മുംബൈ: 2026 വനിതാ ടി20 ലോകകപ്പിനും അതിനു മുന്നോടിയായുള്ള ഇംഗ്ലണ്ട് പര്യടനത്തിനുമുള്ള ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു. ബിസിസിഐ സെലക്ഷന് കമ്മിറ്റി യോഗത്തിലാണ് ഹര്മന്പ്രീത് കൗര് നയിക്കുന്ന ടീമിനെ തെരഞ്ഞെടുത്തത്.
പരിക്കിനെത്തുടര്ന്ന് വിട്ടുനിന്ന പ്രമുഖ താരം യാസ്തിക ഭാട്ടിയയും സ്പിന്നര് രാധ യാദവും ടീമിലേക്ക് തിരിച്ചെത്തി. 2025 സെപ്റ്റംബറില് കാല്മുട്ടിനേറ്റ ഗുരുതരമായ പരിക്കിനെത്തുടര്ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയയായ യാസ്തിക ഭാട്ടിയ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ടീമില് തിരിച്ചെത്തുന്നത്. കഴിഞ്ഞ വര്ഷത്തെ ഏകദിന ലോകകപ്പും ഡബ്ല്യുപിഎല്ലും താരത്തിന് നഷ്ടമായിരുന്നു.
അതേസമയം, ഏകദേശം ഒരു വര്ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രാധ യാദവ് ടി20 ടീമിലേക്ക് മടങ്ങിയെത്തുന്നത്. ഇന്ത്യ എ ടീമിനെ എമര്ജിംഗ് ഏഷ്യ കപ്പ് കിരീടത്തിലേക്ക് നയിച്ച പ്രകടനമാണ് രാധയ്ക്ക് തുണയായത്. ഡബ്ല്യുപിഎല്ലില് ഡല്ഹി ക്യാപിറ്റല്സിന് വേണ്ടി ഹാട്രിക് നേടി ചരിത്രം കുറിച്ച യുവ പേസര് നന്ദിനി ശര്മ ആദ്യമായി ഇന്ത്യന് ടീമില് ഇടംപിടിച്ചു.
കാശ്വി ഗൗതം, അമന്ജോത് കൗര് എന്നിവര് പരിക്കേറ്റ് പുറത്തായ സാഹചര്യത്തിലാണ് 24 വയസ്സുകാരിയായ നന്ദിനിക്ക് അവസരം ലഭിച്ചത്. ഡബ്ല്യുപിഎല് സീസണില് 10 മത്സരങ്ങളില് നിന്ന് 17 വിക്കറ്റുകള് നന്ദിനി വീഴ്ത്തിയിരുന്നു.
ഭാരതി ഫുല്മാലി, അനുഷ്ക ശര്മ എന്നിവരും ദക്ഷിണാഫ്രിക്കന് പര്യടനത്തിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില് ടീമില് സ്ഥാനം നിലനിര്ത്തി. അതേസമയം, ജൂനിയര് ക്രിക്കറ്റില് നിന്ന് ശ്രദ്ധിക്കപ്പെട്ട കമാലിനി, വൈഷ്ണവി ശര്മ എന്നിവര്ക്ക് ഇത്തവണ ടീമിലിടം നേടാനായില്ല. മലയാളി താരങ്ങളാരും ടീമില് ഉള്പ്പെട്ടിട്ടില്ല.
Tags : bcci announced indian team womens t20 worldcup 2026