സെഞ്ചുറി നേടിയ സോണൽ ദിനുഷ, ലഹിരു ഉഡാരയെ പുറത്താക്കിയ മുഹമ്മദ് സിറാജിനെ സഹതാരങ്ങൾ അഭിനന്ദിക്കുന്നു
കൊളംബോ: ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഫോളോ ഓൺ വഴങ്ങിയതിനു പിന്നാലെ രണ്ടാമിന്നിംഗ്സിലും ശ്രീലങ്ക പതറുന്നു. നാലാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 83 റൺസെന്ന നിലയിലാണ് ആതിഥേയർ. 35 റൺസുമായി പസിന്ദു സൂര്യഭണ്ഡാരയും പത്തു റൺസുമായി കമിന്ദു മെൻഡിസുമാണ് ക്രീസിൽ.
ഓപ്പണർ ലഹിരു ഉഡാര (15), കാമിൽ മിഷാര (32) എന്നിവരുടെ വിക്കറ്റുകളാണ് ലങ്കയ്ക്ക് നഷ്ടമായത്. ഇന്ത്യയ്ക്കു വേണ്ടി മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവരാണ് വിക്കറ്റുകൾ സ്വന്തമാക്കിയത്.
നേരത്തെ, ഇന്ത്യയുടെ ഒന്നാമിന്നിംഗ്സ് സ്കോറായ 503 റൺസ് പിന്തുടർന്ന ശ്രീലങ്ക 290 റൺസിന് പുറത്തായിരുന്നു. എട്ടിന് 265 റൺസ് എന്ന നിലയിൽ നാലാം ദിനം കളിയാരംഭിച്ച ലങ്കയ്ക്ക് 25 റൺസെടുക്കുന്നതിടെയാണ് ശേഷിക്കുന്ന രണ്ട് വിക്കറ്റുകൾ കൂടി നഷ്ടമായത്. സ്‌കോർ 288ൽ എത്തിനിൽക്കെ, പന്ത്രണ്ട് റൺസുമായി ലഹിരു കുമാര സാരാൻശ് ജെയിനിന്‍റെ പന്തിൽ വിക്കറ്റിനു പിന്നിൽ ധ്രുവ് ജുറെലിനു പിടികൊടുത്തു മടങ്ങി.
തൊട്ടുപിന്നാലെ സെഞ്ചുറി തികച്ച സോണൽ ദിനുഷയെ കെ.എൽ. രാഹുലിന്‍റെ കൈയിലെത്തിച്ച ജെയിൻ ലങ്കൻ വീഴ്ച പൂർത്തിയാക്കി. ഇതോടെ, ഇന്ത്യയ്ക്ക് 213 റൺസിന്‍റെ ഒന്നാമിന്നിംഗ് ലീഡ് ലഭിച്ചു. 162 പന്തിൽ നിന്ന് 103 റൺസെടുത്ത ദിനുഷയാണ് ലങ്കൻ നിരയിലെ ടോപ് സ്കോറർ. ദിനുഷയുടെ തുടർച്ചയായ രണ്ടാം സെഞ്ചുറിയാണിത്.
Tags : SriLanka India Cricket Sports TestCricket TeamIndia