ഹോസ്റ്റ് ഫാമിലി പദ്ധതിയും സമ്മേളനത്തിന്റെ പ്രത്യേകതയായി. AWAKE മ്യൂസിക് മിനിസ്ട്രിയുടെ സംഗീതശുശ്രൂഷകളും നാല് റീജിയണുകളെ പ്രതിനിധീകരിച്ചുള്ള കലാ-നൃത്തപരിപാടികളും യുവജനങ്ങളുടെ കഴിവുകളും സർഗാത്മകതയും പ്രകടമാക്കി.
SMYM നാഷണൽ ടീം, യുവജന ആനിമേറ്റർമാർ, നാഷണൽ പാസ്റ്ററൽ കൗൺസിൽ അംഗങ്ങൾ, വിവിധ കമ്മിറ്റികൾ, സന്നദ്ധപ്രവർത്തകർ, ആതിഥേയ കുടുംബങ്ങൾ എന്നിവരുടെ കൂട്ടായ പ്രവർത്തനമാണ് സമ്മേളനത്തിന്റെ വിജയത്തിന് പിന്നിൽ. ബിഷപ്പുമാർ, വൈദികർ, പ്രഭാഷകർ, സംഘാടകർ, പങ്കെടുത്ത യുവജനങ്ങൾ തുടങ്ങി പരിപാടിയുമായി സഹകരിച്ച എല്ലാവർക്കും സംഘാടകർ നന്ദി അറിയിച്ചു.
'Rediscover Christ. Reunite with Christ. Remain in Christ' എന്ന സമ്മേളനത്തിന്റെ ആപ്തവാക്യം ജീവിതത്തിൽ പ്രാവർത്തികമാക്കി വിശ്വാസത്തിലും പ്രാർഥനയിലും സേവനത്തിലും വളർന്ന് ക്രിസ്തുവിന് സാക്ഷികളായി സമൂഹത്തിൽ പ്രവർത്തിക്കാനുള്ള ആഹ്വാനത്തോടെയാണ് AWAKE Ireland 2026 സമാപിച്ചത്.
Tags : SMYMIreland AWAKEIreland2026 YouthConvention SyroMalabarYouth DublinEvents RediscoverChrist