ഹൈദരാബാദ്: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാനെതിരായ മത്സരത്തിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് ജയം. ഇന്ന് നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് കോൽക്കത്ത വിജയിച്ചത്.
ഹൈദരാബാദ് ഉയർത്തിയ 166 റൺസ് വിജയലക്ഷ്യം 10 പന്ത് ബാക്കിനിൽക്കെ കോൽക്കത്ത മറികടന്നു. ആൻഗ്രിഷ് രഘുവൻഷിയുടെ അർധ സെഞ്ചുറിയുടെയും ക്യാപ്റ്റൻ അജിൻക്യ രഹാനെയുടെയും ഫിൻ അല്ലന്റെയും മികച്ച ഇന്നിംഗ്സുകളുടെയും ബലത്തിലാണ് കോൽക്കത്ത വിജയലക്ഷ്യം മറികടന്നത്.
ആൻഗ്രിഷ് 59 റൺസും രഹാനെ 43 റൺസും അലൻ 29 റൺസുമാണെടുത്തത്. 22 റൺസെടുത്ത റിംഗു സിംഗിന്റെ ഇന്നിംഗ്സും നിർണായകമായി. ഹൈദരാബാദിന് വേണ്ടി ക്യാപ്റ്റൻ പാറ്റ് കമ്മിൻസും ശിവാംഗ് കുമാറും സാക്കിബ് ഹസനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 19 ഓവറിൽ 165 റൺസിൽ ഓൾഓട്ടാവുകയായിരുന്നു. ട്രാവിസ് ഹെഡിന്റെ അർധ സെഞ്ചുറിയുടെയും ഇഷാൻ കിഷന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെയും മികവിലാണ് ഹൈദരാബാദ് മികച്ച സ്കോർ പടുത്തുയർത്തിയത്. ഹെഡ് 61 റൺസാണെടുത്തത്. 28 പന്തിൽ ഒമ്പത് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ഹെഡിന്റെ ഇന്നിംഗ്സ്.
ഇഷാൻ കിഷൻ 42 റൺസാണ് സ്കോർ ചെയ്തത്. അഭിഷേക് ശർമ 15 റൺസെടുത്തു. കോൽക്കത്തയ്ക്ക് വേണ്ടി വരുൺ ചക്രവർത്തി മൂന്ന് വിക്കറ്റ് എടുത്തു. സുനിൽ നരെയ്നും കാർത്തിക് ത്യാഗിയും രണ്ട് വിക്കറ്റ് വീതവും വൈഭവ് അറോറയും കാമറൂൺ ഗ്രീനും അനുകുൽ റോയ്യും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
വിജയത്തോടെ കോൽക്കത്തയ്ക്ക് ഏഴ് പോയിന്റായി. ലീഗ് ടേബിളിൽ നിലവിൽ എട്ടാം സ്ഥാനത്താണ് കോൽക്കത്ത.
Tags : ipl 2026 Kolkata Knight Riders beats sunrisers hyderabad