കാലിഫോർണിയ: ∙മെഡികെയർ തട്ടിപ്പ് കേസിൽ ഇന്ത്യൻ വംശജർ യുഎസിൽ അറസ്റ്റിൽ. റജിസ്റ്റേർഡ് നഴ്സായ അമേലു ഗിൽ (70), ഭർത്താവും സൈക്കോളജിസ്റ്റുമായ ഗ്ലാഡ്വിൻ ഗിൽ (66) എന്നിവരാണ് യുഎസ് പോലീസിന്റെ പിടിയിലായത്.
ഹോസ്പിസ് കെയറിലൂടെ (പാലിയേറ്റീവ് കെയർ പരിചരണം) 52 ലക്ഷം ഡോളറിന്റെ (ഏകദേശം 43 കോടി രൂപ) തട്ടിപ്പ് നടത്തിയ കേസിലാണ് അറസ്റ്റ്.കലിഫോർണിയയിലെ കോവിനയിൽ താമസിക്കുന്ന ഇന്ത്യൻ വംശജരായ ദമ്പതികളെ ഏപ്രിൽ 2 ന് അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.
അനഹൈമിലെ തങ്ങളുടെ ഉടമസ്ഥതയിലുള്ള ‘സെന്റ് ഫ്രാൻസിസ് പാലിയേറ്റീവ് കെയർ’ വഴി ചികിത്സ ആവശ്യമില്ലാത്തവർക്കും സേവനം നൽകാത്തവർക്കും വേണ്ടി വ്യാജ ബില്ലുകൾ സമർപ്പിച്ചാണ് ഇവർ പണം തട്ടിയത്. മാരകമായ രോഗങ്ങളില്ലാത്തവരെ പോലും ഹോസ്പിസ് കെയറിൽ ഉൾപ്പെടുത്തി പ്രതികൾ മെഡിക്കെയറിൽ നിന്ന് പണം തട്ടിയെടുത്തു.
കോവിനയിലെ ആഡംബര വില്ലയുടെ ലോൺ തിരിച്ചടയ്ക്കാനും വിദേശയാത്രകൾക്കും ആഡംബര കാറുകൾ വാങ്ങാനും തട്ടിപ്പിലൂടെ ലഭിച്ച പണം ദമ്പതികൾ ചെലവഴിച്ചെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
പ്രമുഖ വ്യക്തികൾക്കും സെലിബ്രിറ്റികൾക്കുമൊപ്പമുള്ള ചിത്രങ്ങൾ ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഈ തട്ടിപ്പ് വഴി സർക്കാരിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായി ഹെൽത്ത് ആന്റ് ഹ്യൂമൻ സർവീസസ് വിഭാഗം അറിയിച്ചു.ദക്ഷിണ കലിഫോർണിയയിൽ ഹോസ്പിസ് മേഖലയിൽ തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് എഫ്ബിഐ വ്യക്തമാക്കി.
Tags : Medicare fraud couple arrested