ഉർസുല വോൺ ഡെർ ലെയ്ൻ
ബ്രസൽസ്: യൂറോപ്യൻ വിമാനത്താവളങ്ങളിൽ യാത്രക്കാരെ വലച്ച് പുതിയ എൻട്രി - എക്സിറ്റ് സിസ്റ്റം (ഇഇഎസ്) നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ കൂടുതൽ നടപടികൾ ആവശ്യമാണെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ വ്യക്തമാക്കി.
പുതിയ അതിർത്തി സുരക്ഷാ പരിശോധനാ സംവിധാനം കാരണം ചില വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് അഞ്ച് മണിക്കൂർ വരെ കാത്തിരിക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് കമ്മീഷൻ മേധാവിയുടെ പ്രതികരണം.
യൂറോപ്യൻ യൂണിയന് പുറത്തുനിന്നുള്ള യാത്രക്കാരുടെ എൻട്രി - എക്സിറ്റ് ഡിജിറ്റലായി രേഖപ്പെടുത്തുന്നതിനായി നടപ്പാക്കിയ ഇഇഎസ് സംവിധാനത്തിൽ ബയോമെട്രിക് വിവരങ്ങൾ ഉൾപ്പെടെ ശേഖരിക്കുന്നതാണ് പുതിയ രീതി.
പാസ്പോർട്ടിൽ കൈകൊണ്ട് മുദ്ര പതിപ്പിക്കുന്ന പഴയ സംവിധാനത്തിന് പകരമായാണ് ഇത് നടപ്പിലാക്കിയത്. അയർലൻഡും സൈപ്രസും ഒഴികെയുള്ള യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിലും സ്വിറ്റ്സർലൻഡ്, നോർവേ, ഐസ്ലൻഡ് ഉൾപ്പെടെയുള്ള ഷെങ്കൻ രാജ്യങ്ങളിലും ഈ സംവിധാനം പ്രാബല്യത്തിലാണ്.
ഔദ്യോഗിക കണക്കുകൾ പ്രകാരം, കഴിഞ്ഞ ഒക്ടോബർ മുതൽ 10.8 കോടി യാത്രക്കാരാണ് ഇഇഎസ് വഴി യാത്ര ചെയ്തിട്ടുള്ളത്. ഇതിലൂടെ രേഖകളില്ലാതെ പ്രവേശിക്കാൻ ശ്രമിച്ച 44,000 പേരെ കണ്ടെത്താൻ കഴിഞ്ഞതായി അധികൃതർ അറിയിച്ചു.
എന്നാൽ സാങ്കേതിക തകരാറുകളും കൂടുതൽ സമയം ആവശ്യമായ പരിശോധനാ നടപടികളും പല വിമാനത്താവളങ്ങളിലും നീണ്ട ക്യൂവിനും യാത്രാ വൈകല്യങ്ങൾക്കും കാരണമായിട്ടുണ്ട്. വേനൽക്കാല അവധിക്കാല യാത്രകൾ ആരംഭിച്ചതോടെ യൂറോപ്യൻ വിമാനത്താവളങ്ങളിലൂടെ കോടിക്കണക്കിന് അധിക യാത്രക്കാർ എത്തുമെന്നാണ് പ്രതീക്ഷ.
ഈ സാഹചര്യത്തിൽ തിരക്കേറിയ സമയങ്ങളിൽ ഇഇഎസ് സംവിധാനം താത്കാലികമായി നിർത്തിവയ്ക്കാൻ അനുവദിക്കണമെന്ന് ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (IATA)യും എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ യൂറോപ്പ് (ACI Europe)യും ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിലെ പ്രശ്നങ്ങൾ വിലയിരുത്താൻ യൂറോപ്യൻ കമ്മീഷൻ വിമാനക്കമ്പനി പ്രതിനിധികളുമായി പ്രത്യേക യോഗം ചേർന്നിട്ടുണ്ട്. അതേസമയം, പുതിയ സംവിധാനം എല്ലാ അംഗരാജ്യങ്ങളുടെയും സംയുക്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്നും സുരക്ഷ ശക്തിപ്പെടുത്തുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യമെന്നും യൂറോപ്യൻ യൂണിയൻ അധികൃതർ വ്യക്തമാക്കി.
വരും ദിവസങ്ങളിൽ യൂറോപ്പിലേക്ക് യാത്ര ചെയ്യുന്നവർ വിമാനത്താവളങ്ങളിലെ അധിക പരിശോധനാ സമയവും സാധ്യതയുള്ള കാലതാമസവും മുൻകൂട്ടി കണക്കിലെടുത്ത് യാത്രാ പദ്ധതി തയാറാക്കണമെന്ന് അധികൃതർ നിർദേശിച്ചു.
Tags : AirportDelays EuropeanUnion UrsulaVonDerLeyen NRI News