ചിന്താവിഷയം
പത്തൊൻപതാം നൂറ്റാണ്ടിലെ യൂറോപ്പിൽ യുദ്ധവിജയങ്ങൾ വലിയ ആഘോഷവേളകളായിരുന്നു. വിജയികളായ സൈനികമേധാവികൾക്ക് അവിടെ സ്മാരകങ്ങൾ ഉയർന്നു. അവരുടെ വീരകഥകൾ ചരിത്രപുസ്തകങ്ങളിൽ സ്ഥാനംപിടിച്ചു. രാജ്യങ്ങളുടെ മഹത്വം പലപ്പോഴും സൈനികശക്തിയുടെ അടിസ്ഥാനത്തിലായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. എന്നാൽ, യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെയും അനാഥരായ കുട്ടികളുടെയും തകർന്നുപോയ ജീവിതങ്ങളുടെയും കഥകൾക്കു വേണ്ടത്ര പ്രാധാന്യം ലഭിച്ചില്ല.
ഈ സാഹചര്യത്തിലാണ് ഒരു സ്ത്രീ യുദ്ധത്തെക്കുറിച്ച് വ്യത്യസ്തങ്ങളായ ചോദ്യങ്ങൾ ഉന്നയിച്ചത്. യുദ്ധത്തിൽ ആരാണ് വിജയിച്ചത് എന്നതിനേക്കാൾ എത്ര മനുഷ്യജീവിതമാണ് തകർന്നത് എന്നറിയാനായിരുന്നു അവർക്കു താത്പര്യം. ആ സ്ത്രീയായിരുന്നു ബെർന്ന ഫോൺ സൂട്ട്നർ.
1843ൽ അന്നത്തെ ഓസ്ട്രിയൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന പ്രാഗിൽ ഒരു പ്രഭുകുടുംബത്തിലാണ് ബെർന്ന ജനിച്ചത്. കുടുംബത്തിന്റെ സാന്പത്തികസ്ഥിതി മോശമായതോടെ അവർ അധ്യാപികയായും എഴുത്തുകാരിയായും പ്രവർത്തിച്ചു. 1876ൽ പാരീസിൽ ആൽഫ്രഡ് നൊബേലിന്റെ സെക്രട്ടറിയായി കുറച്ചുകാലം ജോലി ചെയ്തു. പിന്നീട് ആർതർ ഫോൺ സൂട്ട്നറെ വിവാഹം കഴിച്ചു. നൊബേലുമായുള്ള സൗഹൃദവും കത്തിടപാടുകളും തുടർന്നുള്ള വർഷങ്ങളിലും നിലനിന്നു.
യുദ്ധത്തോടുള്ള സമൂഹത്തിന്റെ സമീപനം മാറ്റണമെന്ന് ബെർന്ന ആഗ്രഹിച്ചു. അതിനായി അവർ തെരഞ്ഞെടുത്ത പ്രധാന മാർഗം സാഹിത്യമായിരുന്നു. 1889ൽ പ്രസിദ്ധീകരിച്ച "ലേ ഡൗൺ യുവർ ആംസ്' എന്ന നോവൽ അവളുടെ ജീവിതത്തിലെ വഴിത്തിരിവായി. യുദ്ധങ്ങൾ മൂലം ദുരിതങ്ങൾ അനുഭവിക്കുന്ന മാർന്ന ആൽത്തൗസ് എന്ന സ്ത്രീയുടെ ജീവിതത്തിലൂടെയായിരുന്നു നോവൽ മുന്നോട്ടുപോയത്.
യുദ്ധഭൂമിയിലെ വീരസാഹസിക കഥകളല്ല ബെർന്ന അവതരിപ്പിച്ചത്. പ്രിയപ്പെട്ടവരുടെ മരണവും കുടുംബാംഗങ്ങളുടെ വേദനയും യുദ്ധം സൃഷ്ടിക്കുന്ന അനാഥത്വവും അവർ വായനക്കാർക്കു മുന്നിലെത്തിച്ചു. യുദ്ധത്തെ മഹത്വവത്കരിച്ചിരുന്ന സമൂഹത്തെ, അതിന്റെ മനുഷ്യവിലയെക്കുറിച്ച് ചിന്തിപ്പിക്കുവാൻ നോവലിനു കഴിഞ്ഞു. പല ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ട ഈ കൃതി യൂറോപ്പിലെ സമാധാന പ്രസ്ഥാനങ്ങൾക്ക് പുതിയ ഉണർവ് നല്കി. ബെർന്നയുടെ നേതൃത്വത്തിലാണു 1891ൽ ഓസ്ട്രിയൻ സമാധാനസംഘടന സ്ഥാപിക്കപ്പെട്ടത്.
