ബെർഗാമോ: യൂറോപ്യൻ പ്ലേ ഓഫ് സെമിഫൈനലിൽ വടക്കൻ അയർലൻഡിനെ തകർത്ത് ഇറ്റലി ലോകകപ്പ് യോഗ്യതയ്ക്കരികെ. ആവേശപ്പോരിൽ എതിരില്ലാത്ത രണ്ട് ഗോളുകളുടെ ജയം നേടിയതോടെയാണ് മുൻ ചാമ്പ്യന്മാർ ഈ നേട്ടത്തിലേക്കെത്തിയത്.
ബെർഗാമോയിൽ നടന്ന മത്സരത്തിൽ ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു ഇറ്റലിയുടെ ഗോളുകൾ പിറന്നത്. 56-ാം മിനിറ്റിൽ സാൻഡ്രോ ടൊണാലിയിലൂടെ അസൂറികൾ ആദ്യ ലീഡെടുത്തു. 80-ാം മിനിറ്റിൽ മോയിസ് കീനിലൂടെ ഇറ്റലി രണ്ടാം ഗോളും വിജയവും ഉറപ്പിച്ചു.
യൂറോപ്പിൽ നിന്നും 16 ടീമുകളാണ് ലോകകപ്പിൽ കളിക്കുക. 12 ടീമുകൾ ഇതിനോടകം യോഗ്യത നേടിയിട്ടുണ്ട്. ശേഷിച്ച നാല് സ്ഥാനങ്ങൾക്കായി പതിനാറ് ടീമുകളാണ് പ്ലേഓഫിൽ മത്സരിക്കുന്നത്. ഇറ്റലിക്ക് ഇനി പ്ലേ ഓഫ് ഫൈനലിൽ ബോസ്നിയ ആൻഡ് ഹെർസഗോവിനയെയാണ് നേരിടേണ്ടത്.
ഈ മത്സരത്തിൽ വിജയിച്ചാൽ നീണ്ട ഇടവേളയ്ക്ക് ശേഷം ഇറ്റലിക്ക് ലോകകപ്പ് വേദിയിലെത്താം. 2006 ൽ ലോക ചാമ്പ്യൻമാരായശേഷം പിന്നീട് അവർക്ക് കഷ്ടകാലമായിരുന്നു. അടുത്ത രണ്ട് ലോകപ്പിലും ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ അസൂറിപ്പട മടങ്ങി. 2018ലും 2022ലും യോഗ്യത പോലും നേടാനായില്ല.
Tags : Italy world cup football qualification