ദുബായി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ ദയനീയ തോൽവിക്കു പിന്നാലെ ടീം ഇന്ത്യയ്ക്ക് മറ്റൊരു തിരിച്ചടി കൂടി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ അഞ്ചാം സ്ഥാനത്തേക്ക് കൂപ്പുകുത്തി ഇന്ത്യ.
2025-27 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഇതുവരെ ഒമ്പതു മത്സരങ്ങളിൽ നിന്ന് നാലു ജയവും നാലു തോല്‍വിയും ഒരു സമനിലയും അടക്കം 52 പോയിന്‍റും 48.15 പോയിന്‍റ് ശതമാനവുമാണ് ഇന്ത്യയ്ക്കുള്ളത്.
അതേസമയം, ഇന്ത്യയ്ക്കെതിരായ വമ്പൻ പരമ്പര ജയത്തോടെ, ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. നാലു ടെസ്റ്റില്‍ മൂന്ന് ജയവും ഒരു തോല്‍വിയും അടക്കം 36 പോയിന്‍റും 75 പോയിന്‍റ് ശതമാനവുമാണ് നിലവിലെ ചാമ്പ്യന്മാർക്കുള്ളത്.
അതേസമയം, നാലിൽ നാലു ടെസ്റ്റും ജയിച്ച ഓസ്ട്രേലിയയാണ് പോയിന്‍റ് പട്ടികയിൽ ഒന്നാമത്. 48 പോയിന്‍റും 100 പോയിന്‍റ് ശതമാനവുമാണ് ഓസീസിനുള്ളത്. രണ്ട് ടെസ്റ്റില്‍ ഒരു ജയവും ഒരു സമനിലയും അടക്കം 16 പോയിന്‍റും 66.67 പോയിന്‍റ് ശതമാനവുമായി ശ്രീലങ്കയാണ് മൂന്നാമത്.
രണ്ട് ടെസ്റ്റില്‍ ഒരു ജയവും ഒരു തോല്‍വിയും അടക്കം 12 പോയിന്‍റും 50 പോയിന്‍റ് ശതമാനവുമായി പാക്കിസ്ഥാനാണ് ഇന്ത്യയ്ക്കു മുന്നിൽ നാലാം സ്ഥാനത്തുള്ളത്. ഇംഗ്ലണ്ട്, ബംഗ്ലാദേശ്, വെസ്റ്റ് ഇൻഡീസ് എന്നീ ടീമുകളാണ് ഇന്ത്യയ്ക്കു പിന്നിലുള്ളത്. അതേസമയം, ഇത്തവണ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഒരു ടെസ്റ്റ് പോലും കളിക്കാത്ത ടീമായി ന്യൂസിലൻഡ് മാറി.
Tags : India Test Championship South Africa