ജയ്പുര്: ഐപിഎല് ട്വന്റി-20 ക്രിക്കറ്റില് റിക്കാര്ഡുകള് കുറിച്ചു മുന്നേറുന്ന രാജസ്ഥാന് റോയല്സിന്റെ 15കാരന് പയ്യന് വൈഭവ് സൂര്യവംശിയെ ഗുജറാത്ത് ടൈറ്റന്സ് പുറത്താക്കിയത് തന്ത്രപരമായ കുടുക്ക് ഉണ്ടാക്കി.
ഗുജറാത്ത് മുന്നോട്ടുവച്ച 230 റണ്സ് എന്ന ലക്ഷ്യത്തിനായി വൈഭവ് സൂര്യവംശിയുടെ നേതൃത്വത്തില് രാജസ്ഥാന് റോയല്സ് തകര്ത്തടിക്കുമ്പോഴായിരുന്നു ഗുജറാത്ത് മുഖ്യപരിശീലകന് ആശിഷ് നെഹ്റ ബൗണ്ടറി ലൈനിനു പുറത്തുവച്ച് ബൗളര് മുഹമ്മദ് സിറാജിന് ആംഗ്യത്തിലൂടെ തന്ത്രമോതിക്കൊടുത്തത്. സിറാജിനെ നേരിട്ട ആദ്യപന്തില് സിക്സര് പറത്തിയായിരുന്നു സൂര്യവംശി സ്കോറിംഗ് തുടങ്ങിയതെന്നതും ശ്രദ്ധേയം.
ഇന്നിംഗ്സിലെ മൂന്നാം ഓവര് എറിയാന് എത്തിയ സിറാജിനെ ആദ്യ പന്തില് ഫോര്, രണ്ടാം പന്തില് റണ്ണില്ല, മൂന്നും നാലും പന്ത് വീണ്ടും ഫോര്. അതോടെ ബൗണ്ടറി ലൈനിനു പുറത്തുനിന്ന് നെഹ്റ തന്റെ തലയില് ചൂണ്ടി ആംഗ്യം കാണിച്ചു. ഫുള് ലെംഗ്ത് എറിയാതെ ബുദ്ധി ഉപയോഗിച്ച് ബൗണ്സര് (ഷോര്ട്ട് പിച്ച്) എറിയാനായിരുന്നു നെഹ്റയുടെ നിര്ദേശം. ഓവറിലെ അഞ്ചാം പന്ത് 146.6 കിലോമീറ്റര് വേഗത്തിലുള്ള ബൗണ്സറായിരുന്നു സിറാജ് എറിഞ്ഞത്. പുള്ഷോട്ടിനുശ്രമിച്ച വൈഭവ് സൂര്യവംശിക്കു പിഴച്ചു. ടോപ് എഡ്ജായ പന്ത് ഷോര്ട്ട് ഫൈന് ലെഗില് ക്യാച്ച് നൽകി മടങ്ങി.
സിക്സില് റിക്കാര്ഡ്
ട്വന്റി-20 ക്രിക്കറ്റില് അതിവേഗം 100 സിക്സ് തികയ്ക്കുന്ന റിക്കാര്ഡ് ഇനി വൈഭവ് സൂര്യവംശിക്കു സ്വന്തം. 515 പന്തില്നിന്നാണ് സൂര്യവംശി സിക്സിന്റെ സെഞ്ചുറി കടന്നത്. 813 പന്തില് 100 സിക്സില് എത്തിയ വെസ്റ്റ് ഇന്ഡീസ് മുന്താരം കിറോണ് പൊള്ളാര്ഡിന്റെ റിക്കാര്ഡ് ഇതോടെ പിന്തള്ളപ്പെട്ടു.
ട്വന്റി-20യില് 100 സിക്സ് തികയ്ക്കുന്ന പ്രായം കുറഞ്ഞ താരം എന്ന നേട്ടവും 15കാരനായ വൈഭവിനു സ്വന്തം.
Tags : Nehra made Vaibhav