വിമാന സർവീസുകൾ
ദമ്മാം: സൗദി അറേബ്യയിലെ റിയാദ്, ജിദ്ദ എന്നീ സ്ഥലങ്ങളിൽ നിന്നും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേയ്ക്ക് നേരിട്ടുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ നിർത്തലായിട്ട് ഒമ്പത് മാസം പിന്നിട്ടിട്ടും, അവ പുനഃസ്ഥാപിക്കാൻ നടപടി എടുക്കാത്ത മാനേജ്മെന്റിന്റെ നിരുത്തരവാദപരമായ സമീപനം അവസാനിപ്പിയ്ക്കണമെന്ന് നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.
2025 ഒക്ടോബറിലാണ് എയർ ഇന്ത്യ എക്സ്പ്രസ് റിയാദിൽ നിന്നും, ജിദ്ദയിൽ നിന്നും തിരുവനന്തപുരത്തേക്ക് നേരിട്ടുള്ള സർവീസുകൾ പൂർണമായും അവസാനിപ്പിച്ചത്. ഇതോടെ തെക്കൻ കേരളത്തിലെ ആയിരക്കണക്കിന് പ്രവാസികളാണ് കടുത്ത യാത്രാദുരിതത്തിലായത്.
നിലവിൽ കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങൾ വഴിയോ, വിദേശ രാജ്യങ്ങളിലെ ട്രാൻസിറ്റ് സർവീസുകൾ ആശ്രയിച്ചോ മാത്രമാണ് പ്രവാസികൾക്ക് നാട്ടിലെത്താൻ സാധിക്കുന്നത്. ഇത് അധിക യാത്രാസമയത്തിനും, ഉയർന്ന ടിക്കറ്റ് നിരക്കിനും വഴി വെക്കുന്നതിനൊപ്പം, പ്രവാസികളുടെ കുടുംബസമേതമുള്ള യാത്രകളെ വലിയ ദുരിതമാക്കി മാറ്റുകയുമാണ്.
ഇക്കാര്യത്തിൽ എയർ ഇന്ത്യ എക്സ് പ്രസ്സ് അധികൃതർ ഉടനടി നടപടി കൈക്കൊള്ളാനായി കേന്ദ്ര വ്യോമയാന മന്ത്രാലയം ഇടപെടണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളിയും, ജനറൽ സെക്രെട്ടറി എം.എ.വാഹിദ് കാര്യറയും വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.
Tags : flight services Thiruvananthapuram Airport