ശരിക്കും മുംബൈ ഇന്ത്യന്‍സിന്റെ പ്രശ്നം എന്താണ്...? ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയോ..? ജസ്പ്രീത് ബുംറ-ട്രെന്റ് ബോള്‍ട്ട് എന്നീ ലോകോത്തര ബൗളര്‍മാര്‍ പല്ലുകൊഴിഞ്ഞ സിംഹങ്ങളായി മാറിയതോ..? എത്ര വലിയ സ്കോര്‍ പടുത്തുയര്‍ത്തിയാലും ജയിക്കാന്‍ സാധിക്കാത്ത ബലഹീന ബൗളിംഗാണ് മുംബൈ ഇന്ത്യന്‍സിന്റേത് എന്ന് ഐപിഎല്‍ 19-ാം സീസണില്‍ വീണ്ടും തെളിയുന്നു. അഞ്ച് തവണ ഐപിഎല്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് മുന്നോട്ടുവച്ച 244 റണ്‍സ് എന്ന ലക്ഷ്യം കഴിഞ്ഞദിവസം സണ്‍റൈസേഴ്സ് ഹൈദരാബാദ് 18.4 ഓവറിൽ മറികടന്നു.
മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെ ഏറ്റവും ഉയര്‍ന്ന റണ്‍ ചേസിംഗ്, ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നാലാമത്തെ റണ്‍ ചേസിംഗ് തുടങ്ങിയ റിക്കാര്‍ഡുകള്‍ അന്നു പിറന്നു. പവര്‍പ്ലേയില്‍ മുംബൈ വഴങ്ങിയ 92 റണ്‍സ് അവരുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്നതാണെന്നതും ശ്രദ്ധേയം. ഇതിന്റെ ഉത്തരവാദികള്‍ ജസ്പ്രീത് ബുംറയും ട്രെന്റ് ബോള്‍ട്ടും നയിച്ച ബൗളിംഗ് ആണെന്നതില്‍ തര്‍ക്കമില്ല.
ബുംറയ്ക്ക് എന്തുപറ്റി
പരിക്കിനുശേഷം തിരിച്ചെത്തിയ ജസ്പ്രീത് ബുംറയുടെ ബൗളിംഗ് ആക്രമണത്തിന്റെ മൂര്‍ച്ച കുറഞ്ഞെന്നതു വാസ്തവം. 2024 ഐസിസി ട്വന്റി-20 ലോകകപ്പ് കിരീടം ഇന്ത്യ നേടുന്നതില്‍ നിര്‍ണായകമായത് ബുംറയുടെ തീതുപ്പിയ പന്തുകളായിരുന്നു. എന്നാല്‍, 2026 ഐസിസി ട്വന്റി-20 ലോകകപ്പിനു മുമ്പുതന്നെ ബുംറയുടെ തിളക്കം നഷ്ടപ്പെട്ടു. അതിന്റെ ബാക്കിപത്രമാണ് ഇപ്പോള്‍ 19-ാം സീസണ് ഐപിഎല്ലില്‍ കണ്ടുവരുന്നത്.
സണ്‍റൈസേഴ്സ് ഹൈദരാബാദിന് എതിരായ മത്സരത്തില്‍ നാല് ഓവറില്‍ 54 റണ്‍സ് വഴങ്ങിയ ബുംറ വിക്കറ്റ് നേടിയില്ല. അഞ്ച് സിക്സാണ് ബുംറ വഴങ്ങിയത്. ട്വന്റി-20 ചരിത്രത്തില്‍ ഇതിനു മുമ്പ് മൂന്നു തവണ ബുംറ 50+ റണ്‍സ് വഴങ്ങിയിട്ടുണ്ട്. 2015 ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് എതിരേ 55, 2021ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് എതിരേ 56, ഐസിസി ട്വന്റി-20 ലോകകപ്പിനു മുമ്പായി തിരുവനന്തപുരത്ത് ന്യൂസിലന്‍ഡിന് എതിരായ മത്സരത്തില്‍ 58.
2026 ഐപിഎല്ലില്‍ എട്ട് മത്സരങ്ങള്‍ കളിച്ച ബുംറ 180 പന്ത് എറിഞ്ഞു. 264 റണ്‍സ് വഴങ്ങി. നേടിയത് രണ്ട് വിക്കറ്റ് മാത്രം. 8.80 ആണ് ഇക്കോണമി. 2015നുശേഷം ബുംറയുടെ ഏറ്റവും മോശം ഇക്കോണമിയാണിത്. 2015 സീസണില്‍ നാല് മത്സരം മാത്രം കളിച്ച ബുംറയുടെ ഇക്കോണമി 12.26 ആയിരുന്നു. എന്നാല്‍, പിന്നീട് ബുംറ കത്തിക്കയറി. ആ കത്തല് ഇത്തവണ ഇല്ലാതായി. 2025 ഐപിഎല്ലില്‍ 6.68 ഇക്കോണമിയില്‍ 18 വിക്കറ്റ് ബുംറയ്ക്കുണ്ടായിരുന്നു.
ബോള്‍ട്ട് ഇളകി
2026 സീസണില്‍ ട്രെന്റ് ബോള്‍ട്ടും തികച്ചും ഫോം ഔട്ടാണ്. നാല് മത്സരത്തില്‍ മാത്രമാണ് ബോള്‍ട്ട് ഇതുവരെ ഇറങ്ങിയത്. 78 പന്ത് എറിഞ്ഞു. 151 റണ്‍സ് വഴങ്ങി. വീഴ്ത്തിയത് വെറും രണ്ട് വിക്കറ്റ്. ഇക്കോണമി 11.62. ന്യൂസിലന്‍ഡ് പേസറിന്റെ 2015 മുതലുള്ള ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായാണ് ഇക്കോണമി 10നു മുകളില്‍ കയറുന്നത്. 2025 സീസണില്‍ 8.97 ഇക്കോണമിയില്‍ 22 വിക്കറ്റ് വീഴ്ത്തിയ പേസറാണ് ബോള്‍ട്ട് എന്നതും ശ്രദ്ധേയം.
ജസ്പ്രീത് ബുംറ
2026 ഐപിഎൽ
മത്സരം: 08
വിക്കറ്റ്: 02
വഴങ്ങിയ റണ്‍സ്: 264
ഇക്കോണമി: 8.80
ട്രെന്റ് ബോൾട്ട്
2026 ഐപിഎൽ
മത്സരം: 04
വിക്കറ്റ്: 02
വഴങ്ങിയ റണ്‍സ്: 151
ഇക്കോണമി: 11.62
Tags : Toothless lions IPL T20 cricket jasprit bumrah