ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ഷിക്കാഗോ: ചങ്ങനാശേരി സെന്റ് ബെര്‍ക്ക്മാന്‍സ്, അസംപ്ഷന്‍ കോളജ് പൂര്‍വവിദ്യാര്‍ഥി അസോസിയേഷനുകള്‍ സംഘടിപ്പിക്കുന്ന അമേരിക്കയിലെ പ്രഥമ ദേശീയ കണ്വന്ഷന് വ്യാഴാഴ്ച ഷിക്കാഗോയില്‍ നടക്കും.
നോര്‍ത്ത് അമേരിക്കയില്‍ ആദ്യമായി സംഘടിപ്പിക്കുന്ന പൂര്‍വവിദ്യാര്‍ഥി സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കണ്വന്ഷന് ചെയര്മാന് മാത്യു ദാനിയേല്‍ അറിയിച്ചു. അമേരിക്കയിലും കാനഡയിലുമുള്ള മുന്നോറില്പ്പരം പ്രതിനിധികള്‍ പങ്കെടുക്കുന്ന അര്‍ധദിന കണ്വന്ഷന്, ബെന്‍സെന്‍വില്‍ സേക്രട്ട് ഹാര്‍ട്ട് ഓഡിറ്റോറിയത്തില്‍ രാവിലെ എട്ടിന് ആരംഭിച്ച് ഉച്ചക്ക് ഒന്നിന് സമാപിക്കും.
എസ്ബി കോളജിന്റെ പൂര്‍വവിദ്യാര്‍ഥികളായ കര്‍ദിനാള്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്, ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍, കേരള ഗവണ്മെന്റ് പ്രിന്‍സിപ്പൾ സെക്രട്ടറി രാജു നാരായണസ്വാമി എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
എസ്ബി കോളജ് പ്രിന്‍സിപ്പൾ ഫാ.ഡോ. റ്റെഡി തോമസ് കാഞ്ഞൂപ്പറമ്പില്‍, അസംപ്ഷന്‍ കോളജ് പ്രിന്‍സിപ്പൾ ഡോ. റാണി മരിയ തോമസ് എന്നിവരും കണ്‍വന്‍ഷനില്‍ പങ്കെടുക്കും. ഫാ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍ പ്രസംഗിക്കും.
മെഡിക്കല്‍, എന്‍ജിനീയറിംഗ്, നഴ്സിംഗ്, ശാസ്ത്ര-സാങ്കേതികം, ബിസിനസ്, സ്റ്റേറ്റ്/കമ്യൂണിറ്റി സര്‍വീസ് എന്നി വിവിധ മേഖലകളില്‍ അമേരിക്കയില്‍ ഉന്നതസേവനം ചെയ്തു വ്യക്തിമുദ്ര പതിപ്പിച്ച തെരഞ്ഞെടുക്കപ്പെട്ട പൂര്വവിദ്യാര്ഥികളെ കണ്‍വന്‍ഷനില്‍ ആദരിക്കും.

സ്റ്റീയറിംഗ് കമ്മിറ്റി അംഗങ്ങളായ ഡോ. മനോജ് നേര്യംപറമ്പില്‍, ദയാലു ജോസഫ് (കലിഫോര്‍ണിയ), പിന്റോ കണ്ണമ്പള്ളി (മെറിലാന്‍ഡ്), ടോം പെരുമ്പായില്‍ (ന്യൂജഴ്സി), ജോര്‍ജ് ജോസഫ് വിലങ്ങോലില്‍, ഡോ. ബിന്ദു ജോര്‍ജ് തോബിയാസ് (ടെക്സസ്), പ്രഫ. ആര്. ജയകൃഷ്ണന് (കലിഫോര്‍ണിയ), ലീല മാരേട്ട് (ന്യൂയോര്‍ക്ക്) എന്നിവരാണ് കണ്വന്ഷന് നേതൃത്വം നകുന്നത്.
കണ്വന്ഷന് വിജയകരമാക്കാന്‍ ആതിഥേയരായ ഷിക്കാഗോ എസ്ബി അസംപ്ഷന്‍ കോളജ് അലുംനി അസോസിയേഷന് ഭാരവാഹികള്‍ വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു.
പ്രഫ. ജെയിംസ് ഓലിക്കര, തോമസ് ഡിക്രൂസ്, അമ്പിളി ജോര്‍ജ് (പ്രോഗ്രാം, അവാര്‍ഡ്സ്, മീഡിയ), ബോബന് കളത്തില്‍, ബിജി കൊല്ലാപുരം, ജോസഫ് കാളാശേരി, ഷാജി കൈലാത്ത് (റിസപ്ഷന്), കാര്‍മല്‍ തോമസ്, ഷിജി ചിറയില്‍ (കള്‍ച്ചറല്‍ പ്രോഗ്രാം), ഷിബു അഗസ്റ്റിന്, മനീഷ് തോപ്പില്‍, സെബാസ്റ്റ്യന്‍ വാഴേപറമ്പില്‍ (ഫിനാന്‍സ്) എന്നിവരാണ് കമ്മിറ്റികള്‍ക്കു നേതൃത്വം നല്‍കുന്നത്.
ഡോ. വിന്‍സെന്റ് കുട്ടംപേരൂര്‍ (വിസ്കോണ്‍സിന്‍) ആണ് കണ്‍വന്‍ഷന്റെ ഗ്രാന്‍ഡ് സ്പോണ്സര്. ടാജ് മാത്യു (ന്യൂയോര്‍ക്ക്) എഡിറ്ററായി തയാറാക്കിയ കണ്വന്ഷന് സുവനീര്‍ കര്‍ദിനാള്‍ പ്രകാശനം ചെയ്യും.
ബിഷപ്പുമാരും എസ്ബി അസംപ്ഷന്‍ കോളജ് പ്രതിനിധികളും വെള്ളിയാഴ്ച മില്‍വാക്കി മാര്ക്വേറ്റ് യൂണിവേഴ്സിറ്റി സന്ദര്‍ശിച്ചു വിദ്യാഭ്യാസ മേഖലയില്‍ നടത്താന്‍ കഴിയുന്ന സംയുക്ത സംരഭസാധ്യതകളെക്കുറിച്ചു യൂണിവേഴ്സിറ്റിയിലെ ഉന്നതവിദ്യാഭ്യാസ വിദഗ്ധരുമായി ചര്‍ച്ച ചെയ്യും.
Tags : Alumni Association of North America St. Berchmans College Assumption College USA