റിയാദ്: കേളി കലാസാംസ്കാരിക വേദി മലാസ് ഏരിയയുടെ നേതൃത്വത്തില്‍ "ആവണി 2025' എന്ന പേരില്‍ ഓണാഘോഷം സംഘടിപ്പിച്ചു. മലാസ് ഏരിയയെ മൂന്നായി വിഭജിച്ചതിനെ ശേഷം നടന്ന ആദ്യത്തെ ഓണാഘോഷ പരിപാടിയിൽ റിയാദിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരും കുടുംബാംഗങ്ങളും അടക്കം എണ്ണൂറിലധികം പേർ പങ്കെടുത്തു.
കേളി അംഗങ്ങൾ തയാറാക്കിയ ഓണസദ്യയോടെയാണ് ആഘോഷം തുടങ്ങിയത്. ചെണ്ട മേളത്തോടുകൂടിയുള്ള മാവേലിയുടെ വരവും നിരവധി ഓണക്കളികളും പരിപാടിയുടെ മാറ്റുകൂട്ടി. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ എല്ലാ പരിപാടികളിലും പങ്കാളികളായി.
തുടർന്ന് രാത്രിയോട് കൂടി നിരവധി കലാകാരന്മാർ അവതരിപ്പിച്ച സ്റ്റേജ് പ്രോഗ്രാമുകളും മലാസ് യൂണിറ്റ് അംഗമായ ഷുഹൈബിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച മ്യൂസിക് ഇവന്റും ഡിജെയും അരങ്ങേറി.
ഷിനു നവീൻ രൂപം നൽകിയ വി.എസ്. അച്യുതാനന്ദന്റെ ചിത്രം ആലേഖനം ചെയ്ത പൂക്കളം ശ്രദ്ധേയമായി. ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനത്തിന് മലാസ് ഏരിയ സെക്രട്ടറി വി .എം. സുജിത്ത് സ്വാഗതം പറഞ്ഞു.
സമ്മേളനം സാഹിത്യ - സാമൂഹിക പ്രവർത്തകനും മലയാളം മിഷൻ സൗദി ചാപ്റ്റർ സെക്രട്ടറിയുമായ ജോമോൻ സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു.

മുഖ്യരക്ഷാധികാരി കെ.പി.എം. സാദിഖ്, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിൻ ഇക്ബാൽ, ട്രഷറർ ജോസഫ് ഷാജി, രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ, മലാസ് രക്ഷാധികാരി സമിതി കൺവീനർ സുനിൽകുമാർ, ഏരിയ ട്രഷറർ സിംനേഷ്, കേന്ദ്രകമ്മിറ്റി അംഗം നൗഫൽ ഉള്ളാട്ട്ചാലി എന്നിവർ ആശംസകൾ നേർന്നു.
ചടങ്ങിൽ കേളി സെക്രട്ടറിയേറ്റ് അംഗങ്ങൾ, കേന്ദ്രകമ്മിറ്റി അംഗങ്ങൾ, മലാസ് രക്ഷാധികാരി സമിതി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ, യൂണിറ്റ് ഭാരവാഹികൾ, വിവിധ യൂണിറ്റംഗങ്ങൾ, കൂടാതെ വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു.
ഏരിയ പ്രസിഡന്റ് സമീർ അബ്ദുൾ അസീസ് അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിന് സംഘാടക സമിതി കൺവീനർ റനീസ് കരുനാഗപള്ളി നന്ദി അറിയിച്ചു.
Tags : Keli Malas Area Onam Celebration Gulf News