ഡോ. ഹാമിദ് മുഹ്യുദ്ധീന്‍
ദോഹ: ഗള്‍ഫ് രാജ്യങ്ങളിലെ കാലാവസ്ഥയും ജീവിതശൈലിയും കാരണം പ്രവാസികള്‍ക്കിടയില്‍ വൈറ്റമിന്‍ ഡി കുറവ് വ്യാപകമായി കാണപ്പെടുന്നുണ്ടെന്നും ഇത് സമയബന്ധിതമായി തിരിച്ചറിഞ്ഞ് ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും ആരോഗ്യവിദഗ്ധന്‍ ഡോ. ഹാമിദ് മുഹ്യുദ്ധീന്‍ അഭിപ്രായപ്പെട്ടു.
സാധാരണയായി ശരീരത്തിലെ എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിനും വൈറ്റമിന്‍ ഡി ആവശ്യമാണെന്ന കാര്യമാണ് എല്ലാവരും എടുത്ത് പറയാറുള്ളത്. എന്നാല്‍ അതിനേക്കാളൊക്കെ ഹോര്‍മോണുകള്‍ നിയന്ത്രിക്കുന്നതിനും രോഗപ്രതിരോധ ശേഷി നിലനിര്‍ത്തുന്നതിനും അമിതവണ്ണം തടയുന്നതിനും സ്ത്രീകളിലെ ഹോര്‍മോണല്‍ ഇന്ബാലന്സസ് തടയുന്നതിനുമൊക്കെയാണ് വൈറ്റമിന്‍ ഡി നിര്‍ണായക പങ്കുവഹിക്കുന്നത്.
മതിയായ സൂര്യപ്രകാശം ലഭിക്കാത്തതും അടച്ചിട്ട ഓഫീസുകളിലും കെട്ടിടങ്ങളിലുമുള്ള ദീര്‍ഘനേരത്തെ ജോലി, ജീവിതശൈലിയിലെ മാറ്റങ്ങള്‍, ഭക്ഷണക്രമത്തിലെ പോരായ്മകള്‍ എന്നിവയാണ് പ്രവാസികളില്‍ വൈറ്റമിന്‍ ഡി കുറവ് വര്‍ധിക്കാന്‍ പ്രധാന കാരണങ്ങളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്ഷീണം, ശരീരവേദന, പേശികളുടെ ബലക്കുറവ്, എല്ലുവേദന, ഇടയ്ക്കിടെയുള്ള അസുഖങ്ങള്‍, മാനസിക ഉന്മേഷക്കുറവ് തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നവര്‍ വൈറ്റമിന്‍ ഡി പരിശോധന നടത്തുന്നത് നല്ലതാണെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ വൈറ്റമിന്‍ ഡി സപ്ലിമെന്റുകള്‍ ഉപയോഗിക്കാവൂ എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
വൈറ്റമിന്‍ ഡിയുടെ അഭാവത്തില്‍ നാം കഴിക്കുന്ന ഭക്ഷണത്തിലെ കൊഴുപ്പുകള്‍ അടിഞ്ഞുകൂടാന്‍ കാരണമാകാമെന്നും ഇത് വിവിധ രോഗങ്ങള്‍ക്ക് കാരണമാകാമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യകരമായ ജീവിതംഉറപ്പുവരുത്തുവാന് ഓരോര്‍ത്തര്‍ക്കും നിത്യവും എണ്ണായിരം യൂണിറ്റ് വൈറ്റമിന്‍ ഡി യെങ്കിലും അത്യാവശ്യമാണ്.
ആഴ്ചയില്‍ ഏതാനും ദിവസങ്ങളെങ്കിലും സുരക്ഷിതമായ സമയത്ത് സൂര്യപ്രകാശം ലഭിക്കുന്ന രീതിയില്‍ സമയം ചെലവഴിക്കുന്നതും വൈറ്റമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നതും ആവശ്യമെങ്കില്‍ മെഡിക്കല്‍ ഉപദേശപ്രകാരം സപ്ലിമെന്റുകള്‍ സ്വീകരിക്കുന്നതും ആരോഗ്യസംരക്ഷണത്തിന് സഹായകരമാണെന്ന് ഡോ. ഹാമിദ് മുഹ്യുദ്ധീന്‍ പറഞ്ഞു.
പ്രവാസികള്‍ തിരക്കേറിയ ജീവിതത്തിനിടയിലും ആരോഗ്യപരിചരണം ഉറപ്പുവരുത്തുകയും വൈറ്റമിന്‍ ഡി ഉള്‍പ്പെടെയുള്ള പോഷകഘടകങ്ങളുടെ അളവ് ഇടയ്ക്കിടെ പരിശോധിക്കുകയും ചെയ്യുന്നത് ഭാവിയിലെ ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Tags : Dr.HamidMuhyiddin VitaminD Deficiency