പ്രതീകാത്മക ചിത്രം
പെൻസിൽവാനിയ: ഫൊക്കാന അന്താരാഷ്ട്ര കൺവൻഷൻ 2026ന്റെ ഭാഗമായി സംഘടിപ്പിച്ച യുവജന കലാമത്സരങ്ങളിൽ വടക്കേ അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ പുതുതലമുറ മികച്ച കലാപാടവം തെളിയിച്ചു.
നൃത്തം, സംഗീതം, പ്രസംഗം തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങൾ യുവപ്രതിഭകൾക്ക് കേരളീയ കലാപാരമ്പര്യവുമായി കൂടുതൽ അടുക്കാനുള്ള വേദിയായി. ഫൊക്കാന ജോയിന്റ് അസോസിയേറ്റ് ട്രഷറർ മില്ലി ഫിലിപ്പിനായിരുന്നു മത്സരങ്ങളുടെ ഏകോപന ചുമതല.
ആറ് മുതൽ 11 വയസ് വരെയും 12 മുതൽ 18 വയസ് വരെയുമുള്ള രണ്ട് പ്രായവിഭാഗങ്ങളിലായാണ് പ്രധാന മത്സരങ്ങൾ നടന്നത്. ക്ലാസിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, ലൈറ്റ് മ്യൂസിക്, ക്ലാസിക്കൽ മ്യൂസിക്, എലോക്യൂഷൻ തുടങ്ങിയ ഇനങ്ങളിൽ കുട്ടികളും കൗമാരക്കാരും മാറ്റുരച്ചു.
മത്സരങ്ങളിലെ ഏറ്റവും ഉയർന്ന വ്യക്തിഗത ബഹുമതിയായ കലാതിലകപ്പട്ടം ദേവിക പദ്മകുമാറും കലാപ്രതിഭപ്പട്ടം ജേസൺ മാത്യുവും സ്വന്തമാക്കി. വിവിധ മത്സരങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെയാണ് ഇരുവരും ഈ നേട്ടം കൈവരിച്ചത്.
ക്ലാസിക്കൽ ഡാൻസ് ഗ്രൂപ്പ് ഒന്നിൽ സുധിതി സുബിൻ ഒന്നാം സ്ഥാനവും റിവ പനയ്ക്കൽ രണ്ടാം സ്ഥാനവും നേടി. ഗ്രൂപ്പ് രണ്ടിൽ നിവിയ ജോയ് ഒന്നാം സ്ഥാനവും ദേവിക പദ്മകുമാർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
സിനിമാറ്റിക് ഡാൻസിൽ ഗ്രൂപ്പ് ഒന്നിൽ ജേസൺ മാത്യുവും ഗ്രൂപ്പ് രണ്ടിൽ ദേവിക പദ്മകുമാറും ഒന്നാം സ്ഥാനത്തെത്തി. ജൂഡിത്ത് മാത്യു രണ്ടാം സ്ഥാനം നേടി. ക്ലാസിക്കൽ ഗ്രൂപ്പ് ഡാൻസിൽ വരിഷ് ശേഖർ, സുധിതി സുബിൻ, ജൂലിയാന ജേക്കബ് എന്നിവർക്ക് പ്രത്യേക അംഗീകാരവും ലഭിച്ചു.
ലൈറ്റ് മ്യൂസിക്കിൽ ദേവിക പദ്മകുമാർ ഒന്നാം സ്ഥാനവും ജെബിൻ അജു ഉമ്മൻ രണ്ടാം സ്ഥാനവും നേടി. ക്ലാസിക്കൽ മ്യൂസിക് ഗ്രൂപ്പ് ഒന്നിൽ വരിഷ് ശേഖറും സുധിതി സുബിനും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഗ്രൂപ്പ് രണ്ടിൽ ദേവിക പദ്മകുമാർ ഒന്നാം സ്ഥാനത്തെത്തി.
പ്രസംഗ മത്സരത്തിലും യുവപ്രതിഭകൾ മികച്ച പ്രകടനം കാഴ്ചവച്ചു. ആറ് മുതൽ 11 വയസ് വരെയുള്ള വിഭാഗത്തിൽ ജേസൺ മാത്യു ഒന്നാം സ്ഥാനവും സുധിതി സുബിൻ രണ്ടാം സ്ഥാനവും നേടി. 12 മുതൽ 18 വയസ് വരെയുള്ള ഇംഗ്ലീഷ് പ്രസംഗത്തിൽ ഇവാൻ ചിറ്റിശേരി ഒന്നാം സ്ഥാനത്തെത്തിയപ്പോൾ മലയാളം പ്രസംഗത്തിൽ ജെബിൻ അജു ഉമ്മൻ ഒന്നാം സ്ഥാനം നേടി.
ഓഗസ്റ്റ് ആറ് മുതൽ ഒമ്പത് വരെ പെൻസിൽവാനിയയിലെ കൽഹാരി റിസോർട്ടിലായിരുന്നു ഫൊക്കാന കൺവൻഷൻ നടന്നത്. കുടുംബങ്ങൾക്കും യുവജനങ്ങൾക്കും പ്രത്യേക പ്രാധാന്യം നൽകിയ കൺവൻഷനിലെ കലാമത്സരങ്ങൾ കേരളീയ സംസ്കാരവും കലാപാരമ്പര്യവും പുതുതലമുറയിലേക്ക് കൈമാറുന്ന സജീവ വേദിയായി മാറി.
കലയുടെ വഴിയിലൂടെ കേരളവുമായുള്ള ബന്ധം പുതുക്കിയ യുവതാരങ്ങളുടെ നേട്ടങ്ങൾ അമേരിക്കൻ മലയാളി സമൂഹത്തിന്റെ അടുത്ത തലമുറയിൽ വളരുന്ന കലാസമ്പത്തിന്റെയും സാംസ്കാരിക ആത്മബന്ധത്തിന്റെയും മനോഹരമായ അടയാളമാണെന്ന് യുവജന കലാമത്സരങ്ങളുടെ കോഓർഡിനേറ്റർ മില്ലി ഫിലിപ്പ് പറഞ്ഞു. Wilstar IT Solutions-ന്റെ ഉടമ കൂടിയാണ് മില്ലി ഫിലിപ്പ്.
Tags : Fokana YouthFestival Winners NRINews