എഡ്മണ്ടൺ (കാനഡ): എഡ്മണ്ടൺ സെന്റ് ജേക്കബ് സിറിയക് ഓർത്തഡോക്സ് ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ഈ മനോഹര തീരം 2026’ സാംസ്കാരിക ദൃശ്യവിരുന്നിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. പ്ലസന്റ് വ്യൂ കമ്യൂണിറ്റി ലീഗ് ഓഡിറ്റോറിയത്തിൽ ഈ മാസം 19, 20 (വെള്ളി, ശനി) തീയതികളിലാണ് മേള അരങ്ങേറുന്നത്.
പ്രവാസി മലയാളി സമൂഹത്തിന്റെ വൻ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്ന കഴിഞ്ഞ വർഷത്തെ പരിപാടിയുടെ വിജയത്തുടർച്ചയായാണ് ഇത്തവണ രണ്ടു ദിവസങ്ങളിലായി വിപുലമായ ആഘോഷം സംഘടിപ്പിക്കുന്നത്. മേളയിലേക്കുള്ള പ്രവേശനം പൊതുജനങ്ങൾക്ക് പൂർണമായും സൗജന്യമായിരിക്കും.
കേരളത്തിന്റെ തനത് രുചിക്കൂട്ടുകൾ തത്സമയം പാചകം ചെയ്തു നൽകുന്ന വിപുലമായ നാടൻ തട്ടുകട തന്നെയാണ് ഈ വർഷത്തെയും പ്രധാന ആകർഷണം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന വൈവിധ്യമാർന്ന പ്രാദേശിക വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള ഭക്ഷണശാല മേളയിലുടനീളം സജീവമായിരിക്കും.
ഗൃഹാതുരത്വമുണർത്തുന്ന രുചികൾ പ്രവാസികൾക്കായി തത്സമയം ഒരുക്കുന്ന വിപുലമായ ക്രമീകരണങ്ങളാണ് വേദിയിൽ പൂർത്തിയായിട്ടുള്ളത്. മേളയുടെ ആദ്യദിനമായ 19ന് ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി ഒമ്പത് വരെ പ്രത്യേക ചലച്ചിത്ര പ്രദർശനവും തട്ടുകടയുടെ ലോഞ്ചും നടക്കും.
ഉച്ചയ്ക്ക് രണ്ട് മുതൽ വൈകുന്നേരം അഞ്ച് വരെ എക്കാലത്തെയും ഇന്ത്യയിലെ ഏറ്റവും ജന സ്വീകാര്യമായ ഹിന്ദി ചലച്ചിത്രവും തുടർന്ന് വൈകുന്നേരം 5.30 മുതൽ രാത്രി 8.30 വരെ പ്രമുഖ മലയാള ചലച്ചിത്രവുമാണ് പ്രദർശിപ്പിക്കുന്നത്.
രണ്ടാം ദിനമായ 20ന് രാവിലെ 10 മുതൽ രാത്രി 10 വരെ വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളും കുടുംബങ്ങൾക്കായുള്ള വിനോദങ്ങളും അരങ്ങേറും.
എഴുപത്, എൺപത്, തൊണ്ണൂറുകളിലെ മലയാളം, തമിഴ്, ഹിന്ദി നിത്യഹരിത ഗാനങ്ങൾ കോർത്തിണക്കി എഡ്മണ്ടണിലെ പ്രമുഖ ഗായകർ അണിനിരക്കുന്ന ലൈവ് ഗാനമേള ശനിയാഴ്ചത്തെ പ്രധാന ആകർഷണമായിരിക്കും.
ആഘോഷങ്ങളുടെ ഭാഗമായി ആകർഷകമായ സമ്മാനങ്ങൾ നേടാനുള്ള ലക്കി ഡ്രോ മത്സരവും സംഘാടകർ ഒരുക്കിയിട്ടുണ്ട്. 10 ഡോളർ മൂല്യമുള്ള ഒരൊറ്റ കൂപ്പൺ വഴി മണിക്കൂറുകൾ തോറും നടക്കുന്ന നറുക്കെടുപ്പുകളിലും രണ്ട് മെഗാ സമ്മാനങ്ങൾ നിർണയിക്കുന്ന ഗ്രാൻഡ് ലക്കി ഡ്രോയിലും പങ്കാളികളാകാൻ പൊതുജനങ്ങൾക്ക് അവസരമുണ്ടാകും.
വിവരങ്ങൾക്കും ലക്കി ഡ്രോ കൂപ്പണുകൾക്കുമായി (780) 884-7337 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. സിനിമയും സംഗീതവും തത്സമയ രുചിക്കൂട്ടുകളും ഒത്തുചേരുന്ന മേളയിലേക്ക് മുഴുവൻ മലയാളി കുടുംബങ്ങളെയും സ്വാഗതം ചെയ്യുന്നതായും മഴ സാധ്യത കണക്കിലെടുത്ത് ആളുകൾക്ക് തടസങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ക്രമീകരണങ്ങൾ ചെയ്തതായും സംഘാടക സമിതി അറിയിച്ചു.
Tags : manoharatheeram canada nri news