കൺവൻഷൻ വേദിയിൽ നിന്നും
ഷിക്കാഗോ: പ്രവാസി മലയാളി ക്രൈസ്തവ സമൂഹത്തിന്റെ ആത്മീയ കൂട്ടായ്മയും സഭാത്മക ഐക്യവും വിളിച്ചോതി സീറോമലബാർ സഭയുടെ ദേശീയ കൺവൻഷൻ മൂന്നാം ദിവസവും മക്കോർമിക് പ്ലേസിൽ പ്രൗഢഗംഭീരമായി നടന്നു.
നാല് ദിവസം നീണ്ടുനിന്ന കൺവൻഷൻ ഞായറാഴ്ച നടന്ന ഭക്തിസാന്ദ്രമായ സമാപന വിശുദ്ധ കുർബാനയോടെയാണ് ഔദ്യോഗികമായി അവസാനിച്ചത്. കൺവൻഷന്റെ പ്രധാന ആകർഷണമായിരുന്ന ബാങ്ക്വറ്റ് ഡിന്നറും ജൂബിലി സമാപന പൊതുസമ്മേളനവും മൂന്നാം ദിനമായ ശനിയാഴ്ച രാത്രിയിൽ പ്രൗഢിയോടെ നടന്നു.
പ്രായഭേദമന്യേ പതിനായിരക്കണക്കിന് വിശ്വാസികളാണ് കൺവൻഷന്റെ വിവിധ സെഷനുകളിൽ പങ്കെടുത്തത്.
കൺവൻഷനിലെ പ്രധാന ചടങ്ങുകളും സമ്മേളനങ്ങളും താഴെ പറയുന്നവയാണ്:
വിശുദ്ധ കുർബാനയും ആത്മീയ ശുശ്രൂഷകളും
ശനിയാഴ്ച നടന്ന വിശുദ്ധ കുർബാനയ്ക്ക് കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട് മുഖ്യകാർമികത്വം വഹിച്ചു. പ്രവാസി സമൂഹത്തിന്റെ ആത്മീയ വളർച്ചയെയും സഭയോടുള്ള വിശ്വസ്തതയെയും കുറിച്ച് അദ്ദേഹം വചനസന്ദേശം നൽകി.
പ്രശസ്ത വചനപ്രഘോഷകൻ റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിച്ച "വിശ്വാസത്തോടെ മുന്നോട്ട്' (Walk By Faith, Not By Sight) എന്ന പ്രത്യേക പ്രഭാഷണം വിശ്വാസികൾക്ക് വലിയ ആത്മീയ ഉണർവാണ് സമ്മാനിച്ചത്.
വിവാഹജീവിതവും കുടുംബഭദ്രതയും: ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ
കൺവൻഷനിലെ ഏറ്റവും ജനശ്രദ്ധയാകർഷിച്ച സെഷനുകളിൽ ഒന്നായിരുന്നു റവ. ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ നയിച്ച "More Than Vows: Building a Marriage That Truly Thrives' എന്ന പ്രത്യേക ക്ലാസ്.
തനതായ ഹാസ്യശൈലിയിലൂടെയും അനുഭവ സാക്ഷ്യങ്ങളിലൂടെയും കുടുംബജീവിതത്തിന്റെ പവിത്രതയെക്കുറിച്ചും ദാമ്പത്യബന്ധങ്ങൾ എങ്ങനെ ഊഷ്മളമായി നിലനിർത്താമെന്നും അദ്ദേഹം വിശദീകരിച്ചു.
ഏജിംഗ് വിത്ത് ഗ്രേസ്: മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ
മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ നയിച്ച ഏജിംഗ് വിത്ത് ഗ്രേസ് എന്ന പ്രത്യേക സമ്മേളനവും ഏറെ ശ്രദ്ധേയമായി. വാർദ്ധക്യ സഹജമായ വെല്ലുവിളികളെ വിശ്വാസത്തിൽ എങ്ങനെ നേരിടാമെന്നും കുടുംബങ്ങളിൽ മുതിർന്ന തലമുറയുടെ പ്രാധാന്യം എത്രത്തോളമുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.

