ആഴ്സണൽ: സ്വന്തം തട്ടകത്തിൽ ജയം പിടിച്ച് ആഴ്സണൽ പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ന്യൂകാസിൽ യുണൈറ്റഡിനെ 1-0ന് പരാജയപ്പെടുത്തിയാണ് തലപ്പത്തേക്കുള്ള തിരിച്ചുവരവ്. എബറേച്ചി എസെയാണ് ആഴ്സണലിനായി വിജയ ഗോൾ നേടിയത്.
ഒക്ടോബറിനുശേഷം ആദ്യമായി മാഞ്ചസ്റ്റർ സിറ്റി ആഴ്സണലിനെ ഒന്നാം സ്ഥാനത്തുനിന്ന് പിന്തള്ളിയിരുന്നു. എന്നാൽ മൂന്ന് നിർണായക പോയിന്റുകൾ നേടി ആഴ്സണൽ വീണ്ടും ഒന്നാമനായി. 34 മത്സരത്തിൽനിന്ന് 73 പോയിന്റ് സന്പാദ്യവുമായി ആഴ്സണൽ ഒന്നാം സ്ഥാനം ഉറപ്പിച്ചു. സമ്മർദം ശക്തമാക്കി 33 മത്സരത്തിൽ 70 പോയിന്റുമായി സിറ്റി തൊട്ടുപിന്നിലുണ്ട്.
ന്യൂകാസിലിന്റെ തുടർച്ചയായ നാലാമത് ലീഗ് തോൽവിയാണിത്. ആഴ്സണലുമായുള്ള അവസാന 14 ലീഗ് മത്സരങ്ങളിൽ 13-ാമത്തെ തോൽവിയും.
മറ്റൊരു മത്സരത്തിൽ ഓസ്റ്റണ്‍ വില്ലയെ എതിരില്ലാത്ത ഒരു ഗോളിന് ഫുൾഹാം അട്ടിമറിച്ചു. ലിവർപൂൾ 3-1ന് ക്രിസ്റ്റൽ പാലസിനെ പരാജയപ്പെടുത്തിയപ്പോൾ വെസ്റ്റ് ഹാം യുണൈറ്റഡ് 2-1ന് എവർട്ടണെ വീഴ്ത്തി. ടോട്ടൻഹാം ഹോട്സ്പുർ 1-0ന് വോൾവർഹാംപ്ടണെയും പരാജയപ്പെടുത്തി.
ആവേശം, അവസാനം സിറ്റി
എഫ്എ കപ്പ് ഫുട്ബോൾ ആദ്യ സെമിഫൈനലിൽ സതാംപ്ടണിന്റെ ആവേശം അവസാന നിമിഷങ്ങളിൽ തല്ലിക്കെടുത്തി മാഞ്ചസ്റ്റർ സിറ്റി ജയം നേടി. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മൂന്നു ഗോളുകളും പിറന്നത്. സിറ്റിയെ ഞെട്ടിച്ച് ഫിൻ അസസിലൂടെ സതാംപ്ടണ് 79-ാം മിനിറ്റിൽ ലീഡെടുത്തു. മൂന്നുമിനിറ്റിനുള്ളിൽ ജെറമി ഡോകുവിന്റെ ഗോളിൽ സമനില പിടിച്ച സിറ്റി നിശ്ചിത സമയം അവസാനിക്കാൻ മൂന്നുമിനിറ്റ് ശേഷിക്കേ വിജയഗോളടിച്ചു.
നികോ ഗോണ്‍സാലസാണ് സിറ്റിക്കുവേണ്ടി വിജയഗോൾ നേടിയത്. മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ച് കളിച്ച സിറ്റി 24 ഷോട്ടുകളാണ് എതിർമുഖം ലക്ഷ്യമിട്ട് അടിച്ചത്.
Tags : Arsenal beat Newcastle