ബംഗളൂരു അംബേദ്കർ മെഡിക്കൽ കോളജ് നഴ്സിംഗ് കോളേജിലെ പൂർവ വിദ്യാർഥികൾ ഡി.കെ. ശിവകുമാറിനും ചാണ്ടി ഉമ്മൻ എംഎൽഎയ്ക്കുമൊപ്പം
ബംഗളൂരു: പഠനകാലത്തിന്റെ ഓർമകളും സൗഹൃദത്തിന്റെ ഇമ്പവും വീണ്ടും പുതുക്കി ബംഗളൂരു അംബേദ്കർ മെഡിക്കൽ കോളജ് നഴ്സിംഗ് കോളേജിലെ 1996 ബാച്ച് പൂർവ വിദ്യാർഥികൾ.
കോളജിൽ നിന്ന് പഠനം പൂർത്തിയാക്കി 30 വർഷങ്ങൾക്ക് ശേഷമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പഴയ സഹപാഠികൾ ഈ വികാരനിർഭരമായ സംഗമത്തിനായി എത്തിയത്.
ബംഗളൂരു ഓർക്കിഡ് കൺവെൻഷൻ സെന്റർ റിസോർട്ടിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങുകളോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് പഴയ കോളേജിൽ വെച്ച് പ്രത്യേക ഒത്തുചേരലും സംഘടിപ്പിച്ചു. ആനന്ദ് ട്രസ്റ്റ് ചെയർമാൻ ഡോ. റാണി സുജാത അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. നേത്രാവതി സന്നിഹിതയായിരുന്നു.

കോളജിൽ വളരെ സ്നേഹോഷ്മളമായ സ്വീകരണമാണ് പൂർവ വിദ്യാർഥികൾക്ക് ലഭിച്ചത്. തങ്ങളെ അന്ന് പാഠങ്ങൾ പഠിപ്പിച്ച പ്രിയപ്പെട്ട പഴയ അധ്യാപകരും ട്യൂട്ടർമാരും പ്രിൻസിപ്പലും ചടങ്ങിൽ പങ്കെടുത്തു. പഴയകാല ഓർമ്മകൾ പങ്കുവെച്ചും ഓരോരുത്തരുടെയും ഇപ്പോഴത്തെ ജീവിത സാഹചര്യങ്ങളെക്കുറിച്ച് സംസാരിച്ചും ആ വേദി സ്നേഹനിർഭരമായി.
മൂന്ന് ദിവസം നീണ്ടുനിന്ന ഈ സംഗമത്തിൽ അമേരിക്ക, ഓസ്ട്രേലിയ, കാനഡ, കുവൈറ്റ്, കേരളം തുടങ്ങി ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള പൂർവ്വ വിദ്യാർഥികളും കുടുംബാംഗങ്ങളും പങ്കെടുത്തു.
പ്രമുഖരുമായുള്ള കൂടിക്കാഴ്ചയും നഴ്സിംഗ് മേഖലയിലെ സഹകരണ ചർച്ചകളും
പരിപാടികളുടെ ഭാഗമായി കർണാടക മുഖ്യമന്ത്രി ബഹുമാനപ്പെട്ട ഡി.കെ. ശിവകുമാർ, ചാണ്ടി ഉമ്മൻ എം.എൽ.എ, ഡെപ്യൂട്ടി ബ്രിട്ടീഷ് കമ്മീഷണർ മിസ്റ്റർ ഹർഷ് ബീർ സൻഹ എന്നിവരുമായി പൂർവ്വ വിദ്യാർത്ഥികൾ കൂടിക്കാഴ്ച നടത്തി.
ഈ കോളേജിൽ നഴ്സിംഗ് പഠനം പൂർത്തിയാക്കിയ ശേഷം യുകെയിലെ ആഷ്ഫോർഡ് കെന്റിൽ നിന്ന് ബ്രിട്ടീഷ് പാർലമെന്റിലേക്ക് (എം.പി) തിരഞ്ഞെടുക്കപ്പെട്ട സോജൻ ജോസഫും ഈ ഒത്തുചേരലിന്റെ ഭാഗമായിരുന്നു.
.jpeg1793954934.jpg)
കൂടിക്കാഴ്ചയിൽ ഡെപ്യൂട്ടി ബ്രിട്ടീഷ് കമ്മീഷണറും സോജൻ ജോസഫ് എം.പിയും ചേർന്ന് കർണാടക മുഖ്യമന്ത്രിയുമായി ആരോഗ്യം, നഴ്സിംഗ് മേഖലകളിൽ ബ്രിട്ടനുമായുള്ള ഭാവി സഹകരണങ്ങളെക്കുറിച്ചും ഒന്നിച്ച് മുന്നോട്ട് പോകുന്നതിനുള്ള സാധ്യതകളെക്കുറിച്ചും വിശദമായ ചർച്ചകൾ നടത്തി.
വിവിധ മേഖലകളിൽ തങ്ങളുടെ വ്യക്തിപ്രഭാവം തെളിയിച്ച് വിജയം കൈവരിച്ച പൂർവ്വ വിദ്യാർത്ഥികളെ മുഖ്യമന്ത്രിയും മറ്റ് വിശിഷ്ടാതിഥികളും ചേർന്ന് അനുമോദിച്ചു. പരസ്പരമുള്ള സ്നേഹാന്വേഷണങ്ങളും കോളേജ് ഓർമകളുടെ അയവിറക്കലുകളുമായി മൂന്ന് ദിവസത്തെ ഒത്തുചേരൽ എല്ലാവരുടെയും മനസിൽ മായാത്ത ഓർമ്മയായി സമാപിച്ചു.
Tags : Ambedkar Nursing College Bangalore Ambedkar Nursing College Nursing College reunion Alumni