കമ്യൂണിറ്റി എംപവർമെന്റ്: എസ്എംസിസി സെമിനാർ
പ്രവാസി സമൂഹത്തിന്റെ സാമാജികവും സഭാപരവുമായ വളർച്ച ലക്ഷ്യമാക്കി നടന്ന എസ്എംസിസി പ്രത്യേക സെമിനാറിന് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് മുഖ്യപ്രഭാഷണം നൽകി.
പാലാ രൂപതാ പ്രോട്ടോസിൻസെല്ലസ് റവ. മോൺ. ഡോ. ജോസഫ് തടത്തിലും ഷിക്കാഗോ രൂപതാ മെത്രാൻ മാർ ജോയ് ആലപ്പാട്ടും സെമിനാറിൽ സജീവമായി പങ്കെടുത്തു.
കാരുണ്യത്തിന്റെ പാതയിൽ വിൻസെന്റ് ഡി പോൾ സൊസൈറ്റി
സഭയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തുപകരാൻ ലക്ഷ്യമിട്ട് നടന്ന വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ സമ്മേളനത്തിന് ബിഷപ് മാർ ജോസ് കല്ലുവേലിൽ നേതൃത്വം നൽകി.
ലളിത ജീവിതത്തിലൂടെയും സൽപ്രവൃത്തികളിലൂടെയും സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവരെ സഹായിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
യുവതലമുറയ്ക്കായി ഡി.വൈ.എ സമ്മേളനവും ബിസിനസ് കണക്റ്റും
യുവജന സമ്മേളനം: ഡയോസിഷൻ യൂത്ത് അസോസിയേഷന്റെ (DYA) പ്രത്യേക സമ്മേളനത്തിലും മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യ പ്രഭാഷകനായി.
വിദ്യാർഥികൾക്കായി ഡോഡ്ജ് ബോൾ ടൂർണമെന്റും കരിയർ-മാനസീകാരോഗ്യ സെമിനാറുകളും ഇതിന്റെ ഭാഗമായി നടന്നു.
സീറോബിസിനസ് കണക്റ്റ്: ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പ്രമുഖ വ്യവസായ പ്രമുഖരായ റോബിൻ അലക്സ്, ചെറിയാൻ തോമസ്, ജോസി ആഞ്ഞിലിവേലിൽ എന്നിവർ പങ്കെടുത്ത ടോക്ക് ഷോയും ഷാർക്ക് ടാങ്കും വലിയ ശ്രദ്ധ നേടി.
പ്രൗഢഗംഭീരമായ ജൂബിലി സമാപനവും ഗാലാ ബാങ്ക്വറ്റും:
പതിനായിരത്തോളം പ്രതിനിധികൾ പങ്കെടുത്ത ഗാലാ ബാങ്ക്വറ്റിൽ കൺവൻഷൻ ചെയർമാൻ ബിജി സി. മണി സ്വാഗതവും ഷിക്കാഗോ രൂപതാ മെത്രാൻ മാർ ജോയ് ആലപ്പാട്ട് അധ്യക്ഷതയും വഹിച്ചു. മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
ബെൽവുഡ് മേയർ ആൻഡ്രേ ഹാർവി ഉൾപ്പെടെയുള്ള പ്രമുഖർ ആശംസകൾ നേർന്നു. ചടങ്ങിൽ കൺവെൻഷൻ സുവനീർ കവർ പേജ് പ്രകാശനം ചെയ്തു.
ഫിനാൻസ് ചെയർമാൻ ആൻഡ്രൂ തോമസ് നന്ദി രേഖപ്പെടുത്തി. തുടർന്ന് അരങ്ങേറിയ "എത്നിക് എലഗൻസ്' കലാസന്ധ്യയും മലബാർ നൈറ്റും ചടങ്ങുകൾക്ക് മാറ്റുകൂട്ടി.