ടാലിൻ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയുടെ കരുത്തിൽ സ്വയം നിയന്ത്രിതമായി ഓടുന്ന ഡ്രൈവറില്ലാ കാറുകൾ എസ്തോണിയൻ നിരത്തുകളിലേക്ക് എത്തിച്ച് ജർമൻ സ്റ്റാർട്ടപ്പ് കമ്പനിയായ ’ബ്ലിക്’ Bliq). സാധാരണ റോബോട്ടാക്സി സർവീസുകളിൽ നിന്ന് വ്യത്യസ്തമായി, സ്വകാര്യ വ്യക്തികൾക്കും കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ വാഹനവ്യൂഹങ്ങൾക്കും ഉപയോഗിക്കാവുന്ന രീതിയിലാണ് കമ്പനി ഈ സാങ്കേതികവിദ്യ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
വാഹനങ്ങളുടെ മുകളിൽ ഘടിപ്പിക്കുന്ന അത്യാധുനിക ക്യാമറകൾ, സെൻസറുകൾ, ഓൺബോർഡ് കമ്പ്യൂട്ടറുകൾ എന്നിവയടങ്ങുന്ന പ്രത്യേക എഐ സംവിധാനമാണ് കാറുകളെ സ്വയം ഡ്രൈവ് ചെയ്യാൻ പ്രാപ്തമാക്കുന്നത്. പൂർണമായും യാന്ത്രികമാണെങ്കിലും സുരക്ഷ മുൻനിർത്തി റിമോട്ട് കൺട്രോൾ വഴി മനുഷ്യ ഓപ്പറേറ്റർമാരുടെ മേൽനോട്ടവും യാത്രകൾക്കുണ്ടാകും. സങ്കീർണമായ ട്രാഫിക് സാഹചര്യങ്ങളിലോ പ്രതിസന്ധികളിലോ സോഫ്റ്റ്വെയറിന് സഹായം ആവശ്യമെങ്കിൽ ഈ ഓപ്പറേറ്റർമാർക്ക് റിമോട്ടായി വാഹനത്തെ നിയന്ത്രിക്കാൻ സാധിക്കും.
സ്വയം നിയന്ത്രിത വാഹനങ്ങൾക്ക് (Autonomous vehicles) നിയമപരമായ അനുമതി നൽകിയ ആദ്യ യൂറോപ്യൻ രാജ്യങ്ങളിലൊന്നാണ് എസ്തോണിയ. ഈ പശ്ചാത്തലത്തിലാണ് ബ്ലിക് തങ്ങളുടെ പ്രവർത്തനം ഇവിടെ ആരംഭിച്ചത്. എസ്തോണിയയിലെ വിജയത്തിന് ശേഷം മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും തങ്ങളുടെ ഡ്രൈവർരഹിത വാഹന സാങ്കേതികവിദ്യ വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പ്രവാസികൾക്കും ഗതാഗത മേഖലയ്ക്കും വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നതാണ് ഈ പുതിയ മുന്നേറ്റം.
Tags : Deepika DeepikaNewspaper BreakingNews Driverless cars Estonian roads