വേൾഡ് പീസ് കൗൺസിൽ എക്സിക്യൂട്ടിവ് യോഗത്തിനായി എത്തിയ പ്രതിനിധികൾ
ഡോണൾഡ് ട്രംപിന്റെ ജനവിരുദ്ധമായ ആഭ്യന്തര വിദേശ നയങ്ങൾ ലോക സമാധാനത്തെ തകിടം മറിച്ചു എന്ന് മൂന്നു ദിവസങ്ങളിലായി കാനഡ മോൺട്രിയലിൽ നടന്ന വേൾഡ് പീസ്കൗൺസിൽ യോഗം പുറത്തിറക്കിയ കമ്മ്യൂണിക്കയിൽ പറഞ്ഞു.
ലോകത്താകെ പ്രതിരോധത്തിന്റെ പേരിൽ ആയുധപ്പുരകൾ നിറക്കാൻ പ്രതിവർഷം രണ്ട് ട്രില്ല്യൻ യു എസ് ഡോളർ ചിലവാക്കുന്നുവെന്നും അതിൽ ഒരു ചെറുഭാഗമെങ്കിലും മാറ്റിവെച്ചാൽ ഇന്ന് ലോകത്താകമാനമുള്ള ദാരിദ്ര്യവും പട്ടിണിയും ഒഴിവാക്കാൻ കഴിയുമെന്നും യോഗത്തിൽ പറഞ്ഞു.
മൊത്തം ചിലവാക്കുന്ന തുകയുടെ അറുപതു ശതമാനവും നാറ്റോ അംഗരാജ്യങ്ങളാണ് ആയുധങ്ങൾക്കായി ചിലവഴിക്കുന്നത്. അമേരിക്കതന്നെ എതാണ്ട് അൻപതുശതമാനത്തോളം സമ്പത്ത് ആയുധപുരകൾക്കായി ചിലവഴിക്കുന്നു. സാമ്രാജ്യത്വ രാഷ്ട്രങ്ങൾ അടിച്ചേൽപ്പിച്ച യുദ്ധങ്ങളിൽ വേൾഡ് പീസ് കൗൺസിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചു.
റഷ്യ-ഉക്രൈൻ യുദ്ധം ആരംഭിച്ചിട്ട് അഞ്ചു വർഷം ആയിരിക്കുന്നു. ഇറാനിൽ അണുവായുധ പരീക്ഷണങ്ങൾ നടക്കുന്നു എന്നതിന്റെ പേരിൽ കഴിഞ്ഞവർഷം ജൂണിൽ ഇറാനിൽ കടന്നുകയറി അമേരിക്കയും ഇസ്രയേലും ആരംഭിച്ച കടന്നുകയറ്റം നിരപരാധികളായ ആയിരക്കണക്കിന് മനുഷ്യരുടെ ദാരുണമായ അന്ത്യത്തിനും വലിയ നാശനഷ്ടങ്ങൾക്കും കാരണമായി.
സ്കൂൾകുട്ടികളെപോലും കൊന്നൊടുക്കാൻ ഒരു മടിയുമില്ല എന്നതിന്റെ ഉദാഹരണമാണ് അമേരിക്ക ഇറാനിൽ നടത്തിയ 160 പെൺകുട്ടികളുടെ മരണത്തിനിടയാക്കിയ ബോംബിംഗ്. ഗൾഫ് മേഖലയിലെ എണ്ണ കൈക്കലാക്കാനുള്ള ഗൂഢശ്രമവും ഇതിനു പിന്നിൽ ഉണ്ട്. ഗൾഫ് മേഖലയിലെ അമേരിക്കൻ ആയുധ കേന്ദ്രങ്ങൾ ഉടൻ പിൻവലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ പങ്കെടുത്ത വിവിധരാഷ്ട്രങ്ങളിലെ നേതാക്കൾ പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ ആശങ്കരേഖപ്പെടുത്തി.
പാലസ്തീൻ ജനതക്കുനേരെ ഇസ്രായേൽ നടത്തുന്ന വംശഹത്യ കഴിഞ്ഞ മൂന്നു വർഷമായി നടന്നുകൊണ്ടേയിരിക്കുന്നു.ഐക്യരാഷ്ട്ര സഭയുടെ ശക്തമായ താക്കീതുകൾ മറികടന്ന് എല്ലാ വിധമനുഷ്യാവകാശങ്ങളും ലംഘിച്ച് അമേരിക്കൻ പിന്തുണയോടെ ഇസ്രായേലിന്റെ അക്രമണങ്ങൾ തുടരുന്നു. ലബനോണിൽ തുടർച്ചയായി ഇസ്രായേൽ നടത്തുന്ന അക്രമങ്ങളിൽ യോഗം ആശങ്ക രേഖപ്പെടുത്തി.
ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ലാറ്റിനമേരിക്കൻ രാഷ്ട്രങ്ങൾക്കുനേരെയുള്ള അമേരിക്കൻ ഇടപെടലിനെ യോഗം ശക്തമായി അപലപിച്ചു. വെനിസ്വേലയിൽ അതിക്രമിച്ചു കടന്നുകയറി പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയേയും അമേരിക്ക 2026 ജനുവരി മൂന്നിന് എല്ലാവിധ അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ച് തട്ടിക്കൊണ്ടുപോയി ഇപ്പോഴും തടവിൽ പാർപ്പിച്ചിരിക്കുകയാണ്.
ക്യൂബൻ ജനതക്കുനേരെ അമേരിക്ക തുടർന്നുകൊണ്ടിരിക്കുന്ന ഉപരോധം എല്ലാ വിധ മനുഷ്യാവകാശങ്ങളും ലംഘിച്ച് തുടർന്നുകൊണ്ടേയിരിക്കുന്നു. ക്യൂബയ്ക്കുമേലുള്ള കടുത്ത ഉപരോധം ജനജീവിതത്തെ ഗുരുതരമായി ബാധിച്ചു.ആശുപത്രികളുടെയും സ്കൂളുകളുടേയും പ്രവർത്തനങ്ങൾ നിലച്ചു.
ഉപരോധത്തെ തുടർന്ന് വൈദ്യുതി ഇല്ലാതാക്കിയതുമൂലം മാസങ്ങളായി ജനജീവിതം പ്രതിസന്ധിയിലായി. അമേരിക്കയിൽനിന്നും 90 മൈലുകൾ മാത്രം ദൂരത്തിലുള്ള ക്യൂബക്കുനേരെ സൈനിക ആക്രമണം ഇന്നത്തെ സാഹചര്യത്തിൽ എഴുതിതള്ളാൻ കഴിയില്ല എന്ന് വേൾഡ് പീസ് കൗൺസിൽ ആശങ്ക രേഖപ്പെടുത്തി.
കാനഡ മോൺട്രിയലിൽ മൂന്നു ദിവസങ്ങളിലായി നടന്ന വേൾഡ് പീസ് കൗൺസിൽ യോഗത്തിൽ ചെയർമാൻ പല്ലബ് സെൻഗുപ്ത അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഗ്രീക്ക് പാർലമെന്റ് അംഗംകൂടിയായ അത്തണോസിസ് പഫിലിസ് മുഖ്യ പ്രഭാഷണവും എക്സിക്യൂട്ടീവ് സെക്രട്ടറി ഇറാക്ലിസ് റിപ്പോർട്ടും അവതരിപ്പിച്ചു.
ഇന്ത്യയിൽ നിന്നും ദേശീയ ജനറൽ സെക്രട്ടറി ഹർചന്ദ് സിംഗ് ദേശീയ സെക്രട്ടറി അഡ്വ. വി.ബി. ബിനു എന്നിവർ ദേശീയ വിഷയങ്ങൾ അവതരിപ്പിച്ചു. ക്യൂബൻ പ്രതിനിധി ലീമ മാർട്ടിനസ്, വെനിസ്വേലിയൻ പ്രതിനിധി പോൾ ഡോബ്സൺ, ലബനോൺ പ്രതിനിധി മാസൻ ഹൗട്ടൈറ്റ്, വിയറ്റ്നാം പ്രതിനിധി നഗാ ഡോൻക് എന്നിവർ സ്വന്തം രാഷ്ട്രങ്ങൾക്കുനേരെ സാമ്രാജ്യത്വ രാഷ്ട്രങ്ങൾ നടത്തുന്ന കടന്നുകയറ്റങ്ങൾ വിശദീകരിച്ചു.
ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നും 32 എക്സിക്യൂട്ടീവ് അംഗ സംഘടനകൾ ചർച്ചയിൽ പങ്കാളികളായി. വേൾഡ് പീസ് കൗൺസിൽ ജനറൽ അസംബ്ലി 2027 നവംബറിൽ ടർക്കിയിൽ നടത്താൻ എക്സിക്യൂട്ടീവ് തീരുമാനിച്ചു.
Tags : World Peace Council Policies WorldPeace Council Donald Trump American politician