സോഹ്റാൻ മംദാനി
ന്യൂയോർക്ക്: ബ്രോങ്ക്സിനു സമീപം ഫെഡറൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ നടത്തിയ വെടിവെയ്പിൽ ഒരാൾക്ക് പരിക്കേറ്റ സംഭവത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിനെതിരേ രൂക്ഷ പ്രതികരണവുമായി ന്യൂയോർക്ക് സിറ്റി മേയർ സോഹ്റാൻ മംദാനി.
അഞ്ച് വയസുള്ള കുട്ടി കാറിലിരിക്കുമ്പോഴാണ് ഫെഡറൽ ഏജന്റുമാർ ഇയാൾക്ക് നേരെ വെടിയുതിർത്തത്. സംഭവത്തെ തുടർന്ന് മേയർ മംദാനി പ്രസിഡന്റ് ട്രംപിനെ ഫോണിൽ ബന്ധപ്പെടുകയും നഗരത്തിലെ മുഴുവൻ ഐസ് എൻഫോഴ്സ്മെന്റ് നടപടികളും ഉടൻ നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
തങ്ങളുടെ സമൂഹങ്ങളെ ഭയപ്പെടുത്താൻ ഐസ് ഏജന്റുമാരെ അനുവദിക്കില്ലെന്ന് അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
സംഭവത്തിന്റെ പശ്ചാത്തലം:
ഈ മാസം എട്ടിന് ന്യൂയോർക്കിലെ മാർബിൾ ഹിൽ പ്രദേശത്താണ് സംഭവം നടന്നത്. ക്രിമിനൽ പശ്ചാത്തലമുള്ള ഡൊമിനിക്കൻ റിപ്പബ്ലിക് സ്വദേശിയായ അനധികൃത കുടിയേറ്റക്കാരനെ ലക്ഷ്യമിട്ടാണ് ഓപ്പറേഷൻ നടത്തിയതെന്ന് ഹോംലാൻഡ് സെക്യൂരിറ്റി അറിയിച്ചു.
വെടിയേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണെന്നും അപകടനഘട്ടം തരണം ചെയ്തതായും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഇയാളുടെ കാറിലുണ്ടായിരുന്ന അഞ്ച് വയസുള്ള കുട്ടി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
വർധിച്ചുവരുന്ന രാഷ്ട്രീയ സംഘർഷങ്ങൾ
ട്രംപ് ഭരണകൂടവും ന്യൂയോർക്കിലെ ഡെമോക്രാറ്റിക് നേതാക്കളും തമ്മിലുള്ള കുടിയേറ്റ വിഷയങ്ങളിലെ സംഘർഷം പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ് ഈ സംഭവം.
കുടിയേറ്റക്കാരോട് മൃദുസമീപനം സ്വീകരിക്കുന്ന ഡെമോക്രാറ്റിക് നയങ്ങളാണ് ഇത്തരം പ്രതിസന്ധികൾക്ക് കാരണമെന്ന് ഹോംലാൻഡ് സെക്യൂരിറ്റി കുറ്റപ്പെടുത്തി.
സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും ഉദ്യോഗസ്ഥരുടെ ബോഡി കാമറ ദൃശ്യങ്ങൾ പുറത്തുവിടണമെന്നും ന്യൂയോർക്ക് ഇമിഗ്രന്റ് കോളിഷൻ അടക്കമുള്ള സംഘടനകൾ ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്.
Tags : ZohranMamandani NewYorkCity ICEEnforcement USImmigration DonaldTrump