വാഷിംഗ്ടണ്‍: ഫിഫ 2026 ലോകകപ്പ് ഫുട്ബോളില്ല് ഇറാന് ഉണ്ടാകില്ലെന്ന് ഔദ്യോഗിക സ്ഥിരീകരണം. ലോകകപ്പിലെ സഹ ആതിഥേയരായ അമേരിക്ക ഇസ്രയേലിനൊപ്പം ചേര്‍ന്നു നടത്തുന്ന വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ ടീമിനു ലോകകപ്പില്‍ കളിക്കാന്‍ സാധിക്കില്ലെന്ന് ഇറാന് കായിക മന്ത്രി അഹമ്മദ് ദോന്യാമാലി അറിയിച്ചു. 48 ടീമുകള്‍ പങ്കെടുക്കുന്ന 2026 ഫിഫ ലോകകപ്പ് ജൂണ്‍ 11 മുതല്‍ ജൂലൈ 19വരെ അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായാണ് അരങ്ങേറുന്നത്.
► ഗ്രൂപ്പ് ജി ◄
ബെല്‍ജിയം, ഈജിപ്ത്, ന്യൂസിലന്‍ഡ് ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് ജിയിലാണ് ഇറാന്റെ സ്ഥാനം. ജൂണ്‍ 16ന് ന്യൂസിലന്‍ഡിന് എതിരേയായിരുന്നു ആദ്യ മത്സരം. ജൂണ്‍ 22ന് ബെല്‍ജിയത്തെയും 27ന് ഈജിപ്തിനെയും നേരിടണമായിരുന്നു. ആദ്യ രണ്ടു മത്സരങ്ങള്‍ ലോസ് ആഞ്ചലസിലും മൂന്നാമത്തേത് സിയാറ്റിലിലുമായിരുന്നു നടക്കേണ്ടത്.
2026 ഫിഫ ലോകകപ്പിലേക്ക് യോഗ്യതാ റൗണ്ടിലൂടെ എത്തിയ മൂന്നാമത് ടീമാണ് ഇറാന്. ജപ്പാന്, ന്യൂസിലന്‍ഡ് ടീമുകളായിരുന്നു അതിനു മുമ്പ് യോഗ്യത ഉറപ്പാക്കിയത്. 2025 മാര്‍ച്ച് 25ന് എഎഫ്സി മൂന്നാം റൗണ്ട് ഗ്രൂപ്പ് എയില്‍നിന്ന് ഇറാന് യോഗ്യത സ്വന്തമാക്കി.
► പകരം ഇറാക്ക് ?◄
ഇറാനു പകരം അവരുടെ അയല്‍ക്കാരും ചിരവൈരികളുമായ ഇറാക്ക് 2026 ലോകകപ്പില്‍ കളിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫിഫ നിയമം അനുസരിച്ച്, ഇറാന് പിന്മാറിയാല് മേഖലയിലെ (പശ്ചിമേഷ്യ) ഏറ്റവും മികച്ച റാങ്കുള്ള മറ്റൊരു ടീമിനാണ് യോഗ്യത ലഭിക്കുക. ഫിഫ ലോക റാങ്കിംഗില്‍ 20-ാം സ്ഥാനക്കാരാണ് ഇറാന്. ഖത്തറാണ് (56) തൊട്ടുതാഴെയുള്ള ടീം. ഖത്തര്‍ ഇതിനോടകം ലോകകപ്പ് യോഗ്യത നേടിക്കഴിഞ്ഞു. അതുകൊണ്ട് തുടര്‍ന്നുള്ള സ്ഥാനത്തെ ഇറാക്കിന് (58) നറുക്ക് വീണേക്കും.
ഇറാക്ക് ഇന്റര്‍കോണ്ടിനെന്റല്‍ പ്ലേ ഓഫിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. പ്ലേ ഓഫില്‍ ബൊളീവിയ അല്ലെങ്കില്‍ സുരിനാമായിരിക്കും ഇറാക്കിന്റെ എതിരാളി. ഇറാനു പകരം എഎഫ്സിക്കു പുറത്തുള്ള അസോസിയേഷനില്‍നിന്ന് ടീമിനെ ക്ഷണിക്കാനുള്ള അധികാരവും ഫിഫയ്ക്കുണ്ട്.
► സാമ്പത്തിക നഷ്ടം, ശിക്ഷ ◄
ലോകകപ്പില്നിന്നുള്ള പിന്മാറ്റത്തിലൂടെ ഇറാന് ഫുട്ബോള്‍ ഫെഡറേഷന്റെ നഷ്ടം 10.5 മില്യണ്‍ ഡോളര്‍ (ഏകദേശം 97 കോടി രൂപ) ആണ്. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മത്സരങ്ങളില്‍ പങ്കെടുക്കുന്ന ടീമിന് ഫിഫയുടെ പാരിതോഷികമായി ഒമ്പത് മില്യണ്‍ ഡോളറും യോഗ്യത നേടിയ ടീമിന്റെ മുന്നൊരുക്കങ്ങള്‍ക്കായി 1.5 മില്യണ്‍ ഡോളറും ഫിഫ നല്‍കുന്നുണ്ട്.
പിന്മാറുന്ന ടീമിനെതിരേ 2.5 മുതല്‍ അഞ്ചു ലക്ഷം സ്വിസ് ഫ്രാങ്ക് (2.95 മുതല്‍ 5.90 കോടി രൂപ) പിഴ ഈടാക്കാനും ഫിഫയ്ക്ക് അധികാരമുണ്ട്. അതുപോലെ അടുത്ത ലോകകപ്പ് യോഗ്യതാ റൗണ്ടില്‍നിന്നു വിലക്ക് ഏര്‍പ്പെടുത്താനും സാധിക്കും.
ഫിഫ ലോകകപ്പിനു യോഗ്യത നേടിയ ഒരു ടീമിന് ടൂര്‍ണമെന്റില്‍നിന്നു പിന്മാറാം. അതുപോലെ ഒരു ടീമിനെ ഒഴിവാക്കി മറ്റൊരു ടീമിനെ ഉള്‍പ്പെടുത്താന്‍ ഫിഫയ്ക്കും നിയമ പരിരക്ഷയുണ്ട്. ആര്‍ട്ടിക്കിള്‍ 6.7ല്‍ ആണ് ഇക്കാര്യങ്ങള്‍ നിഷ്കര്‍ഷിച്ചിരിക്കുന്നത്.
Tags : FIFA Iran replacement team 2026 FIFA World Cup