ചെന്നൈ/മുംബൈ: ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് പോരാട്ടത്തിനു ശുഭപര്യവസാനം. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ അരങ്ങേറിയ ഫൈനലില്‍ ന്യൂസിലന്‍ഡിനെ 96 റണ്‍സിനു കീഴടക്കി ടീം ഇന്ത്യ കപ്പുയര്‍ത്തി. ഇന്ത്യന്‍ കളിക്കാര്‍ ചെറിയ വിശ്രമത്തില്‍. ശേഷം, ഈ മാസം 28 മുതല്‍ ഇന്ത്യന്‍ ആരാധകര്‍ക്കു മുന്നിലേക്ക് ഐപിഎല്‍ ട്വന്റി-20യുടെ ആവേശമെത്തും. അതെ, ലോകകപ്പ് നിര്‍ത്തിയിടത്തുനിന്ന് ചെറിയൊരു ഇടവേളയ്ക്കുശേഷം ഐപിഎല്‍ ആരംഭിക്കുന്നു. ഇന്നേക്ക് 17-ാംനാള്‍ 2026 ഐപിഎല്‍ സീസണ് തുടങ്ങും.
ഇതിനിടെ രാജ്യാന്തര ക്രിക്കറ്റില്‍ മൂന്നു ചെറിയ പരമ്പരകള്‍ അരങ്ങേറും. അതില്‍ ആദ്യം നടക്കുന്നത് ഇന്നു മുതല്‍ ആരംഭിക്കുന്ന ബംഗ്ലാദേശിന്റെ പാക്കിസ്ഥാന് പര്യടനമാണ്. അഫ്ഗാനിസ്ഥാന്, ശ്രീലങ്ക, യുഎഇ ടീമുകള്‍ മാറ്റുരയ്ക്കുന്ന ത്രിരാഷ്ട്ര ട്വന്റി-20 പരമ്പര 13 മുതല്‍ തുടങ്ങും. 15ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയുടെ ന്യൂസിലന്‍ഡ് പര്യടനമാണ് മറ്റൊരു ക്രിക്കറ്റ് പോരാട്ടം.
► ഐപിഎല്‍ 19-ാം സീസണ്
മാര്‍ച്ച് 28 മുതല്‍ മേയ് 31വരെയാണ് ഐപിഎല്ലിന്റെ 19-ാം സീസണ് എന്ന് ബിസിസിഐ അറിയിച്ചു. എന്നാല്‍, മത്സര ഷെഡ്യൂള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ബംഗാള്‍, ആസാം, തമിഴ്നാട്, കേരളം എന്നിവിടങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഐപിഎല്‍ ഷെഡ്യൂള്‍ പ്രഖ്യാപിക്കാത്തത്. മാര്‍ച്ച് 26ന് 2026 ഐപിഎല്‍ സീസണ് ആരംഭിക്കുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍, തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കുകയായിരുന്നു.
► ഫിക്സ്ചര്‍ നാളെ
2026 ഐപിഎല്‍ ഫിക്സ്ചര്‍ നാളെ പ്രഖ്യാപിക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയാണ് ഇക്കാര്യം അറിയിച്ചത്. ‘’മാര്‍ച്ച് 12ന് ഐപിഎല്‍ 2026 ഷെഡ്യൂള്‍ പ്രഖ്യാപിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ആദ്യ 20 ദിവത്തെ ഷെഡ്യൂളാണ് പ്രഖ്യാപിക്കുക’’- ദേവജിത് സൈകിയ വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പുമായി ക്ലാഷ് ഉണ്ടാകാതിരിക്കാനാണ് ബിസിസിഐ ശ്രമം. ഏതായാലും വരുംദിനങ്ങളില്‍ ഐപിഎല്‍ മത്സരക്രമം വെളിപ്പെടുമെന്നു ചുരുക്കം.
► 10 മത്സരം കൂടുതല്‍
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സീസണ് ആയിരിക്കും 2026. ഫൈനല്‍ അടക്കം 84 മത്സരങ്ങള്‍ 19-ാം സീസണില്‍ അരങ്ങേറും. മുന്‍ സീസണില്‍ 74 മത്സരങ്ങളായിരുന്നു ഉണ്ടായിരുന്നത്. മേയ് 26 മുതലായിരിക്കും ഇത്തവണ പ്ലേ ഓഫ് പോരാട്ടങ്ങള്‍. അഹമ്മദാബാദ്, റായ്പുര്‍ എന്നിവിടങ്ങളില്‍ പ്ലേ ഓഫും നടക്കും. ലീഗിലെ 10 ടീമുകളും ഡബിള്‍ റൗണ്ട് റോബിന് രീതിയില്‍ രണ്ട് തവണ വീതം ഏറ്റുമുട്ടുന്നതാണ് പ്രാഥമിക റൗണ്ട്. 80 ലീഗ് മത്സരങ്ങളും ഫൈനല്‍ അടക്കം നാല് പ്ലേ ഓഫുമാണ് ഇത്തവണ ഉണ്ടാകുക.
