പരിപാടിയിൽ നിന്ന്
ഹാംബുർഗ്: ഹാംബുർഗ് മലയാളീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തിരുവോണാഘോഷം പ്രൗഢഗംഭീരമായി. 2020-ൽ വെറും 11 അംഗങ്ങളുമായി ആരംഭിച്ച കൂട്ടായ്മ ചുരുങ്ങിയ കാലയളവിനുള്ളിൽ 100-ലധികം അംഗങ്ങളുള്ള വലിയൊരു കുടുംബമായി വളർന്നത് ആഘോഷത്തിന് കൂടുതൽ മികവ് നൽകി.
നാടിന്റെ തനിമയും കേരളീയ സംസ്കാരവും നിലനിർത്തിക്കൊണ്ട് കുടുംബാംഗങ്ങളെ ഒരുമിപ്പിച്ചുകൊണ്ടായിരുന്നു ഇത്തവണത്തെ ഓണാഘോഷം. രാവിലെ 9.30ന് തോമസ് മാത്യു (ഹാംബുർഗ് ബാബു) പതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക് തുടക്കമായി.
ഈശ്വര പ്രാർഥനയെ തുടർന്ന് കുട്ടിയച്ചൻ, തോമസ് മാത്യു, മോളി, കമ്മിറ്റി അംഗങ്ങളായ ജിത്തു, ആതിര എന്നിവർ സംയുക്തമായി ഭദ്രദീപം തെളിച്ച് ഔപചാരികമായി പരിപാടികൾ ഉദ്ഘാടനം ചെയ്തു.

തിരുവാതിരക്കളി ചടങ്ങിന് കൂടുതൽ മാറ്റുകൂട്ടി. തോമസ് മാത്യു ഓണസന്ദേശം നൽകി. കുടുംബാംഗങ്ങളുടെ പരിചയപ്പെടൽ ചടങ്ങിനുശേഷം അഞ്ജലിയും ബോബനും ആലപിച്ച ഗാനങ്ങളും ശ്രദ്ധേയമായി.
തോമസ് മാത്യുവും സംഘവും അവതരിപ്പിച്ച വില്ലടിച്ചാൻപാട്ട് സദസിന്റെ പ്രശംസ നേടി. കേരളത്തിന്റെ നാടൻ കലാരൂപത്തെ മനോഹരമായി അവതരിപ്പിച്ച് കാണികളെ വിസ്മയിപ്പിച്ച ഹാംബുർഗ് ബാബുവിനും സംഘത്തിനും ഹാംബുർഗ് മലയാളീസിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിച്ചു.
എൽസീന, സുബി, മെറിൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് ഡാൻസും കുട്ടികളുടെ വിവിധ കലാപരിപാടികളും ആഘോഷങ്ങൾക്ക് കൂടുതൽ വർണ്ണപ്പൊലിമയേകി.

ഉച്ചയ്ക്ക് വാഴയിലയിൽ വിളമ്പിയ വിഭവസമൃദ്ധമായ പരമ്പരാഗത ഓണസദ്യയിൽ 22 ഇനം വിഭവങ്ങളും മൂന്ന് തരത്തിലുള്ള പായസവും ഉൾപ്പെട്ട സദ്യ ഓണാഘോഷത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായി.
ഉച്ചയ്ക്ക് ശേഷം വിവിധ രസകരമായ കായിക മത്സരങ്ങളും വിനോദപരിപാടികളും അരങ്ങേറി.

സുന്ദരിക്ക് പൊട്ടുതൊടൽ, മിഠായി പെറുക്കൽ, സൂചിയും നൂലും കോർക്കൽ, ഗ്ലാസിൽ വെള്ളം നിറയ്ക്കൽ, കണ്ണുകെട്ടി പങ്കാളിയെ കണ്ടെത്തൽ, റൊട്ടി കടി മത്സരം, കസേരകളി, ലെമൺ റേസ് തുടങ്ങിയ മത്സരങ്ങളിൽ കുട്ടികളും മുതിർന്നവരും ആവേശത്തോടെ പങ്കെടുത്തു.

ഹാംബുർഗിലെ ആദ്യ മലയാളി കൂട്ടായ്മയിൽ പിറന്ന, മലയാളി റസ്റ്ററന്റായ തനിമ റസ്റ്ററന്റ് സ്പോൺസർ ചെയ്ത ആവേശകരമായ വടംവലി മത്സരം ആഘോഷങ്ങൾക്ക് കൂടുതൽ ആവേശം പകർന്നു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

ആതിര, ബിനു, ഹണി, ജിത്തു, ലിജോ, മേജോ, രാകേഷ്, സോബിൻ, ടോണി എന്നിവരടങ്ങിയ കമ്മിറ്റി അംഗങ്ങളാണ് ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകിയത്.
പരിപാടിയുടെ സമാപനത്തിൽ കമ്മിറ്റി അംഗം ടോണി ബജറ്റ് അവതരിപ്പിച്ചു. ചടങ്ങിന്റെ ഭാഗമായി അടുത്ത വർഷത്തേക്കുള്ള പുതിയ കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു.

ബ്രിസോ, റോണി, ബിബിൻ, മനു, സഞ്ജു, റിൻസെലാൽ, സ്വപ്ന, നിക്കോൾ, ഉണ്ണിമായ, റജീന എന്നിവരാണ് പുതിയ കമ്മിറ്റി അംഗങ്ങൾ.
Tags : HamburgMalayaliAssociation Onam Celebration