ആൽഫ്രഡ് നൊബേലുമായുള്ള ബെർന്നയുടെ സൗഹൃദവും ശ്രദ്ധേയമാണ്. സ്ഫോടകവസ്തുക്കളുടെ കണ്ടുപിടിത്തങ്ങളിലൂടെ സന്പന്നനായ നൊബേലുമായി സമാധാനത്തിന്റെ ആവശ്യകതയെക്കുറിച്ച് ബെർന്ന നിരന്തരമായി ആശയവിനിമയം നടത്തി. സമാധാനപ്രവർത്തനങ്ങൾക്ക് നൊബേൽ സമ്മാനം ഏർപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തെ സ്വാധീനിച്ച വ്യക്തികളിലൊരാളായിരുന്നു ബെർന്ന. 1905ൽ അവർക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു. ഈ ബഹുമതി നേടിയ ആദ്യവനിതയായിരുന്നു അവർ.
1914 ജൂൺ 21ന് ബെർന്ന അന്തരിച്ചു. ഏതാനും ആഴ്ചകൾക്കുശേഷം ഒന്നാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടു. ജീവിതകാലം അവർ മുന്നറിയിപ്പ് നല്കിയിരുന്ന മഹാദുരന്തം യൂറോപ്പിനെ വിഴുങ്ങാൻ തുടങ്ങുകയായിരുന്നു. എന്നാൽ, യുദ്ധം തടയാൻ കഴിഞ്ഞില്ലെന്നതുകൊണ്ട് അവരുടെ പരിശ്രമങ്ങൾ അർഥശൂന്യമായില്ല. സമാധാനത്തിനുവേണ്ടിയുള്ള ചിന്തകൾക്കും പ്രസ്ഥാനങ്ങൾക്കും അവർ നല്കിയ പ്രചോദനം തുടർന്നും നിലനിന്നു.
ബെർന്നയുടെ ജീവിതത്തിൽനിന്നു നമുക്കു പഠിക്കാനുള്ളത് യുദ്ധത്തിനെതിരായ നിലപാട് മാത്രമല്ല; പ്രത്യുത, ആശയവിനിമയത്തിനുള്ള നമ്മുടെ കഴിവ് മറ്റുള്ളവരുടെ ചിന്തകളെയും മനോഭാവങ്ങളെയും മാറ്റാൻ എങ്ങനെ ഉപയോഗിക്കാമെന്നും അവർ നമ്മെ ഓർമിപ്പിച്ചു.
ഇന്ന് ആശയവിനിമയത്തിന്റെ സാധ്യതകൾ അദ്ഭുതകരമായി വർധിച്ചിരിക്കുന്നു. പത്രങ്ങളും ടെലിവിഷനും ഇന്റർനെറ്റും സാമൂഹികമാധ്യമങ്ങളും ലോകത്തെ പരസ്പരം ബന്ധിപ്പിക്കുന്നു. ഒരു സാധാരണ വ്യക്തിയുടെ സന്ദേശംപോലും നിമിഷങ്ങൾക്കുള്ളിൽ ആയിരക്കണക്കിനു മനുഷ്യരിലെത്താം. അറിവ് പങ്കുവയ്ക്കാനും നന്മ പ്രോത്സാഹിപ്പിക്കാനും ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനും ഈ മാധ്യമങ്ങൾ വലിയ അവസരമാണ് നല്കുന്നത്.
