റിയാദ്: കേളി കലാസാംസ്കാരിക വേദി പ്രവാസികൾക്കായി ഏർപ്പെടുത്തിയ കുടുംബ സുരക്ഷാ ഫണ്ട് കൊട്ടാരക്കര സ്വദേശി കോശി ലൂക്കോസിന്റെ കുടുംബത്തിന് കൈമാറി.
കൊട്ടാരക്കരയിലെ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ കേരള പ്രവാസി സംഘം ഏരിയ സെക്രട്ടറി ബെന്നി ഡാനിയേൽ അധ്യക്ഷത വഹിച്ചു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും കൊട്ടാരക്കര എംഎൽഎയുമായ കെ.എൻ. ബാലഗോപാൽ ഫണ്ട് കോശി ലൂക്കോസിന്റെ ഭാര്യ ലീലാമ്മ കോശിക്ക് കൈമാറി.
കഴിഞ്ഞ 30 വർഷമായി അൽഖർജ് സനയ്യയിൽ പ്ലമ്പിംഗ്-ഇലക്ട്രിക്കൽ ഷോപ്പ് നടത്തി വരികയായിരുന്ന കോശി ലൂക്കോസ് അവധിക്കായി നാട്ടിലെത്തിയ സമയത്താണ് മരണമടഞ്ഞത്.
പ്രവാസി മലയാളികൾക്കായി കേളി കഴിഞ്ഞ വർഷം ആരംഭിച്ച കുടുംബ സുരക്ഷാ ഫണ്ട്, അപ്രതീക്ഷിത വിയോഗങ്ങൾ സംഭവിക്കുമ്പോൾ കുടുംബങ്ങൾക്ക് താത്കാലിക ആശ്വാസം നൽകുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പദ്ധതിയാണ്.
കേളി അൽഖർജ് ഏരിയ കമ്മിറ്റി അംഗം ജയൻ, കോശി ലൂക്കോസിന്റെ മകൻ റെജി ലൂക്കോസ്, കേളി മുൻ അംഗങ്ങളായ ബേബിക്കുട്ടി, ഓമനക്കുട്ടൻ, സിപിഎം കൊട്ടാരക്കര ഏരിയ സെക്രട്ടറി പി.കെ. ജോൺസൻ, കൊട്ടാരക്കര മുനിസിപ്പൽ മുൻ ചെയർമാൻ എസ്.ആർ. രമേശ്, കേരള പ്രവാസി സംഘം ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കേളി കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന ബേബിക്കുട്ടി സ്വാഗതവും കേളി ന്യൂ സനയ്യ ഏരിയ രക്ഷാധികാരി സെക്രട്ടറി ബൈജു ബാലചന്ദ്രൻ നന്ദിയും പറഞ്ഞു.