ബർലിൻ: നീണ്ട വരൾച്ചയ്ക്കിടയിൽ ജർമനിയുടെ വിവിധ ഭാഗങ്ങളിൽ ആഞ്ഞടിച്ച ശക്തമായ കൊടുങ്കാറ്റിലും മഴയിലും കനത്ത നാശനഷ്ടം. വ്യാഴാഴ്ച പുലർച്ചെയോടെ ഉണ്ടായ പ്രകൃതിക്ഷോഭത്തിൽ ഒരാൾ മരിക്കുകയും നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. പടിഞ്ഞാറൻ, മധ്യ ജർമനിയിലെ വിവിധ പ്രദേശങ്ങളിലാണ് കാറ്റ് കനത്ത നാശം വിതച്ചത്.
പടിഞ്ഞാറൻ ജർമൻ സംസ്ഥാനമായ റൈൻലാൻഡ്പാലറ്റിനേറ്റിലാണ് ദാരുണമായ മരണം സംഭവിച്ചത്. വാൾഡോർഫ് ഗ്രാമത്തിൽ സുഹൃത്തിനൊപ്പം നടക്കാനിറങ്ങിയ 58 വയസുകാരിയാണ് മരിച്ചത്. പെട്ടെന്നുണ്ടായ കാറ്റിൽ നിന്ന് രക്ഷനേടാൻ ഇവർ സമീപത്തെ മേൽക്കൂരയുള്ള ഔട്ട്ഡോർ ഇരിപ്പിടത്തിലേക്ക് മാറിയെങ്കിലും, മുകളിലേക്ക് മരം കടപുഴകി വീഴുകയായിരുന്നു. ഇവർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബവേറിയയിലെ ക്രോണാഹിൽ നടന്ന ഒരു പ്രാദേശിക ഉത്സവ നഗരിയിൽ കാറ്റ് ആഞ്ഞടിച്ചതിനെത്തുടർന്ന് ആളുകളെ ഒഴിപ്പിച്ചു. ഏകദേശം 3,500 പേരെ ഔട്ട്ഡോർ വേദിയിൽ നിന്നും സുരക്ഷിതമായി ബിയർ ഹാളുകളിലേക്ക് മാറ്റി.
ഹെസ്സനിലെ വെറ്റ്സ്ലാർ മേഖലയിൽ മാത്രം അറുപതോളം വീടുകൾക്ക് ചുഴലിക്കാറ്റിൽ ഭാഗികമായി കേടുപാടുകൾ സംഭവിച്ചതായി ഫയർഫോഴ്സ് അറിയിച്ചു.
തുരിങ്ങൻ, ബ്രാൻഡൻബുർഗ് എന്നിവിടങ്ങളിൽ കൊടുങ്കാറ്റിൽ മരങ്ങൾ വീണും ഗതാഗതം തടസപ്പെട്ടും വ്യാപകമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. അടിയന്തര രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
മോശം കാലാവസ്ഥ തുടരാൻ സാധ്യതയുള്ളതിനാൽ ജർമനിയിലെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Tags : Deepika DeepikaNewspaper BreakingNews Powerful storm batters Germany