എന്നാൽ, ഈ ശക്തി എല്ലാവരും ഉത്തരവാദിത്വത്തോടെ ഉപയോഗിക്കുന്നുണ്ടോ? വ്യക്തിപരമായ പ്രശസ്തിക്കും സ്വാർഥതാത്പര്യങ്ങൾക്കുംവേണ്ടി മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുന്നവർ സാമൂഹ്യ മാധ്യമങ്ങളിലുണ്ട്. സ്ഥിരീകരിക്കാത്ത ആരോപണങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന ചിത്രങ്ങളും വിദ്വേഷം വളർത്തുന്ന സന്ദേശങ്ങളും അതിവേഗം പ്രചരിക്കുന്നു. വർഷങ്ങളിലൂടെ ഒരാൾ നേടിയെടുത്ത സൽപേര് തകർക്കാൻ ചിലപ്പോൾ ഒരു വ്യാജപ്രചാരണം മതിയാകും. എന്നാൽ, നഷ്ടപ്പെട്ട സൽപേര് വീണ്ടെടുക്കുക അത്ര എളുപ്പമല്ല.
മാധ്യമപ്രവർത്തനത്തിന്റെ അടിസ്ഥാനലക്ഷ്യം സത്യാന്വേഷണവും പൊതുനന്മയുമാണ്. ജനാധിപത്യസമൂഹത്തിൽ മാധ്യമങ്ങൾക്ക് വലിയ ഉത്തരവാദിത്വമുണ്ട്. അധികാരത്തിലുള്ളവരുടെ തെറ്റുകൾ ചൂണ്ടിക്കാണിക്കാനും അനീതികൾ പുറത്തു കൊണ്ടുവരാനും സാധാരണക്കാരുടെ ശബ്ദം അധികാരസ്ഥാനങ്ങളിൽ എത്തിക്കാനും മാധ്യമങ്ങൾക്കു കഴിയണം.
എന്നാൽ, വാർത്തകളുടെ പേരിൽ വ്യക്തിപരമായ താത്പര്യങ്ങൾ സംരക്ഷിക്കുകയോ മറ്റുള്ളവരുടെ സൽപേര് തകർക്കുകയോ ചെയ്യുന്പോൾ മാധ്യമപ്രവർത്തനം അതിന്റെ യഥാർഥ ലക്ഷ്യത്തിൽനിന്നു വ്യതിചലിക്കുന്നു. ജനങ്ങളുടെ വിശ്വാസമാണ് മാധ്യമങ്ങളുടെ ഏറ്റവും വലിയ സന്പത്ത്. ആ വിശ്വാസം നഷ്ടപ്പെട്ടാൽ സാങ്കേതികവിദ്യയുടെ വളർച്ചകൊണ്ടുമാത്രം മാധ്യമങ്ങൾക്കു സമൂഹത്തിൽ ക്രിയാത്മകമായ സ്വാധീനം ചെലുത്താനാവില്ല.
സോഷ്യൽ മീഡിയ എന്നു നാം വിളിക്കുന്ന സാമൂഹ്യ മാധ്യമങ്ങളുടെ കാര്യത്തിൽ ഈ ഉത്തരവാദിത്വം ഓരോ വ്യക്തിയിലേക്കും വ്യാപിച്ചിരിക്കുന്നു. മുന്പ് ഒരു വാർത്ത പൊതുജനങ്ങളിലെത്തിക്കാൻ പത്രത്തിന്റെയോ മറ്റു മാധ്യമങ്ങളുടെയോ സഹായം ആവശ്യമായിരുന്നു. ഇന്ന് സ്മാർട്ട് ഫോണുള്ള ആർക്കും വാർത്തകളും അഭിപ്രായങ്ങളും ചിത്രങ്ങളും പ്രചരിപ്പിക്കാൻ കഴിയും. എന്നാൽ ,അവ പങ്കുവയ്ക്കാനുള്ള സൗകര്യം വർധിച്ചതനുസരിച്ച് വിവേചനശക്തിയും വർധിക്കേണ്ടതായിട്ടുണ്ട്. കാരണം, നമുക്കു ലഭിക്കുന്ന എല്ലാ സന്ദേശങ്ങളും സത്യമായിരിക്കണമെന്നില്ല. നമ്മുടെ അഭിപ്രായങ്ങളോടു യോജിക്കുന്നതുകൊണ്ടുമാത്രം ഒരു ആരോപണം വിശ്വസിക്കാനോ പ്രചരിപ്പിക്കാനോ പാടില്ല. തെറ്റായ വിവരം അറിയാതെ പങ്കുവയ്ക്കുന്ന ഒരാൾ അതുണ്ടാക്കുന്ന തിന്മയിൽ പങ്കാളിയാകാം എന്നതു നാം മറക്കരുത്.
