ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
കൊളോണ്‍: ജര്‍മനിയിലെ പ്രമുഖ കായിക കൂട്ടായ്മകളിലൊന്നായ ചലഞ്ചേഴ്സ് സ്പോര്‍ട്സ് ക്ലബ് കൊളോണ്‍ തങ്ങളുടെ 40-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന "സിഎസ്സി ഓപ്പണ്‍ 2026' ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ശനിയാഴ്ച നടക്കും.
1986-ല്‍ സ്ഥാപിതമായ ക്ലബിന്റെ നാല് പതിറ്റാണ്ടിന്റെ വിജയഗാഥ ആഘോഷിക്കുന്നതിനൊപ്പം കായിക മേഖലയിലൂടെയുള്ള സൗഹൃദവും സാംസ്കാരിക കൂട്ടായ്മയും ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.
കൊളോണ്‍ ഹോള്വൈഡെയിലുള്ള ബുര്ഗ്വീസെന്സ്ട്രാസെ 125 ഹാളിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. രാവിലെ 10ന് മത്സരങ്ങള്‍ ആരംഭിക്കും.
മത്സര വിവരങ്ങളും വിഭാഗങ്ങളും
മത്സര വിഭാഗങ്ങള്‍: മെന്‍സ് ഡബിള്‍സ്, വിമെന്‍സ് ഡബിള്‍സ്, മിക്സഡ് ഡബിള്‍സ് എന്നീ ഓപ്പണ്‍ ഡബിള്‍സ് വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.
പങ്കാളിത്തം: റിക്രിയേഷന്‍, അമച്വര്‍ തലത്തിലുള്ള കളിക്കാര്‍ക്കാണ് അവസരം. (ബെസിര്ക്സ് ലീഗയോ അതിനു മുകളിലോ കളിക്കുന്ന പ്രഫഷണല്‍ താരങ്ങള്‍ക്ക് പങ്കെടുക്കാന്‍ അനുമതിയില്ല).
ടീമുകള്‍: 24 ടീമുകള്‍ക്ക് (ആറ് ഗ്രൂപ്പ്, നാല് ടീം, 48 കളിക്കാര്‍) മാത്രമാണ് മത്സരത്തില്‍ അവസരം നല്‍കിയിരിക്കുന്നത്.
ഷട്ടില്‍: യോനെക്സ് മാവിസ് 600 (മീഡിയം സ്പീഡ്) ഷട്ടിലുകളാണ് മത്സരങ്ങള്‍ക്കായി ഉപയോഗിക്കുന്നത്.
സമ്മാനങ്ങള്‍: ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിക്കും.
വിപുലമായ ക്രമീകരണങ്ങള്‍: പങ്കെടുക്കുന്ന താരങ്ങള്‍ക്ക് സൗജന്യമായാണ് രജിസ്ട്രേഷന് അനുവദിച്ചിട്ടുള്ളത്. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി കുടിവെള്ളവും ഭക്ഷണവും സംഘാടകര്‍ ക്രമീകരിച്ചിട്ടുണ്ട്.
"പാം ക്ലിനിക്ക്' ആണ് ടൂര്‍ണമെന്റിന്റെ ഒഫീഷ്യല്‍ സ്പോണ്സര്. മത്സരങ്ങൾ കാണാൻ എല്ലാ ബാഡ്മിന്റണ്‍ പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി ചലഞ്ചേഴ്സ് ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: [email protected].
Tags : BADMINTONTOURNAMENT CSCOPEN2026 Europe