ജയ്പുര്‍: ചെന്നൈ സൂപ്പര്‍ കിംഗ്സിനു സഞ്ജു സാംസനെ കൈമാറിയ രാജസ്ഥാന് റോയല്‍സ്, പകരം സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെയും പേസ് ഓള്‍റൗണ്ടര്‍ സാം കറനെയും സ്വന്തമാക്കി. സഞ്ജു എന്ന വിക്കറ്റ് കീപ്പര്‍ ബാറ്ററിനു പകരം രണ്ട് ഓള്‍റൗണ്ടര്‍മാര്‍ രാജസ്ഥാന് ക്യാമ്പില്‍ എത്തിയെന്നു ചുരുക്കം.
2008ലെ പ്രഥമ ഐപിഎല്ലില്‍ രാജസ്ഥാന് റോയല്സിനുവേണ്ടിയായിരുന്നു രവീന്ദ്ര ജഡേജ അരങ്ങേറ്റം നടത്തിയത്. അന്ന് ടീം കിരീടം സ്വന്തമാക്കിയപ്പോള്‍ നിര്‍ണായക പ്രകടനം കാഴ്ചവച്ചിരുന്നു. അന്ന് രാജസ്ഥാന് ക്യാപ്റ്റനായിരുന്ന ഷെയ്ന് വോണ്‍ റോക്സ്റ്റാര്‍ എന്നായിരുന്നു ജഡേജയെ വിശേഷിപ്പിച്ചത്. റോക്സ്റ്റാര്‍ 17 ഐപിഎല്‍ സീസണുകള്‍ക്കുശേഷം രാജസ്ഥാനിലേക്കു തിരിച്ചെത്തിയിരിക്കുന്നു.
ദളപതി
രവീന്ദ്ര ജഡേജയെ സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് രാജസ്ഥാന് ഫ്രാഞ്ചൈസി. ‘ദളപതി’യെന്ന വിശേഷണത്തോടെയാണ് 36കാരനായ ജഡേജയുടെ വരവ് രാജസ്ഥാന് റോയല്‍സ് സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്.
2008, 2009 ഐപിഎല്‍ സീസണുകളില്‍ രാജസ്ഥാനിലായിരുന്ന ജഡേജ, 2011ല്‍ കൊച്ചി ടസ്കേഴ്സിലേക്കു കൂടുമാറി. 2012ല്‍ അക്കാലത്തെ റിക്കാര്‍ഡ് ലേലമായ 9.8 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ എത്തി. 2022 ഐപിഎല്ലില്‍ ധോണിയുടെ പിന്‍ഗാമിയായി സിഎസ്കെയുടെ ക്യാപ്റ്റന്‍ സ്ഥാനം. ക്യാപ്റ്റന്‍സിയില്‍ ശോഭിച്ചില്ല.
കഠിന തീരുമാനം
“ചെന്നൈ സൂപ്പര്‍ കിംഗ്സ് ഫ്രാഞ്ചൈസിയുടെ കഠിനവും വിഷമമേറിയതുമായ തീരുമാനമാണ് രവീന്ദ്ര ജഡേജയെ കൈവിട്ടത്. പരസ്പര ധാരണയാലാണ് തീരുമാനം. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ചെന്നൈയുടെ വിജയത്തില്‍ ജഡേജ നിര്‍ണായകമായിരുന്നു”- സിഎസ്കെ എംഡി കാശി വിശ്വനാഥന്.
ഐപിഎല്ലില്‍ 254 മത്സരങ്ങളുടെ പരിചയം രവീന്ദ്ര ജഡേജയ്ക്കുണ്ട്. അഞ്ച് അര്‍ധസെഞ്ചുറി ഉള്‍പ്പെടെ 3260 റണ്‍സ് നേടി. 77 നോട്ടൗട്ടാണ് ഉയര്‍ന്ന സ്കോര്‍. 170 വിക്കറ്റും സ്വന്തമാക്കി. 5/16 ആണ് മികച്ച ബൗളിംഗ്.
Tags : Rockstar Returns IPL T-20 cricket IPL Chennai superkings rajastan royals