കൊളംബോ: ടി20 ലോകകപ്പിൽ പാകിസ്ഥാന് ഇന്ന് നിലനിൽപ്പിനായുള്ള പോരാട്ടം. സൂപ്പർ 8 പ്രതീക്ഷകൾ നിലനിർത്താൻ പാകിസ്ഥാന്റെ സൽമാൻ അലി ആഗയ്ക്കും സംഘത്തിനും ഇന്ന് നമീബിയയെ പരാജയപ്പെടുത്തിയേ തീരൂ.
കൊളംബോയിലെ സിംഹളീസ് സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ വച്ചാണ് നമീബിയയെ നേരിടുന്നത്. ബാറ്റിംഗിനെ തുണയ്ക്കുന്ന പിച്ചാണ് സിംഹളീസ് സ്പോര്‍ട്സ് ഗ്രൗണ്ടിലേത്. ഇന്ത്യൻ സമയം വൈകുന്നേരം മൂന്നിനാണ് പാകിസ്ഥാന്-നമീബിയ പോരാട്ടം. ഇന്ത്യയോടേറ്റ 61 റൺസിന്റെ കനത്ത ദയനീയ തോൽവി പാക് നിരയുടെ ആത്മവിശ്വാസം തകർത്തിട്ടുണ്ട്.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ നമീബിയയെ തോൽപ്പിച്ചാൽ മാത്രമേ പാക് ടീമിന് സൂപ്പർ 8 സാധ്യതകൾ സജീവമാക്കാൻ സാധിക്കൂ. ടീമിലെ സൂപ്പര്‍ താരങ്ങളായ ബാബർ അസമും ഷഹീൻ അഫ്രീദിയും ഫോമിലല്ലാത്തത് പാകിസ്ഥാനെ വലയ്ക്കുന്നുണ്ട്.
ടൂർണമെന്റിൽ നിന്ന് ഇതിനോടകം പുറത്തായ നമീബിയയ്ക്ക് ഇത് അഭിമാന പോരാട്ടമാണ്. തുടർച്ചയായ മൂന്ന് തോൽവികൾ ഏറ്റുവാങ്ങിയ അവർക്ക് പാകിസ്ഥാനെ അട്ടിമറിച്ചുകൊണ്ട് ലോകകപ്പിനോട് വിടപറയാനാകും ശ്രമം. കൊളംബോയിൽ മേഘാവൃതമായ അന്തരീക്ഷമായതിനാൽ മഴ പെയ്യാൻ സാധ്യതയുണ്ട്. മഴ മൂലം മത്സരം ഉപേക്ഷിക്കേണ്ടിവന്നാല്‍ ഇരു ടീമുകളും പോയന്റ് പങ്കിടും. ഈ സാഹചര്യത്തില്‍ അഞ്ച് പോയന്റുമായി പാകിസ്ഥാന് അമേരിക്കയെ മറികടന്ന് സൂപ്പര്‍ 8ൽ എത്തും.