അഭിപ്രായവ്യത്യാസങ്ങൾ മനുഷ്യജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ, അവ വ്യക്തിവിദ്വേഷമായി മാറരുത്. തെറ്റുകളെയും അനീതികളെയും വിമർശിക്കേണ്ടത് ആവശ്യമാണ്. സത്യസന്ധമായ വിമർശനം സമൂഹത്തെ നന്നാക്കാൻ സഹായിക്കും. എന്നാൽ, തെളിവുകളില്ലാത്ത ആരോപണങ്ങളും വ്യക്തിഹത്യയും സമൂഹത്തിൽ അവിശ്വാസവും ശത്രുതയും വളർത്തുകയേ ചെയ്യൂ. മറ്റുള്ളവരെ പരാജയപ്പെടുത്താനുള്ള ആയുധമായി വാക്കുകളെ ഉപയോഗിക്കുന്നതിനു പകരം, പരസ്പരധാരണ വളർത്താനുള്ള മാർഗമായി അതു നാം മാറ്റണം.
വിശുദ്ധ പൗലോസ് എഴുതുന്നു: ""നിങ്ങളുടെ അധരങ്ങളിൽനിന്ന് തിന്മയുടെ വാക്കുകൾ പുറപ്പെടാതിരിക്കട്ടെ. കേൾവിക്കാർക്ക് ആത്മീയചൈതന്യം പ്രദാനം ചെയ്യുന്നതിനായി അവരുടെ ഉന്നമനത്തിനുതകും വിധം നല്ല കാര്യങ്ങൾ സന്ദർഭമനുസരിച്ച് സംസാരിക്കുവിൻ''(എഫേസോസ് 4:29). രണ്ടായിരം വർഷങ്ങൾക്കു മുൻപ് എഴുതപ്പെട്ട ഒരു സന്ദേശം സാമൂഹികമാധ്യമങ്ങളുടെ കാലഘട്ടത്തിൽ പ്രത്യേകം പ്രസക്തിയുള്ളതാണ്.
ഒരു സന്ദേശം പങ്കുവയ്ക്കുന്നതിനു മുന്പ് അതിന്റെ സത്യാവസ്ഥ അന്വേഷിക്കാൻ നാം മറക്കരുത്. ഒരാളെ നാം വിമർശിക്കുന്പോൾ അയാളുടെ മാന്യത നാം മാനിക്കണം. അഭിപ്രായവ്യത്യാസമുള്ളവരോട് ബഹുമാനത്തോടെ സംസാരിക്കണം. സമൂഹത്തിൽ നന്മ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കാനും തെറ്റിദ്ധാരണകൾ അകറ്റാനും സൗഹൃദം വളർത്താനുമായിരിക്കണം നമ്മുടെ ആശയവിനിമയ ശേഷി ഉപയോഗിക്കേണ്ടത്.
യേശു പറഞ്ഞു: ""സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവപുത്രരെന്നു വിളിക്കപ്പെടും'' (മത്തായി 5:9). സമാധാനം ആഗ്രഹിക്കുന്നതും സമാധാനം സ്ഥാപിക്കുന്നതും വ്യത്യസ്തമാണ്. സമാധാനം സ്ഥാപിക്കാൻ നമ്മുടെ വാക്കുകളിലും പ്രവൃത്തികളിലും ബോധപൂർവമായ ശ്രമം ആവശ്യമാണ്.
ബെർന്നയുടെ കൈവശമുണ്ടായിരുന്നത് ഒരു തൂലികയായിരുന്നു. എന്നാൽ, ഇന്നു ലോകത്തെ മുഴുവൻ ബന്ധിപ്പിക്കാൻ കഴിയുന്ന ആശയവിനിമയ സാധ്യതകളാണ് നമുക്കു ലഭ്യമായിരിക്കുന്നത്. അവ ഉപയോഗിച്ച് മനുഷ്യർക്കിടയിൽ വിദ്വേഷത്തിന്റെ മതിലുകൾ പണിയണോ അതോ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പാലങ്ങൾ നിർമിക്കണമോ എന്നു തീരുമാനിക്കേണ്ടതു നമ്മളാണ്! അതു നമ്മുടെ ഓർമയിലുണ്ടായിരിക്കട്ടെ.
Tags : SUNDAY DEEPIKA