► ബംഗളൂരു x പഞ്ചാബ്
മുന്‍ വര്‍ഷത്തെ ഫൈനലിന്റെ തനിയാവര്‍ത്തനത്തിലൂടെയാണ് ഓരോ സീസണ് ഐപിഎല്‍ പോരാട്ടവും തുടങ്ങുക. അതാവര്‍ത്തിച്ചാല്‍ വിരാട് കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു, ശ്രേയസ് അയ്യറിന്റെ നേതൃത്വത്തിലുള്ള പഞ്ചാബ് കിംഗ്സിനെ ഉദ്ഘാടന മത്സരത്തില്‍ നേരിടും. 2025 ഐപിഎല്‍ ഫൈനലില്‍ പഞ്ചാബിനെ ആറ് റണ്‍സിനു കീഴടക്കി ബംഗളൂരു ചാമ്പ്യന്മാരായി. 18 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം കോഹ്ലിയുടെ ആര്‍സിബിക്ക് അതോടെ ഐപിഎല്‍ കന്നിക്കിരീടം.
ആര്‍സിബിയുടെ ട്രോഫി ടൂറിനിടെ ഉണ്ടായ തിക്കിലുംതിരക്കിലുംപെട്ട് 11 പേര് മരിച്ചതോടെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിനുണ്ടായ വിലക്ക് ഇപ്പോൾ നീങ്ങിയിട്ടുണ്ട്. ഇത്തവണ ഫൈനല്‍ ചിന്നസ്വാമിയില്‍ അരങ്ങേറിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
► സിഎസ്കെ സഞ്ജു
2026 ഐസിസി ട്വന്റി-20 ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ് ചെന്നൈ സൂപ്പര്‍ കിംഗ്സിനായി ഇറങ്ങുന്ന ആദ്യ സീസണ് ആണിത്തവണത്തേത്. രാജസ്ഥാന് റോയല്‍സില്‍നിന്ന് 18 കോടി രൂപയ്ക്ക് ട്രാന്‍സ്ഫറിലൂടെയാണ് സഞ്ജു സിഎസ്കെയില്‍ എത്തിയത്. ലോകകപ്പ് പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായത്, സഞ്ജുവിന്റെ താരമൂല്യത്തില്‍ കുതിപ്പുണ്ടാക്കുമെന്നതില് തര്‍ക്കമില്ല.
ഇന്ത്യയെ ലോകകപ്പില്‍ എത്തിച്ചതുപോലുള്ള മിന്നും ഇന്നിംഗ്സുകളാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ആരാധകര്‍ സഞ്ജുവില്നിന്നു പ്രതീക്ഷിക്കുന്നത്. ആ പ്രതീക്ഷ കാക്കുകയാണ് സഞ്ജുവിനു മുന്നിലെ വെല്ലുവിളി. 2023 എഡിഷനിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് അവസാനമായി ഐപിഎല്‍ ചാമ്പ്യന്മാരായത്. ഐപിഎല്‍ ഏറ്റവും കൂടുതല്‍ നേടിയ റിക്കാര്‍ഡ് മുംബൈ ഇന്ത്യന്‍സിനൊപ്പം (5) പങ്കിടുകയാണ് സിഎസ്കെ.
ടീമുകള്‍ ഐപിഎല്‍ 2026 സീസണ് മുന്നൊരുക്കം തുടങ്ങിക്കഴിഞ്ഞു. ചെന്നൈ സൂപ്പര്‍ കിംഗ്സ് അവരുടെ ഹൈ-പെര്‍ഫോമന്‍സ് സെന്ററില്‍ മാര്‍ച്ച് ഒന്നു മുതല്‍ പരിശീലനം ആരംഭിച്ചു. ക്യാപ്റ്റന്‍ ഋതുരാജ്, എം.എസ്. ധോണി എന്നിവരുടെ നേതൃത്വത്തിലാണ് ടീം പരിശീലനം.
നിലവിലെ ചാമ്പ്യന്മാരായ ആര്‍സിബി ഫെബ്രുവരി 10ന് മുംബൈ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ പരിശീലനം തുടങ്ങിവച്ചു. പഞ്ചാബ് കിംഗ്സ് അബുദാബിയിലായിരുന്നു ആദ്യഘട്ട പരിശീലനം. നിലവില്‍ ധരംശാലയില്‍ പരിശീലനം തുടരുന്നു. മുംബൈ ഇന്ത്യന്‍സ്, ഗുജറാത്ത് ടൈറ്റന്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, ലക്നോ സൂപ്പര്‍ ജയന്റ്സ് ടീമുകളെല്ലാം പരിശീലനം ആരംഭിച്ചിട്ടുണ്ട്.
Tags : IPL season T20 Cricket