ഗ്വാഡലൂപ്പെ: 2022 ലോകപ്പ് സെമി ഫൈനലിസ്റ്റുകളായ മൊറോക്കോ, ഇത്തവണയും റോക്കിംഗ് പ്രകടനവുമായി മുന്നോട്ട്. റൗണ്ട് ഓഫ് 32ല്‍ കരുത്തരായ നെതര്‍ലന്‍ഡ്സിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ വീഴ്ത്തി മൊറോക്കോ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
2022ല്‍ ബെല്‍ജിയം, സ്പെയിന്, പോര്‍ച്ചുഗല്‍ ടീമുകളെ കീഴടക്കിയ മൊറോക്കോ സെമി ഫൈനലില്‍ പ്രവേശിച്ച് ചരിത്രം കുറിച്ചിരുന്നു. ഫിഫ ലോകകപ്പ് ചരിത്രത്തില്‍ സെമിയില്‍ പ്രവേശിക്കുന്ന ആദ്യ ടീം എന്ന റിക്കാര്‍ഡാണ് 2022ല്‍ മൊറോക്കോ സ്വന്തമാക്കിയത്.
സ്റ്റോപ്പേജ് ടൈം ഗോള്‍
ഗോള്‍രഹിതമായ ഒരു മണിക്കൂറിനുശേഷം കോഡി ഗാക്പോയുടെ മിന്നും ഫിനിഷിംഗിലൂടെ നെതര്‍ലന്‍ഡ്സ് ലീഡ് നേടി. 72-ാം മിനിറ്റില്‍ ക്രിസെന്സിയൊ സമ്മര്‍വില്ലിന്റെ അസിസ്റ്റില്‍നിന്നായിരുന്നു ഗാക്പോയുടെ ഗോള്‍. ഒരു ഗോളിന്റെ ജയത്തോടെ നെതര്‍ലന്‍ഡ്സ് പ്രീക്വാര്‍ട്ടറിലേക്കു മാര്‍ച്ച് ചെയ്യുമെന്നു തോന്നിപ്പിച്ചിടത്താണ് മൊറോക്കോയുടെ റോക്കിംഗ് റിട്ടേണ്‍. സ്റ്റോപ്പേജ് ടൈമിന്റെ ആദ്യ മിനിറ്റില്‍ ചെംസിദിന്‍ തല്‍ബിയുടെ ക്രോസില്‍നിന്ന് ഈസ ദിയോപ്പിന്റെ ഹെഡര്‍. പന്ത് വലയില്‍.
90+1-ാം മിനിറ്റിലെ ആ ഗോള്‍ മത്സരം അധിക സമയത്തേക്കു നീട്ടി. അധിക സമയത്ത് പക്ഷേ, ഇരുടീമിനും ഗോള്‍ നേടാന്‍ സാധിച്ചില്ല. അതോടെ മത്സരം ഷൂട്ടൗട്ടിലേക്ക്.
ഷൂട്ടൗട്ട്
ഷൂട്ടൗട്ടില്‍ നെതര്‍ലന്‍ഡ്സിനായിരുന്നു ആദ്യ കിക്ക്. ട്യൂണ്‍ കൂപ്മൈനേഴ്സിന്റെ ഷോട്ട് വലയില്‍. എന്നാല്‍, മൊറോക്കോയുടെ ആദ്യ കിക്കെടുത്ത നീല്‍ എല്‍ അയ്നൗയിക്കു പിഴച്ചു. പന്ത് ക്രോസ് ബാറില്‍ ഇടിച്ചു മടങ്ങി. നെതര്‍ലന്‍ഡ്സിന്റെ രണ്ടാം കിക്കെടുത്ത ജസ്റ്റിന് ക്ലുയിവെര്ട്ടിന്റെ ഷോട്ടും പോസ്റ്റിലിടിച്ചു.
മൊറോക്കോയുടെ രണ്ടും (സൂഫിയാന് റഹിമി) മൂന്നും (ചെംസിദിന്‍ തല്‍ബി) ഷോട്ടുകള്‍ വലയില്‍. നെതര്‍ലന്‍ഡ്സിന്റെ മൂന്നാം ഷോട്ടും (വെഹ്ഹോസ്റ്റ്) ലക്ഷ്യം കണ്ടു. അതോടെ 2-2 സമനില.
നാലാം കിക്കെടുത്ത നെതര്‍ലന്‍ഡ്സിന്റെ ടിംബെറിനും മൊറോക്കോയുടെ അച്റഫ് ഹക്കിമിക്കും ലക്ഷ്യം നേടാന്‍ സാധിച്ചില്ല. നെതര്‍ലന്‍ഡ്സിന്റെ സമ്മര്‍വില്ലിന്റെ ഷോട്ടും പുറത്ത്. മൊറോക്കൻ താരം ഇസ്മയില്‍ സൈബാരിയുടെ അഞ്ചാം കിക്ക് വലയില്‍. അതോടെ 3-2ന്റെ ജയത്തോടെ മൊറോക്കോ പ്രീക്വാര്‍ട്ടറില്‍.
നിര്ഭാഗ്യവാന്..!
മൊറോക്കോയ്ക്ക് എതിരായ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ നെതര്‍ലന്‍ഡ്സ് ഗോള്‍ കീപ്പര്‍ ബാര്‍ട്ട് വെര്ബ്രഗന്റെ നിര്‍ഭാഗ്യം ശ്രദ്ധിക്കപ്പെട്ടു. വെര്ബ്രഗന്റെ നിര്‍ഭാഗ്യമാണോ അതോ മൊറോക്കോയുടെ സൂഫിയാന് റഹിമിയുടെ ഭാഗ്യമാണോ എന്നതും ചോദ്യമായി.
ഷൂട്ടൗട്ടില്‍ മൊറോക്കോയുടെ രണ്ടാം കിക്കെടുത്തത് റഹിമി. കൃത്യമായി ഡൈവ് ചെയ്ത വെര്ബ്രഗന് പന്ത് തടഞ്ഞു. എന്നാല്‍, വെര്ബ്രഗന്റെ കീഴിലൂടെ ഉരുണ്ട പന്ത് ഗോള്‍ ലൈന്‍ കടന്നു. ഒരാളുടെ നിര്‍ഭാഗ്യം മറ്റൊരാളുടെ ഭാഗ്യം..!
Tags :