ഹുബ്ബള്ളി: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ജമ്മു കാഷ്മീർ കിരീടത്തിലേക്ക്. ഒന്നാം ഇന്നിംഗ്സിൽ ജമ്മു ഉയർത്തിയ 584 റൺസിന് മറുപടി പറഞ്ഞ കർണാട 293 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ 291 റൺസിന്റെ നിർണായക ലീഡ് ജമ്മു കരസ്ഥമാക്കി.
കർണാടകയെ ഫോളോ ഓൺ ചെയ്യിക്കാതെ ബാറ്റിങ്ങിനിറങ്ങിയ ജമ്മു നാലാം ദിനം കളി അവസാനിപ്പിക്കുമ്പോൾ നാലുവിക്കറ്റ് നഷ്ടത്തിൽ 186 റൺസ് എന്ന നിലയിലാണ്. ഇതോടെ അവർക്ക് 477 റൺസ് ലീഡായി. കമ്രാൻ ഇക്ബാൽ (94), സാഹിൽ ലോത്ര (16) എന്നിവരാണ് ക്രീസിൽ.
ഒരു ദിവസവും ആറുവിക്കറ്റും കൈയിലിരിക്കെ പരമാവധി റൺസ് നേടുകയായിരിക്കും ജമ്മുവിന്റെ ലക്ഷ്യം. മത്സരം സമനിലയിൽ അവസാനിച്ചാൽ ആദ്യ ഇന്നിംഗ്സിലെ ലീഡിന്റെ കരുത്തിൽ ജമ്മു ജേതാക്കളാകും. 5ന് 220 എന്ന നിലയിൽ നാലാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച കർണാടകയ്ക്ക് 71 റൺസ് കൂടി കൂട്ടിചേർക്കുന്നതിനിടെ ബാക്കി അഞ്ചു വിക്കറ്റുകളും നഷ്ടമായി.
കൃതിക് കൃഷ്ണയുടെ (36), വിദ്യാധർ പാട്ടീൽ (11), മയാങ്ക് അഗർവാൾ (160), ശിഖർ ഷെട്ടി (0), പ്രസിദ്ധ് കൃഷ്ണ (4) എന്നിവരാണ് ഇന്ന് പുറത്തായത്. അഞ്ചു വിക്കറ്റ് നേടിയ പേസർ അക്വിബ് നബിയാണ് കർണാടകയെ ചുരുട്ടിക്കെട്ടിയത്.
Tags : Ranji Trophy Jammu Kashmir Karnataka