പരിപാടിയിൽ നിന്ന്
കുവൈറ്റ് സിറ്റി: കുവൈറ്റിൽ റീട്ടെയിൽ സാന്നിധ്യം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ജാബർ അൽ-അഹമ്മദിലെ ജാബർ മാളിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു. ഇതോടെ കുവൈറ്റിലെ ലുലു സ്റ്റോറുകളുടെ എണ്ണം 19 ആയി.
കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ പരമിത ത്രിപാഠി, കുവൈറ്റിലെ യുഎഇ അംബാസഡർ ഡോ. മതാർ ഹമീദ് അൽ നെയാദി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവരുടെ സാന്നിധ്യത്തിൽ കംബൈൻഡ് ഗ്രൂപ്പ് വൈസ് ചെയർമാൻ റാദ് ഖലഫ് അൽ അബ്ദുല്ല പുതിയ ലുലു ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.
കുവൈറ്റിൽ റീട്ടെയ്ൽ സാന്നിധ്യം കൂടുതൽ വിപുലമാക്കുകയാണെന്നും അഞ്ച് പുതിയ പദ്ധതികൾ കൂടി ഉടൻ യാഥാർഥ്യമാക്കുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വ്യക്തമാക്കി. അൽ ഷദാദിയയിൽ കുവൈറ്റിലെ ലുലുവിന്റെ ഏറ്റവും വലിയ ലോജിസ്റ്റിക്സ് കേന്ദ്രം തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ തൊഴിലവസരങ്ങൾക്കൊപ്പം പ്രാദേശിക വികസനത്തിന് കൂടിയാണ് ലുലു ശ്രമിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പബ്ലിക് അതോറിറ്റി ഫോർ ഹൗസിംഗ് വെൽഫെയറിന് (PAHW) കീഴിലുള്ള പൊതു-സ്വകാര്യ പങ്കാളിത്തതോടെയുള്ള J2 പദ്ധതിയുടെ ഭാഗമാണ് ജാബർ മാൾ.

19600 ചതുരശ്രയടിയിലുള്ള പുതിയ ഹൈപ്പർമാർക്കറ്റിൽ ഉത്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് ലഭ്യമാക്കിയിട്ടുള്ളത്. ഷോപ്പിംഗ് സുഗമാമാക്കാൻ സെൽഫ് ചെക്ക് ഔട്ട് കൗണ്ടറുകളും മികച്ച പാർക്കിംഗ് സൗകര്യവും ഉറപ്പാക്കിയിട്ടുണ്ട്.
ലുലു സിഇഒ സൈഫി രൂപാവാല; ലുലു എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി, ലുലു ഇന്റർനാഷണൽ ഹോൾഡിംഗ്സിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ആനന്ദ് റാം, ലുലു കുവൈറ്റ് ഡയറക്ടർ കെ.എസ്. ശ്രീജിത്ത്, റീജിയണൽ ഡയറക്ടർ സക്കീർ ഹുസൈൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
കുവൈറ്റ് മലയാളികൾക്ക് ഓണം ആഘോഷിക്കാൻ ഉത്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് ലുലു ഉറപ്പാക്കുന്നത്. നാട്ടിൽ നിന്ന് കുവൈത്തിലേക്ക് പ്രത്യേക ചാർട്ടേഡ് വിമാനത്തിലടക്കം ഓണസദ്യയ്ക്കുള്ള വിഭവങ്ങൾ എത്തിക്കുന്നുണ്ടെന്ന് എം.എ യൂസഫലി പറഞ്ഞു.
മിതമായ നിരക്കിൽ ഓണ വിഭവങ്ങളുടെ സുഗമമായ ലഭ്യതയാണ് ലുലു ഉറപ്പാക്കുന്നതെന്നും അദേഹം വ്യക്തമാക്കി.